ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ വിസ റദ്ദാക്കി തിരിച്ചയച്ചത് ലോകത്തെങ്ങും ചര്‍ച്ചയാകുമ്പോഴും, ഓസ് ട്രേലിയയ്ക്ക് ഇത് അപൂര്‍വ സംഭവമല്ല. നാടുകടത്തിയും, പുറത്താക്കിയും ഓരോ വര്‍ഷവും ഓസ് ട്രേലിയ തിരിച്ചയയ്ക്കുന്നത് ആയിരക്കണക്കിന് പേരെയാണ്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഓസ് ട്രേലിയയില്‍ നിന്ന് ഒരാളെ നാടുകടത്തുക എന്നറിയാം.
ഒരാഴ്ചക്കിടെ രണ്ടു തവണ വിസ റദ്ദാക്കല്‍ നേരിട്ട ശേഷമാണ് ഒന്നാം നമ്പര്‍ ടെന്നീസ് താരവും, ലോകത്തിലെ ഏറ്റവും പ്രമുഖ കായികതാരങ്ങളിലൊരാളുമായ നൊവാക് ജോക്കോവിച്ചിനെ മെല്‍ബണില്‍ നിന്ന് തിരിച്ചയച്ചത്.
ആദ്യതവണ കോടതി ജോക്കോവിച്ചിന് അനുകൂല നിലപാടെടുത്തെങ്കിലും, കുടിയേറ്റകാര്യമന്ത്രി തന്റെ സവിശേഷ അധികാരങ്ങള്‍ ഉപയോഗിച്ച് വീണ്ടും വിസ റദ്ദാക്കിയപ്പോള്‍ അതില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, സാമാന്യബോധത്തിന്റെയും കാഴ്ചപ്പാടിന്റെയും (common sense and perception) അടിസ്ഥാനത്തിലും വിസ റദ്ദാക്കാന്‍ കുടിയേറ്റമന്ത്രിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഓസ്ട്രേലിയയില്‍ നിന്ന് പുറത്താക്കല്‍ നടപടി നേരിടുന്ന ആയിരക്കണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ് നൊവാക്ക് ജോക്കോവിച്ച്.
വിവിധ കാരണങ്ങളാല്‍ വിസ റദ്ദാക്കി ആയിരക്കണക്കിന് പേരെ ഓരോ വര്‍ഷവും ഓസ്ട്രേലിയയില്‍ നിന്ന് നാടുകടത്തുകയോ പുറത്താക്കുകയോ ചെയ്യാറുണ്ട് എന്ന് കുടിയേറ്റകാര്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യാന്തര യാത്രകളും കുടിയേറ്റവും അപൂര്‍വമായിരുന്ന 2020-21ല്പോലും 650 പേരെയാണ് ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചയച്ചത്.
ഇതില്‍ 25ഓളം ഇന്ത്യന്‍ പൗരന്മാരുമുണ്ട്.
പുറത്താക്കലും നാടുകടത്തലും
വിസ റദ്ദാക്കുന്നവരെ ഓസ്ട്രേലിയയില്‍ നിന്ന് നാടു കടത്തുന്നു എന്നാണ് പൊതുവില്‍ പറയുന്നതെങ്കിലും, രണ്ടു തരത്തില്‍ ഇത് ചെയ്യാന്‍ സര്‍ക്കാരിന് കഴിയും.
ഒന്ന് പുറത്താക്കലും (removal), രണ്ടാമത്തേത് നാടു കടത്തലും (deportation).
ഇതില്‍ നാടുകടത്തല്‍ അഥവാ deportation പെര്‍മനന്റ് റെസിഡന്റ്സി വിസയുള്ളവര്‍ക്കാണ് ബാധകം. മറ്റു വിസകളിലുള്ളവരെയും, വിസയില്ലാത്തവരെയുമെല്ലാം ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചയയ്ക്കാന്‍ പുറത്താക്കല്‍ അഥവാ removal നടപടിയാണ് പൊതുവില്‍ സ്വീകരിക്കുന്നത്.
ഒരു പെര്‍മനന്റ് റെസിഡന്റിനെ നാടു കടത്തണമെങ്കില്‍ കുടിയേറ്റകാര്യ നിയമത്തിന്റെ 206ാം വകുപ്പ് പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം.
എന്നാല്‍ പുറത്താക്കലിന് ഇത്തരമൊരു പ്രത്യേക ഉത്തരവ് ആവശ്യമില്ല. വിസ റദ്ദാക്കിക്കഴിഞ്ഞാല്‍ അടുത്ത ഘട്ടം സ്വാഭാവിക നടപടിയാണ് ഇത്.
You may like it:
പുറത്താക്കല്‍ എപ്പോഴെല്ലാം
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശപൗരന്മാരെയാണ് പുറത്താക്കല്‍ നടപടിക്ക് വിധേയരാക്കുന്നത്. അതായത്, വിസയില്ലാതെ രാജ്യത്തെത്തുന്നവരെയും, ഏതെങ്കിലും കാരണവശാല്‍ വിസ റദ്ദാകുന്നവരെയും പുറത്താക്കും.
വിവിധ കാരണങ്ങളാല്‍ ഒരാളെ അനധികൃത താമസക്കാരന് എന്ന് കണക്കാക്കാം. ചില ഉദാഹരണങ്ങള്‍:
- വിസയില്ലാതെ ഓസ്ട്രേലിയയില്‍ എത്തുക
- താല്‍ക്കാലിക വിസ കാലാവധി കഴിഞ്ഞ ശേഷവും ഓസ്ട്രേലിയയില്‍ തുടരുക
- തെറ്റായ രേഖകളോ, വിവരങ്ങളോ സമര്‍പ്പിച്ച് രാജ്യത്തേക്ക് പ്രവേശനം നേടുക
- സ്വഭാവപരിശോധനയില് (character requirements) പരാജയപ്പെടുക.
- നിരോധിത വസ്തുക്കളോ, ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുക്കളോ രാജ്യത്തേക്ക് കൊണ്ടുവരികയോ, അതേക്കുറിച്ച് കള്ളം പറയുകയോ ചെയ്യുക.
അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശപൗരനാണെന്ന് കണ്ടെത്തുന്നയാളെ ഉടന്‍ തന്നെ പൊലീസ് കുടിയേറ്റകാര്യ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കും.
അവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് കയറ്റി അയയ്ക്കും.
ഈ നടപടിയാണ് നൊവാക് ജോക്കോവിച്ച് നേരിട്ടത്.
ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാകും മുമ്പ് ബ്രിഡ്ജിംഗ് വിസയ്ക്ക് അപേക്ഷിക്കാന്‍ പലര്‍ക്കും അവസരം ലഭിക്കും. ബ്രിഡ്ജിംഗ് വിസ-E ലഭിച്ചാല്‍ കുറച്ചുകാലം കൂടി രാജ്യത്ത് തുടരാനും, മറ്റു വിസകള്‍ക്ക് അപേക്ഷിക്കാനും കഴിയും.
നാടുകടത്തല്‍ എപ്പോള്‍?
പുറത്താക്കലില്‍ നിന്ന് വ്യത്യസ്തമാണ് നാടുകടത്തല്‍. ഓസ്ട്രേലിയന്‍ PR വിസ ഉള്ളവരെയാണ് നാടുകടത്തലിന് വിധേയരാക്കുന്നത്.
നാടുകടത്തലിന് വിവിധ കാരണങ്ങളുണ്ടെങ്കിലും, ഏറ്റവും പ്രധാന കാരണം ക്രിമിനല്‍ കേസില്‍ കുറ്റക്കാരനായി കണ്ടെത്തുക എന്നതാണ്.
12 മാസത്തേക്കെങ്കിലും ശിക്ഷ ലഭിക്കാന്‍ തക്കതായ കുറ്റം ചെയ്തു എന്ന് കോടതിയില്‍ തെളിഞ്ഞാല്‍, അയാളുടെ വിസ റദ്ദാക്കാന്‍ കുടിയേറ്റകാര്യമന്ത്രിക്ക് അധികാരമുണ്ട്.
ഓസ്ട്രേലിയന്‍ സമൂഹത്തിനും പൗരന്മാര്ക്കും ഭീഷണിയാണ് എന്ന് തെളിയുന്നവരെയും സര്‍ക്കാരിന് നാടുകടത്താന്‍ കഴിയും.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഇതിന് കുടിയേറ്റകാര്യമന്ത്രി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം.
ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, നാടുകടത്തല്‍ നേരിടുന്നയാളെ പൊലീസ് ഉടനടി അറസ്റ്റ് ചെയ്യും. അതിന് പ്രത്യേകം വാറന്റ് ആവശ്യമില്ല.
തുടര്‍ന്ന് പൌരത്വുമുള്ള നാട്ടിലേക്ക് കയറ്റിയയ്ക്കും.
നാടുകടത്തലോ പുറത്താക്കലോ നേരിടുന്നവര്‍ക്ക് പിന്നീട് വീണ്ടും ഓസ്ട്രേലിയയിലേക്ക് എത്തുന്നത് അത്ര എളുപ്പമാകില്ല. പലപ്പോഴും തിരിച്ചയയ്ക്കുന്നതിനൊപ്പം പ്രവേശന വിലക്കും ഉണ്ടാകും.
PR ഉള്ളവരെ നാടു കടത്തുകയാണെങ്കില്‍ ആജീവനാന്ത പ്രവേശന വിലക്കിനും സാധ്യതയുണ്ട്.
അപ്പീല്‍ നടപടികള്‍
വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ (AAT) അപ്പീല്‍ നല്‍കാം. എന്നാല്‍, സ്വഭാവപരിശോധനയില് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി നേരിട്ടാണ് വിസ റദ്ദാക്കുന്നതെങ്കില്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ പോകാന്‍ കഴിയില്ല.
കോടതിയെ സമീപിക്കുക മാത്രമാണ് പോംവഴി.
ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയും.