ഓസ് ട്രേലിയൻ കുടിയേറ്റത്തിന് അധിക പോയിന്റുകൾ ലഭിക്കുന്നതിനുള്ള ഭാഷകളുടെ പട്ടികയിൽ മലയാളത്തെയും ഉൾപ്പെടുത്തി. ഭാഷാ പരിജ്ഞാനത്തിന് അംഗീകാരം നൽകുന്ന ഏജൻസി ആയ നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് (NAATI) ആണ് മലയാളത്തിന് അംഗീകാരം നൽകിയത്.
(2021 ൽ എസ് ബി എസ് മലയാളം നൽകിയ ഏറ്റവും പ്രധാന വാർത്തകളും പരിപാടികളും ഒരിക്കൽ കൂടി നൽകുന്ന Best of 2021ന്റെ ഭാഗമായി പുനപ്രസിദ്ധീകരിക്കുന്നത്)
ഓസ്ട്രേലിയയില്‍ ഔദ്യോഗിക വിവര്ത്തകരാകാനും, കുടിയേറ്റത്തിനും, ഭാഷാ പ്രാവീണ്യം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക ഏജൻസിയാണ് നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് അഥവാ NAATI.
ഇതിൽ കുടിയേറ്റത്തിന് അധിക പോയിന്റുകള്‍ ലഭിക്കുന്നതിനുള്ള ക്രെഡൻഷ്യൽഡ് കമ്മ്യൂണിറ്റി ലാംഗ്വേജ് ടെസ്റ്റ് (CCL) എന്ന പട്ടികയിലേക്കാണ് മലയാളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളത്തിന് NAATI അംഗീകാരം ലഭിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അതിനാൽ NAATI അംഗീകാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ മലയാളി കൂട്ടായ്മകൾ പരിശ്രമം നടത്തിയിരുന്നു.
മലയാളി കൂട്ടായ്മയുടെ ദീർഘ നാളത്തെ പരിശ്രമത്തിന്റെ ഫലമായി മലയാള ഭാഷക്ക് NAATI അംഗീകാരം ലഭിച്ചു.
NAATI അംഗീകാരമുള്ള പല ഭാഷകളിലും പ്രാവീണ്യമുള്ളവർക്ക് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി അധിക പോയിന്റ് ലഭിക്കും.
നിർദ്ദിഷ്ട ഭാഷകളിൽ CCL ടെസ്റ്റ് വിജയിക്കുന്നവർക്ക് വിവിധ വിസകൾക്ക് അപേക്ഷിക്കുമ്പോൾ അഞ്ചു പോയിന്റാണ് അധികമായി ലഭിക്കാറുള്ളത്.
ബോണസ് പോയിന്റ് എന്നാണ് പൊതുവിൽ ഇത് അറിയപ്പെടുന്നത്.
നിലവിൽ 48 ഭാഷകളാണ് ഈ പട്ടികിയിലുള്ളത്. ഹിന്ദി, പഞ്ചാബി, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ഈ പട്ടികയിലുമുണ്ട്. ഇതോടൊപ്പമാണ് മലയാളത്തെയും ഗുജറാത്തിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
എങ്ങനെയാണ് ബോണസ് പോയിന്റുകൾ ലഭിക്കുക എന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലുള്ള മൈഗ്രേഷൻ ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിച്ചത് ഇവിടെ കേൾക്കാം
അതേസമയം, വിവർത്തകരായും പരിഭാഷകരായും പ്രവർത്തിക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NAATI സർട്ടിഫിക്കേഷൻ ഇപ്പോഴും മലയാളത്തിന് നൽകിയിട്ടില്ലെന്ന് നെമറിച്ച് അറിയിച്ചു. എന്നാൽ നിലവിലുള്ള Recognised Practicing Interpreter സേവനം തുടരും.