വീട്ടിൽ ക്രിസ്തുമസ് അലങ്കാരങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനം കൂടി നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ബ്രിസ് ബൈനിലെ ഒരു കുടുംബം. വീട്ടിൽ ഒരുക്കുന്ന ക്രിസ്തുമസ് അലങ്കാരങ്ങൾ ആസ്വദിക്കാൻ ഓരോ വർഷവും നിരവധി പേർ എത്താൻ തുടങ്ങിയതിനെക്കുറിച്ചും, ഇതിലൂടെ അല്പം ജീവകാരുണ്യ പ്രവർത്തനം കൂടി ചെയ്യുന്നതിനെക്കുറിച്ചും ബ്രിസ് ബൈനിലുള്ള ബിബിൻ ക്ളീറ്റസും ഭാര്യ മേരി ആൻ ക്ളീറ്റസും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
മനോഹരമായ ക്രിസ്തുമസ് അലങ്കാരങ്ങൾ കൊണ്ട് കാഴ്ചക്കാർക്ക് വര്ണശബളമായ വിരുന്നൊരുക്കി അഞ്ചു വർഷം മുൻപാണ് ബ്രിസ്ബൈനിലെ വാർണർ ലെയ്ക്സിലുള്ള ബിബിൻ ക്ളീറ്റസിന്റെ വീട് ശ്രദ്ധേയമായത്.
ഓരോ വർഷവും ഒക്ടോബർ മാസത്തിൽ ക്രിസ്തുമസിനുള്ള അലങ്കാരങ്ങൾ പൂർത്തിയാകുന്ന ഇവരുടെ വീട്ടിലേക്ക് ദിവസവും ഇരുനൂറോളം കാഴ്ചക്കാരാണ് എത്തുന്നതെന്ന് ബിബിൻ പറഞ്ഞു.
വാർണർ ലെയ്ക്സിന്റെ സമീപ പ്രദേശത്തുള്ള കുടുംബങ്ങൾ മാത്രമല്ല ഇവിടെയെത്തുന്നത്. ദൂരെയുള്ള സ്കൂളുകളിൽ നിന്ന് കുട്ടികൾ ബസ്സിലും എത്താറുണ്ട്.
ഡിസബിലിറ്റി കേന്ദ്രങ്ങളിൽ നിന്നും ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ നിന്നുമെല്ലാം ക്രിസ്തുമസ് അലങ്കാരങ്ങൾ ആസ്വദിക്കാൻ സന്ദർശകർ പതിവാണ്.
ഇത്തരത്തിൽ വലിയ ആൾകൂട്ടം വീട്ടിൽ എത്താൻ തുടങ്ങിയതോടെയാണ് ഇതിലൂടെ അല്പം ജീവകാരുണ്യ പ്രവർത്തനം കൂടി ആകാമല്ലോ എന്ന് ചിന്തിച്ചതെന്ന് ബിബിൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഓരോ വർഷവും ക്രിസ്തുമസ് അലങ്കാരങ്ങൾ ഒരുക്കുന്നതിനായി നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് ബിബിനും ഭാര്യ മേരി ആൻ ക്ളീറ്റസും എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം പ്ലെയറിൽ നിന്ന്.