മെൽബണിലെ ക്രാൻബേൺ വെസ്റ്റിൽ കത്തിക്കരിഞ്ഞ കാറിൽ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. 30 വയസിനു മേൽ പ്രായമുള്ള യുവതിയും, രണ്ടു മക്കളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
മെൽബൺ നഗരത്തിൻറ തെക്ക് കിഴക്ക് ഭാഗത്തുള്ള ക്രാൻബേൺ വെസ്റ്റിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രാത്രി 7.55 ഓടെ വെസ്റ്റേൺ പോർട്ട് ഹൈവേക്ക് സമീപം കാറിന് തീപിടിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
ഹൈവേക്ക് സമീപത്തെ കൃഷിയിടത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു കാർ കണ്ടെത്തിയത്.
സ്ഥലത്തെത്തി തീ അണച്ച എമർജൻസി വിഭാഗം കാറിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീയും രണ്ടു കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്.
30 വയസിനു മേൽ പ്രായമുള്ള യുവതിയും, രണ്ടു മക്കളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു. മരിച്ച രണ്ടു പെൺകുട്ടികളും ആറു വയസിൽ താഴെ പ്രായമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ചവർ മലയാളികളാണെന്ന് SBS മലയാളം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പേരു വിവരങ്ങൾ പോലീസോ ബന്ധുക്കളോ വെളിപ്പെടുത്താത്തതിനാൽ ഇപ്പോൾ നൽകാൻ നിയമപരമായി കഴിയില്ല.
തീപിടിത്തമുണ്ടായതിനാൽ അപകടത്തിൽപ്പെട്ടവർ ആരെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കൂടുതൽ കാലതാമസമുണ്ടാകുമെന്നും പൊലീസ് വക്താവ് പറഞ്ഞു.
തീപിടിത്തത്തിൻറ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു.
എന്നാൽ സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുള്ളതായി ഈ ഘട്ടത്തിൽ കരുതുന്നില്ലെന്നും പോലീസ് അറിയിച്ചു.
സംഭവത്തിന് ദൃക്സാക്ഷികളായവരോ, തീപിടിത്തത്തിന്റെ ഡാഷ്-ക്യാം ദൃശ്യങ്ങൾ ഉള്ളവരോ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പെർത്തിൽ കത്തിക്കരിഞ്ഞ കാറിൽ അമ്മയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ് വംശജരായിരുന്നു സംഭവത്തിൽ മരിച്ചത്.