Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

കുടിയേറ്റം സജീവമാക്കാന്‍ ഓസ്‌ട്രേലിയ: 2022ല്‍ വരുന്ന വിസ നിയമമാറ്റങ്ങള്‍ അറിയാം...

Source: SBS News

കൊവിഡ്-19 ബാധ മൂലം കുടിയേറ്റരംഗത്തു വന്ന കനത്ത ഇടിവ് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ് ട്രേലിയ 2022ലേക്ക് കടക്കുന്നത്. എന്തൊക്കെയാണ് ഈ വര്‍ഷം നടപ്പാക്കാനായി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള കുടിയേറ്റ നിയമമാറ്റങ്ങള്‍ എന്ന് അറിയാം.

കൊവിഡ്-19 ബാധ മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങളും, യാത്രാ നിരോധനങ്ങളുമെല്ലാം കാരണം ചരിത്രത്തില്‍ ഇതുവരെയില്ലാതിരുന്ന തരത്തിലെ ഇടിവാണ് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തില്‍ ഉണ്ടായത്.

എന്നാല്‍ 2022ല്‍ കുടിയേറ്റരംഗം വീണ്ടും ഊര്‍ജ്ജിതമാകും എന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കുടിയേറ്റ നിരക്ക് കുറവായിരിക്കുമെങ്കിലും, 2022-23 ആകുമ്പോള്‍ അത് സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഡിസംബറില്‍ ട്രഷറി വകുപ്പ് പുറത്തിറക്കിയ അര്‍ദ്ധവാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2021-22ല്‍ രാജ്യത്തെ മൊത്തം കുടിയേറ്റനിരക്ക് മൈനസ് 41,000 ആയിരിക്കും എന്നാണ് വിലയിരുത്തല്‍. അതായത്, രാജ്യത്തേക്ക് എത്തുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ പുറത്തേക്ക് പോകും.

എന്നാല്‍ 2022-23ല്‍ 1,80,000 ആയി മൊത്തം കുടിയേറ്റ നിരക്ക് മാറും എന്നാണ് ട്രഷറിയുടെ വിലയിരുത്തല്‍.

2024-25 ആകുമ്പോള്‍ ഇത് 2,35,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഏതൊക്കെ വിസക്കാര്‍ക്ക് ഇപ്പോള്‍ പ്രവേശനമുണ്ട്?

ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും നിരവധി സ്‌കില്‍ഡ് വിസകളിലുള്ളവര്‍ക്കും ഓസ്‌ട്രേലിയന്‍ അതിര്‍ത്തി തുറന്നിരുന്നു. കഴിഞ്ഞ ഫെഡറല്‍ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ ആറു മാസം മുമ്പാണ് ഈ അതിര്‍ത്തി തുറക്കല്‍ സാധ്യമായത്.

ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്...
00:00 00:00

ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്‌റ് റെസിഡന്റ്‌സിനും രാജ്യത്തേക്ക് എത്താന്‍ എല്ലാ സമയത്തും അനുവാദമുണ്ടായിരുന്നു. അവരുടെ ഉറ്റ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ് നേടി രാജ്യത്തെത്താം.

താല്‍ക്കാലിക വിസക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയും, നിയന്ത്രണങ്ങള്‍ കര്‍ശനമാകുകയും ചെയ്തപ്പോള്‍ താല്‍ക്കാലിക വിസകളിലുള്ള പതിനായിരക്കണക്കിന് പേരാണ് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോയത്. താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ കൊവിഡ് ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

എന്നാല്‍, ആ സമയത്ത് മടങ്ങിപ്പോകാതെ ഓസ്‌ട്രേലിയയില്‍ തുടര്‍ന്നവര്‍ക്ക് പെര്‍മനന്‌റ് റെസിഡന്‌റ്‌സി ലഭിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

2021-22ല്‍ ആകെ 1,60,000 കുടിയേറ്റ വിസകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 79,000 വിസകള്‍ സ്‌കില്‍ഡ് സ്ട്രീമിലും, 77,300 വിസകള്‍ ഫാമിലി സ്ട്രീമിലുമാണ്. കുട്ടികള്‍ക്കായി 3,000 വിസകളുമുണ്ടാകും.

Family Visa
Getty Images

രാജ്യത്ത് താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഇതില്‍ മുന്‍ഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന മൈഗ്രേഷന്‍ ലോയര്‍ ബെന്‍ വാട്ട് ചൂണ്ടിക്കാട്ടി.

നിരവധി ഇളവുകളും, PR ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളും താല്‍ക്കാലിക വിസക്കാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍  PR

നിലവിലുണ്ടായിരുന്ന നിയമപ്രകാരം PR ലഭിക്കാന്‍ സാധ്യതയില്ലായിരുന്ന നിരവധി താല്‍ക്കാലിക വിസക്കാര്‍ക്ക് അതിനുള്ള അവസരമൊരുക്കുമെന്ന് നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടെംപററി സ്‌കില്‍ഡ് ഷോര്‍ട്ടേ്ജ് (സബ്ക്ലാസ് 482) വിസയുടെ ഷോര്‍ട്ട് ടേം സ്ട്രീമിലുള്ളവര്‍ക്കാണ് ഇതിന്‌റെ ഏറ്റവും പ്രധാന ഗുണം ലഭിക്കുക.

നിലവിലെ നിയമപ്രകാരം ഇവര്‍ക്ക് രണ്ടു വര്‍ഷം മാത്രമേ ഓസ്‌ട്രേലിയയില്‍ തുടരാന്‍ കഴിയൂ. PR ലഭിക്കാനും അര്‍ഹതയുണ്ടാകില്ല.

എന്നാല്‍, കൊവിഡ് കാലത്ത് ഓസ്‌ട്രേലിയയില്‍ തുടരാന്‍ തീരുമാനിച്ച 482 വിസക്കാര്‍ക്ക് PRന് അര്‍ഹത നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മൂന്നു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ സബ്ക്ലാസ് 457 സ്‌പോണ്‍സേര്‍ഡ് തൊഴില്‍ വിസകളിലുള്ളവര്‍ക്കും PR ലഭിക്കാന്‍ പുതിയ അവസരം ഒരുക്കുന്നുണ്ട്.

457 വിസകളിലുള്ളവര്‍ക്ക് PRന് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞുപോയെങ്കില്‍ പോലും അതില്‍ ഇളവു നല്‍കും.

മഹാമാരിക്കാലത്ത് ഓസ്‌ട്രേലിയയില്‍ തന്നെ തുടര്ന്ന് രാജ്യത്തെ സഹായിച്ചവര്‍ക്കുള്ള പ്രത്യേക ഇളവാണ് ഇതെന്ന് കുടിയേറ്റകാര്യമന്ത്രി അലക്‌സ് ഹോക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

Immigration Minister Alex Hawke has said the laws send a 'clear message' the Australian community has no tolerance for non-citizens who commit serious crimes.
AAP

നഴ്‌സുമാര്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തും, ഹോസ്പിറ്റാലിറ്റി രംഗത്തുമുള്ളവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 20,000ഓളം താല്‍ക്കാലിക വിസക്കാര്‍ക്ക് ഇത്തരത്തില്‍ PR നല്‍കുമെന്ന് കുടിയേറ്റമന്ത്രി പറഞ്ഞു.

ഉള്‍നാടന്‍ മേഖലകളിലെ PR

റീജിയണല്‍ മേഖലകളില്‍ പ്രൊവിഷണല്‍ വിസകളില്‍ ജോലി ചെയ്യുന്നവര്‍ക്കും PRന് അപേക്ഷിക്കാനായി കൂടുതല്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

489, 491, 494 എന്നീ റീജിയണല്‍ പ്രൊവിഷണല്‍ വിസകളിലുള്ളവര്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കും എന്നാണ് പ്രഖ്യാപനം.

കൊവിഡ് സമയത്ത് ജോലി നഷ്ടമായതുകാരണം PRന് അപേക്ഷിക്കാന്‍ വേണ്ട തൊഴില്‍ പരിചയം പലര്‍ക്കും ലഭിച്ചിരുന്നില്ല. അവരെ സഹായിക്കാനാണ് പ്രൊവിഷണല്‍ വിസ കാലാവധി നീട്ടി നല്‍കുന്നത്.

ഇത്തരം പ്രൊവിഷണല്‍ വിസകളിലുള്ളവര്‍ക്ക് 2022 നവംബര്‍ 16 മുതല്‍ സബ്ക്ലാസ് 191 പെര്‍മനന്‌റ് റെസിഡന്‌റ്‌സി വിസ നല്‍കിത്തുടങ്ങും.

സെക്ഷന്‍ 48 നിരോധനത്തില്‍ ഇളവ്

മുമ്പ് വിസ നിഷേധിക്കപ്പെട്ടവര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്നുകൊണ്ട് ഭൂരിഭാഗം പുതിയ വിസകള്‍ക്കായും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. സെക്ഷന്‍ 48 നിരോധനം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഓസ്‌ട്രേലിയയ്ക്ക് പുറത്തേക്ക് യാത്ര ചെയ്ത ശേഷം ഓഫ്‌ഷോര്‍ അപേക്ഷകള്‍ മാത്രമാണ് ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

എന്നാല്‍, കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം താല്‍ക്കാലിക വിസക്കാര്‍ക്ക് ഇത് സാധ്യമായിരുന്നില്ല.

മൂന്നു സ്‌കില്‍ഡ് വിസകളില്‍ അപേക്ഷിക്കാന്‍ ഈ വകുപ്പില്‍ താല്‍ക്കാലിക ഇളവു നല്‍കുകയാണ് സര്ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ വിസകള്‍ക്കാണ് അപേക്ഷിക്കാനാണ് ഇളവ്:

  • 491 - സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ
  • 494 - സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ
  • 190 - സ്‌കില്‍ഡ് നോമിനേറ്റഡ് വിസ

ഗ്വാജ്വേറ്റ് വിസക്കാര്‍ക്കും പുതിയ അവസരങ്ങള്‍

യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിദേശത്ത് കുടുങ്ങിയപ്പോയ ടെംപററി ഗ്രാജ്വേറ്റ് (സബ്ക്ലാസ് 485), അഥവാ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകളിലുള്ളവര്‍ക്ക്, വിസ പുതുക്കി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ഫെബ്രുവരി ഒന്നിനു ശേഷം വിസ കാലാവധി പൂര്‍ത്തിയായവര്‍ക്കാണ് പുതിയ വിസ നല്കുന്നത്. 2022 ജൂലൈ ഒന്നിനു ശേഷമാകും ഇത് ലഭിക്കുക.

ടെംപററി ഗ്രാജ്വേറ്റ് വിസകളുടെ കാലാവധി നീട്ടുകയും ചെയ്തു.

മാസ്റ്റേഴ്‌സ് ബൈ കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കുന്നവരുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമായും, ഗ്വാജ്വേറ്റ് വര്‍ക്ക് സ്ട്രീമില്‍ പഠനം പൂര്‍ത്തിയാക്കുന്നവരുടെ വിസ ഒന്നര വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായുമാണ് നീട്ടുന്നത്.

വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പിന്‌റെ വെബ്‌സൈറ്റില്‍ ലഭിക്കും.

Coming up next

# TITLE RELEASED TIME MORE
കുടിയേറ്റം സജീവമാക്കാന്‍ ഓസ്‌ട്രേലിയ: 2022ല്‍ വരുന്ന വിസ നിയമമാറ്റങ്ങള്‍ അറിയാം... 03/01/2022 06:09 ...
തൊഴിലില്ലായ്‌മ കുറഞ്ഞത് ശക്തമായ നടപടി മൂലമെന്ന് സർക്കാർ; ലേബർ സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിൽക്കുമെന്ന് ഗില്ലാർഡ് 20/05/2022 04:55 ...
കമ്മ്യൂണിറ്റി ഗ്രാൻറുകൾ വെട്ടികുറക്കുമെന്ന് ലേബർ; ലക്ഷ്യം ബജറ്റ് കമ്മി പരിഹരിക്കൽ 18/05/2022 04:33 ...
പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം; കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കും 17/05/2022 05:31 ...
130 വർഷത്തെ ചരിത്രവുമായി ലേബർ; ഭരണത്തുടർച്ചകളുടെ കഥയുമായി ലിബറൽ 17/05/2022 12:02 ...
വിലക്കയറ്റം നിയന്ത്രിക്കാൻ ലേബറിന്റെ പദ്ധതിയെന്ത്? റിവെറിന ലേബർ സ്ഥാനാർത്ഥി മാർക്ക് ജെഫ്രെസനുമായി അഭിമുഖം... 17/05/2022 10:06 ...
സിഡ്നിയിൽ അധോലോക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു; നേരിടാൻ പുതിയ പൊലീസ് സംഘം രൂപീകരിച്ചു 16/05/2022 05:57 ...
കൊവിഡ്കാല അനുഭവകഥകളുമായി ബ്ലാക്ക്ടൗൺ ലൈബ്രറിയുടെ പുസ്തകം; പിന്നിൽ മലയാളി 16/05/2022 10:16 ...
'ഓസ്ട്രേലിയൻ മാലാഖമാരുടെ' തൊഴിൽ സാഹചര്യമെന്ത്? മലയാളി നഴ്സുമാർക്ക് പറയാനുള്ളത്… 14/05/2022 15:02 ...
ഓസ്ട്രേലിയൻ തീരത്ത് ചൈനീസ് ചാരക്കപ്പലിൻറെ സാന്നിധ്യം; പ്രകോപനപരമെന്ന് ഫെഡറൽ സർക്കാർ 13/05/2022 04:39 ...
View More