Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ്-19: ലക്ഷണങ്ങൾ, ഓസ്ട്രേലിയയിലെ സേവനങ്ങൾ, സാമൂഹിക നിയന്ത്രണങ്ങൾ - അറിയേണ്ടതെല്ലാം...

Woman in quarantine. Source: Getty image:Jasmin merdan

കൊവിഡ്-19 ബാധയെക്കുറിച്ച് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഏറ്റവും വിശ്വസനീയമായ റിപ്പോർട്ടുകളും വിവരങ്ങളും നൽകുകയാണ് എസ് ബി എസ്. സമൂഹത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ഫാക്ട് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വീട്ടിലിരിക്കുക.     സുരക്ഷിതരായിരിക്കുക.     പരസ്പരബന്ധത്തോടെയിരിക്കുക.     ജീവൻ രക്ഷിക്കുക.


സാമ്പത്തിക ബുദ്ധിമുട്ടുകള്‍

നിങ്ങള്‍ കൊവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ www.moneysmart.gov.au വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ദേശീയ ഡെബ്റ്റ് ഹെല്‍പ്പ്‌ലൈനെ 1800 007 007ല്‍ ബന്ധപ്പെടാം

പാൻഡമിക് ലീവ് ഡിസാസ്റ്റർ ആനുകൂല്യം

കൊവിഡ് കാലത്ത് 1500 ഡോളർ പെയിഡ് പാൻഡമിക് ലീവ് നൽകുന്നതിനുള്ള പദ്ധതി ഫെഡറൽ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. വിക്ടോറിയ, ടാസ്മേനിയ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലും, ഉടൻ തന്നെ ന്യൂ സൗത്ത് വെയിൽസിലും ഇത് ലഭ്യമാകും.

ക്വീൻസ്ലാന്റും ഇതേക്കുറിച്ച് ഫെഡറൽ സർക്കാരുമായി ചർച്ചയിലാണ്.

സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുന്നവർക്ക് മെഡിക്കൽ ലീവോ, ജോബ് സീക്കറും ജോബ് കീപ്പറും ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ ആനുകൂല്യം ലഭിക്കുക. താൽക്കാലിക വിസകളിലുള്ളവർക്കും ഇത് ലഭ്യമാകും.

ജോബ്‌സീക്കര്‍, ജോബ്കീപ്പര്‍ ആനുകൂല്യങ്ങള്‍

ജോബ്കീപ്പര്‍ ആനുകൂല്യം 2021 മാര്‍ച്ച് വരെയും, ജോബ്‌സീക്കര്‍ ആനുകൂല്യം 2020 ഡിസംബര്‍ വരെയും നീട്ടി. എന്നാല്‍ രണ്ട് പദ്ധതികളിലൂടെയും നല്‍കുന്ന ആനുകൂല്യത്തിന്റെ തുക സെപ്റ്റംബർ അവസാനം മുതൽ വെട്ടിക്കുറച്ചിട്ടുണ്ട്.

ജോബ്‌സീക്കര്‍

22 വയസിനും പെന്‍ഷന്‍ പ്രായത്തിനും ഇടയിലുള്ളവര്‍ക്കാണ് ജോബ്‌സീക്കര്‍ ആനുകൂല്യം ലഭിക്കുന്നത്. ജോലി  തേടുന്ന തൊഴില്‍രഹിതര്‍ക്കും, അല്ലെങ്കില്‍ ജോലി ലഭിക്കുന്നത് ലക്ഷ്യമിട്ടുള്ള മറ്റ് അംഗീകൃത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും ജോബ്‌സീക്കര്‍ ലഭിക്കും. രോഗം മൂലമോ, പരുക്കു മൂലമോ ജോലിയോ പഠനമോ നിര്‍ത്തിവയ്‌ക്കേണ്ടി വന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.

നിലവില്‍: $1,115

സെപ്റ്റംബര്‍ 2020 മുതല്‍: $815

സെപ്റ്റംബര്‍ അവസാനം മുതല്‍ രണ്ടാഴ്ചയില്‍ 300 ഡോളര്‍  വരെ വരുമാനം കിട്ടുന്നവര്‍ക്കും പൂര്‍ണ ജോബ്‌സീക്കര്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. നിലവില്‍ ഇത് 106 ഡോളറാണ്.

300 ഡോളറിനു മേല്‍ വരുമാനം ലഭിച്ചാല്‍ ജോബ്‌സീക്കര്‍ ആനുകൂല്യം ആനുപാതികമായി കുറയും.

ആനുകൂല്യം ലഭിക്കുന്നവര്‍ ഓഗസ്റ്റ് നാലു മുതല്‍ തൊഴില്‍ ഏജന്‍സികളുമായി ബന്ധപ്പെടുകയും, മാസം കുറഞ്ഞത് നാലു ജോലികള്‍ക്കെങ്കിലും അപേക്ഷിക്കുകയും വേണം. എന്നാല്‍ മാത്രമേ തുടര്‍ന്നും ആനുകൂല്യം ലഭിക്കൂ.

ജോബ്കീപ്പര്‍

16 വയസിനു മേല്‍ പ്രായമുള്ള സോള്‍ ട്രേഡര്‍മാര്‍ക്കും, ഫുള്‍-ടൈം, പാര്‍ട്ട്-ടൈം ജീവനക്കാര്‍ക്കും ജോബ്കീപ്പര്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. 12 മാസത്തില്‍ കൂടുതല്‍ സ്ഥിരമായി ജോലി ചെയ്ത കാഷ്വല്‍ ജീവനക്കാര്‍ക്കും ജോബ്കീപ്പര്‍ ലഭിക്കും. 2020 മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് ഇത് കണക്കിലെടുക്കുക.

16ഉം 17ഉം വയസുള്ളവര്‍ രക്ഷിതാക്കളെ സാമ്പത്തകിമായി ആശ്രയിക്കുന്നവരാകരുത്.

ഈ ആനുകൂല്യം രണ്ടു തലങ്ങളിലായാണ് നല്കുന്നത്. ഫുള്‍ ടൈം ജോലി, പാര്‍ട് ടൈം  ജോലി എന്നീ രീതിയിലാണ് ഇത്.

ഫുള്‍ ടൈം ജോലി ചെയ്യുന്നവര്‍

നിലവില്‍; $1,500

സെപ്റ്റംബര്‍ 28 മുതല്‍: $1,200

2021 ജനുവരി 4 മുതല്‍: $1,000

ആഴ്ചയില്‍ 20 മണിക്കൂറോ കുറച്ചോ ജോലി ചെയ്യുന്നവര്‍

നിലവില്‍: $1,500

സെപ്റ്റംബര്‍ മുതല്‍: $750

2021 ജനുവരി മുതല്‍: $650

എങ്ങനെയാണ് കൊവിഡ്-19 പകരുന്നത്?

വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൊവിഡ്-19 പകരുന്നത് ഈ മാർഗ്ഗങ്ങളിലൂടെയാണ്: 

  • രോഗബാധയുള്ള ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം. രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള 24 മണിക്കൂറിലെ അടുത്ത സമ്പർക്കവും ബാധകം
  • രോഗബാധ സ്ഥിരീകരിച്ച വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉള്ള അടുത്ത സമ്പർക്കം
  • രോഗബാധ സ്ഥിരീകരിച്ച ഒരു വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗാണുബാധിച്ച ഒരു വസ്തുവിലോ പ്രതലത്തിലോ (വാതിൽപ്പിടിയും മേശകളും പോലെ) തൊട്ട ശേഷം, നിങ്ങളുടെ വായിലോ മുഖത്തോ തൊടുമ്പോൾ

ഓസ്ട്രേലിയയിലുള്ള എല്ലാവരും കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആണ് സർക്കാർ നിർദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

എന്തൊക്കെയാണ് കൊവിഡ്-19ന്റെ ലക്ഷണങ്ങൾ?

ചെറിയ അസ്വാസ്ഥ്യം മുതൽ ന്യുമോണിയ വരെ കൊവിഡ്-19ന്റെ ലക്ഷണങ്ങളാകാം എന്നാണ് ഫെഡറൽ സർക്കാർ വെബ്സൈറ്റ് പറയുന്നത്.

മറ്റ് തരത്തിലുള്ള ജലദോഷത്തിന്റെയും ഫ്ലൂവിന്റെയും ലക്ഷണങ്ങൾക്ക് സമാനമാണ് കൊവിഡ്-19 ലക്ഷണങ്ങളും. ഉദാഹരണത്തിന്:

  • പനി

  • ശ്വസനസംബന്ധിയായ പ്രശ്നങ്ങൾ
  • ചുമ
  • തൊണ്ടവേദന
  • മറ്റു ലക്ഷണങ്ങൾ: മൂക്കൊലിപ്പ്, തലവേദന, സന്ധിവേദന, പേശിവേദന, ഛർദ്ദിൽ, വയറിളക്കം, ഗന്ധം മനസിലാക്കാൻ പ്രയാസം, അരുചി, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവ

 

വീട്ടിൽ നിന്ന് പരിശോധിക്കാൻ കഴിയുന്ന തരത്തിൽ അധികൃതർ ഒരു കൊവിഡ്-19 സിംപ്റ്റം ചെക്കർ വികസിപ്പിച്ചിട്ടുണ്ട്: https://www.healthdirect.gov.au/symptom-checker/tool/basic-details

 

 

കൊറോണവൈറസ് ബാധയ്ക്ക് ഇപ്പോൾ കൃത്യമായ ചികിത്സകളൊന്നുമില്ല. എന്നാൽ അനുബന്ധ രോഗലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയും.  ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലപ്രദമല്ല.  

രോഗലക്ഷണങ്ങളുണ്ടെങ്കിൽ എന്തു ചെയ്യണം?

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലെത്തി 14 ദിവസത്തിനുള്ളിലോ, രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകി 14 ദിവസത്തിനുള്ളിലോ നിങ്ങൾക്ക് രോഗലക്ഷണങ്ങൾ വരികയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ വിളിച്ച് പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങുകയോ, കൊറോണവൈറസ് ഹെൽത്ത് ഇൻഫർമേഷൻ ഹോട്ട്ലൈനെ 1800 020 080 എന്ന നമ്പരിൽ ബന്ധപ്പെടുകയോ വേണം. ലക്ഷണങ്ങളുണ്ടെന്ന് മുൻകൂട്ടി അറിയിക്കാതെ ക്ലിനിക്കുകളോ ആശുപത്രികളോ സന്ദർശിക്കരുത്.

ക്ലിനിക്കിലോ ആശുപത്രിയിലോ എത്തുന്നതിനു മുമ്പു തന്നെ അവിടെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങളുടെ സമീപകാല യാത്രകളെക്കുറിച്ചും, അല്ലെങ്കിൽ രോഗബാധയുള്ള ആളുമായി ഇപടഴകിയതിനെക്കുറിച്ചും അറിയിക്കുക. നിങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാം എന്ന് പൊതുജനാരോഗ്യവിഭാഗം പറയുംവരെ വീട്ടിലോ, ഹോട്ടൽമുറിയിലോ, ആരോഗ്യപരിപാലന കേന്ദ്രത്തിലോ ഐസൊലേഷനിൽ കഴിയണം.

നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ദേശീയ കൊറോണവൈറസ് ഹോട്ട്ലൈനിൽ വിളിച്ച് ഉപദേശം തേടാം. എല്ലാദിവസവും, 24 മണിക്കൂറും 1800 020 080 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ സമീപത്ത് GP റെസ്പിറേറ്ററി ക്ലിനിക്ക് ഉണ്ടോ എന്നും, അവിടെ അപ്പോയിന്റ്മെന്റിനായി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നും ഇവിടെ അറിയാം.

നിങ്ങളുടെ സമീപത്ത് റെസ്പിറേറ്ററി ക്ലിനിക്ക് ഇല്ലെങ്കിൽ, ഹെൽത്ത് ഡയറക്റ്റ് സന്ദർശിക്കുക. അല്ലെങ്കിൽ നിങ്ങളുടെ സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക.  

ശ്വാസതടസ്സമോ മറ്റെന്തെങ്കിലും അടിയന്തര ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ എമർജൻസി വിഭാഗവുമായി ബന്ധപ്പെടുക. നമ്പർ 000

ആർക്കാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്?

വൈറസ് ബാധിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ചിലർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും, അവർ വേഗം സുഖപ്പെടുകയും ചെയ്യും. എന്നാൽ മറ്റു ചിലർ വളരെ വേഗത്തിൽ കടുത്ത രോഗബാധിതരാകാൻ സാധ്യതയുണ്ട്. മുമ്പുള്ള വിവിധ കൊറോണവൈറസ് ബാധകളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നത് ഈ വിഭാഗങ്ങൾക്കാണ്:

  • ഒന്നോ അതിലേറെയോ ദീർഘകാല രോഗങ്ങളുള്ള, 50 വയസിൽ കൂടുതൽ പ്രായമുള്ള ആദിമവർഗ്ഗ വിഭാഗക്കാർ

  • ദീർഘകാല രോഗങ്ങളുള്ള 65 വയസിൽ കൂടുതൽ പ്രായമുള്ളവർ. ഏതൊക്കെയാണ് “ദീർഘകാല രോഗങ്ങൾ” എന്ന കാര്യത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദീകരണം നൽകും
  • 70 വയസിനു മേൽ പ്രായമുള്ളവർ
  • രോഗപ്രതിരോധ ശേഷി കുറഞ്ഞവർ

കൊവിഡ്-19 പടരുന്നത് പ്രതിരോധിക്കാൻ എനിക്കെന്ത് ചെയ്യാൻ കഴിയും?

കൈകൾ വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നല്ല ശീലങ്ങൾ പിന്തുടരുക, സുഖമില്ലാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയവയാണ് മിക്ക വൈറസുകളെയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിങ്ങൾക്ക് ചെയ്യാവുന്നത് ഇതാണ്:

  • അത്യാവശ്യമില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക
  • സാമൂഹിക അകലം പാലിക്കുക - മറ്റുള്ളവരുമായി 1.5 മീറ്റർ അകലവും, 4 ചതുരശ്ര മീറ്ററിൽ ഒരാൾ മാത്രം എന്ന വ്യവസ്ഥയും   
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പും ശേഷവും, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷവും.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറച്ചുപിടിക്കുക, ടിഷ്യൂ ബിന്നിൽ ഉപേക്ഷിക്കുക, ആൾക്കഹോൾ ഉള്ള ഹാൻറ് സാനിട്ടൈസറുകൾ ഉപയോഗിക്കുക.
  • നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക (കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കുക)
  • സ്വന്തം ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പരമാവധി വീട്ടിൽ തന്നെ കഴിച്ചുകൂട്ടുക.

ആരൊക്കെയാണ് സ്വയം ഐസൊലേഷന് വിധേയരാകേണ്ടത്?

a. വിദേശത്തുനിന്ന് ഓസ്ട്രേലിയയിലേക്കെത്തിയ എല്ലാവരും, കൊവിഡ്-19 സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തി എന്ന് സംശയിക്കുന്നവരും 14 ദിവസത്തെ സ്വയം ഐസൊലേഷനിലേക്ക് പോകണം.

b. ഓസ്ട്രേലിയയിലേക്ക് എത്തുന്ന എല്ലാവരും സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് 14 ദിവസം നിർബന്ധിത ഐസൊലേഷന് വിധേയരാകണം. (ഉദാ- ഹോട്ടലുകൾ)

ഇമിഗ്രേഷൻ, കസ്റ്റംസ്, ആരോഗ്യപരിശോധനകൾക്ക് ശേഷം യാത്രക്കാരെ ഈ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

c. നിങ്ങൾക്ക് കൊവിഡ് – 19 സ്ഥിരീകരിച്ചാൽ പിന്നെ നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയണം:

  • ജോലിസ്ഥലം, സ്കൂൾ, ഷോപ്പിംഗ് സെന്റർ, ചൈൽഡ്കെയർ, യൂണിവേഴ്സിറ്റി അങ്ങനെ പൊതുസ്ഥലങ്ങളിൽ ഒന്നും പോകരുത്
  • നിങ്ങൾക്കുള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടുക. നിങ്ങളുടെ  വാതിലിന് മുന്നിൽ അത് വയ്ക്കാൻ നിർദ്ദേശിക്കുക
  • സന്ദർശകരെ അനുവദിക്കരുത്. വീട്ടിൽ നിങ്ങൾക്കൊപ്പം സ്ഥിരമായി കഴിയുന്നവർ മാത്രമേ പാടുള്ളൂ

സോഷ്യൽ ഡിസ്റ്റൻസിംഗ് (പുതിയ നിർദ്ദേശങ്ങൾ)

കൊവിഡ്-19 പോലുള്ള വൈറസുകളുടെ വ്യാപനത്തിന്റെ വേഗത കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് അഥവാ സാമൂഹികമായ അകലം പാലിക്കൽ. നിങ്ങളും മറ്റുള്ളവരുമായുള്ള അകലം എത്ര കൂടുന്നുവോ, വൈറസ് പകരാനുള്ള സാധ്യത അത്രയും കുറയും.

കൊവിഡ്-19 സ്ഥിരീകരിച്ച ഒരാളുടെ ചുമയോ തുമ്മലോ മൂലം അണുബാധിതമായിട്ടുള്ള പ്രതലങ്ങളിൽ (വാതിൽപ്പിടികളും മേശകളും പോലെ) സ്പർശിക്കാതിരിക്കുന്നത് സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ ഒരു ഭാഗമാണ്.

വീട്ടിലിരിക്കുക

താഴെ പറയുന്ന സാഹചര്യങ്ങളിൽ അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് ദേശീയ ക്യാബിനറ്റ് നിർദ്ദേശിച്ചിരിക്കുന്നത്

  • അവശ്യസാധനങ്ങളുടെ ഷോപ്പിംഗ് – ഭക്ഷണമോ മറ്റ് അത്യാവശ്യമുള്ള സാധനങ്ങളോ
  • ആരോഗ്യ-ചികിത്സാപരമായ ആവശ്യങ്ങളും, മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ സഹായിക്കാനും
  • വ്യായാമം – പൊതുസ്ഥലത്തുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്
  • ജോലി/പഠനം – വീട്ടിലിരുന്ന് ചെയ്യാൻ കഴിയില്ലെങ്കിൽ മാത്രം

ഏജ്ഡ് കെയർ കേന്ദ്രങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാമോ?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഏജ്ഡ് കെയർ സന്ദർശനം ഒഴിവാക്കണം എന്നാണ് പൊതുവിലുള്ള നിർദ്ദേശം:

  • കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ
  • കൊവിഡ്-19 ബാധ സ്ഥിരീകരിച്ചയാളുമായി കഴിഞ്ഞ 14 ദിവസത്തിൽ സമ്പർക്കം പുലർത്തിയെങ്കിൽ
  • പനിയോ മറ്റ് ശ്വാസകോശ പ്രശ്നങ്ങളോ അനുഭവപ്പെടുന്നെങ്കിൽ (ഉദാ- ചുമ, തൊണ്ടവേദന, ശ്വാസതടസ്സം)
  • ഇൻഫ്ലുവൻസ വാക്സിൻ എടുത്തവർക്ക് മാത്രമേ ഏജ്ഡ് കെയർ സന്ദർശിക്കാൻ അനുമതി നൽകൂ.

സംസ്ഥാനങ്ങൾക്കും ടെറിട്ടറികൾക്കും കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ കഴിയും. പക്ഷേ ഇവ ദേശീയ ക്യാബിനറ്റ് നിർദ്ദേശത്തിന് വിരുദ്ധമാകാൻ കഴിയില്ല.

സർജിക്കൽ മാസ്ക് ധരിക്കണോ?

അടുത്ത കാലത്ത് കൊവിഡ്-19 സാമൂഹിക വ്യാപനം കൂടിയതോടെ  പല സംസ്ഥാനങ്ങളിലും മാസ്ക് നിർദ്ദേശിക്കുകയോ നിർബന്ധമാക്കുകയോ ചെയ്തിട്ടുണ്ട്.

വിക്ടോറിയയിൽ ചില ഭാഗങ്ങളിൽ മാസ്ക് നിർബന്ധമാക്കുകകയും, മറ്റു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകകുയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹിക വ്യാപനം കൂടുന്നത് കൊണ്ടാണ് ഇത്.

https://www.dhhs.vic.gov.au/face-coverings-covid-19

ന്യൂ സൗത്ത് വെയിൽസിൽ ഹോട്ട് സ്പോട്ടുകളിൽ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവരും, സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും മാസ്ക് ധരിക്കാൻ ശ്രമിക്കണം എന്നാണ് നിർദ്ദേശം.

മാസ്ക് ഒരു അധിക സുരക്ഷാ മാർഗ്ഗം മാത്രമാണ്. മാസ്ക് ധരിച്ചാലും താഴെ പറയുന്ന നിർദ്ദേശങ്ങൾ തുടരണം:

  • സുഖമില്ലെങ്കിൽ വീട്ടിലിരിക്കുക
  • സാമൂഹിക അകലം പാലിക്കുക (1.5 മീറ്റർ)
  • വലിയ ആൾക്കൂട്ടങ്ങളും, തിരക്കുള്ള പ്രദേശങ്ങളും ഒഴിവാക്കുക
  • കൈകൾ വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശുചിത്വം പാലിക്കുക

നിങ്ങളുടെ സംസ്ഥാനത്തെയോ ടെറിട്ടറിയിലെയോ സാഹചര്യം മാറുമ്പോൾ മാസ്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിലും മാറ്റമുണ്ടാകും. നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെക്കുറിച്ച്, നിങ്ങളുടെ സംസ്ഥാന സർക്കാർ നൽകുന്ന പുതിയ നിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കുക

ഓസ്ട്രേലിയയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നത്

അത്യാവശ്യ ഘട്ടങ്ങളിലല്ലാതെയുള്ള എല്ലാ ആഭ്യന്തര യാത്രകളും ഓസ്ട്രേലിയക്കാർ ഒഴിവാക്കണം. അതിർത്തി അടയ്ക്കുന്നത് പോലുള്ള നിയന്ത്രണങ്ങൾ സംസ്ഥാന\ടെറിട്ടറി സർക്കാരുകൾക്ക് ഏർപ്പെടുത്താൻ കഴിയും. 

നിർബന്ധിത വിവര ശേഖരണം 

2020 ഒക്ടോബർ ഒന്നു മുതൽ കോൺടാക്ട് ട്രേസിംഗിനെ സഹായിക്കാനായി എല്ലാ ആഭ്യന്തര വിമാനയാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, താമസിക്കുന്ന സംസ്ഥാനം എന്നീ വിശദാംശങ്ങളാണ് നിർബന്ധമായും ശേഖരിക്കേണ്ടത്.

ബോർഡിംഗ് സ്കൂളുകൾ

ബോർഡിംഗ് സ്കൂളുകളിലെ കുട്ടികളെ സെപ്റ്റംബർ-ഒക്ടോബർ സമയത്തെ സ്കൂൾ അവധിക്ക് വീടുകളിലേക്ക് പോകാൻ അനുവദിക്കും. ഉൾനാടൻ മേഖലകളിൽ വീടുകളുള്ളവരെയും ഇതിന് അനുവദിക്കും.

പൊതുഗതാഗതം: ദേശീയ നിർദ്ദേശങ്ങൾ 

പൊതുഗതാഗത സംവിധാനങ്ങൾ സംസ്ഥാനങ്ങളുടെയും ടെറിട്ടറികളുടെയും അധികാരപരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ ഇവയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയ ക്യാബിനറ്റ് നൽകിയിട്ടുണ്ട്. സുഖമില്ലാത്തപ്പോൾ യാത്ര ചെയ്യരുത്, ഡ്രൈവറിൽ നിന്നും മറ്റു യാത്രികരിൽ നിന്നും സാമൂഹിക അകലം പാലിക്കുക, യാത്രാക്കൂലി പണമായി നൽകുന്നത് ഒഴിവാക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു. യാത്രക്കാർ മാസ്ക് ധരിക്കണം എന്ന് നിർദ്ദേശമില്ല. പക്ഷേ സ്വമേധയാ ധരിക്കാവുന്നതാണ്.

പൊതുഗതാഗത സംവിധാനങ്ങൾക്കായുള്ള കൂടുതൽ നിർദ്ദേശങ്ങൾ ഇവിടെ കാണാം: https://www.infrastructure.gov.au/transport/files/COVID19_public_transport_principles_29052020.pdf 

രാജ്യാന്തര യാത്രക്കാർ

ഓരോ സംസ്ഥാനങ്ങളിലേക്കും അനുവദിക്കുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് ഒക്ടോബര്‍ 24, 2020 വരെ ഈ പരിധി ഉണ്ടാകും

  • മെല്‍ബണ്‍ - രാജ്യാന്തര യാത്രക്കാരെ അനുവദിക്കില്ല
  • സിഡ്‌നി - ദിവസം 350 യാത്രക്കാരെ മാത്രം
  • പെര്‍ത്ത് - ആഴ്ചയില്‍ 525 യാത്രക്കാര്‍
  • ബ്രിസ്‌ബൈന്‍ - ആഴ്ചയില്‍ 500 യാത്രക്കാര്‍
  • അഡ്‌ലൈഡ് - ആഴ്ചയില്‍ 500 യാത്രക്കാര്‍
  • കാന്‍ബറ, ഡാര്‍വിന്‍ - ഓരോ വിമാനത്തിലെയും യാത്രക്കാരുടെ എണ്ണം ചര്‍ച്ച ചെയ്ത് തീരുമാനിക്കും
  • ഹോബാര്‍ട്ട് - രാജ്യാന്തര വിമാനങ്ങള്‍ അനുവദിക്കില്ല

പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങൾ

ന്യൂ സൗത്ത് വെയിൽസിൽ സെപ്റ്റംബർ 27 മുതൽ ആഴ്ചയിൽ 500 പേരെ അധികം അനുവദിക്കും

ക്വീൻസ്ലാന്റിലും വെസ്റ്റേൺ ഓസ്ട്രേലിയയിലും സെപ്റ്റംബർ 27 മുതൽ 200 പേരെ വീതം അധികം അനുവദിക്കും

ക്വീന്സ്ലാന്റ് ഒക്ടോബർ നാലു മുതലും, വെസ്റ്റേൺ ഓസ്ട്രേലിയ ഒക്ടോബർ 11 മുതലും അനുവദിക്കുന്നവരുടെ എണ്ണം 300 വീതം വർദ്ധിപ്പിക്കും (നിലവിലുള്ളതിനെക്കാൾ 500 പേരെ അധികമായി)

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്തുന്ന എല്ലാവരും – എവിടെ നിന്ന് വരുന്നു എന്നു, ഏതു രാജ്യത്തെ പൗരൻ എന്ന വ്യത്യാസമില്ലാതെ – സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകണം. അതു കഴിഞ്ഞു മാത്രമേ സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയൂ.

ക്വാറന്റൈൻ തുടങ്ങുമ്പോഴും, ക്വാറന്റൈൻ അവസാനിച്ച് തിരികെ മടങ്ങാൻ അനുവദിക്കുന്നതിന് മുൻപും ഇവരെ കൊറോണ പരിശോധനക്ക് വിധേയരാക്കും.

ക്വാറന്റൈന്റെ ചെലവ് നിങ്ങളുടെ കൈയില്‍ നിന്ന് നല്‍കേണ്ടി വരാം. സംസ്ഥാന-ടെറിട്ടറി  സര്‍ക്കാരുകളാണ് ഇത് നിയന്ത്രിക്കുന്നത്.

NSW: https://www.nsw.gov.au/covid-19/travel-and-transport-advice

VIC: https://www.dhhs.vic.gov.au/information-overseas-travellers-coronavirus-disease-covid-19

ACT: https://www.covid19.act.gov.au/community/travelling-and-transport

NT: https://coronavirus.nt.gov.au/stay-safe/quarantine

QLD: https://www.qld.gov.au/health/conditions/health-alerts/coronavirus-covid-19/protect-yourself-others/quarantine

SA: https://www.covid-19.sa.gov.au/restrictions-and-responsibilities/travel-restrictions

TASMANIA:https://www.coronavirus.tas.gov.au/travellers-and-visitors

WA: https://www.wa.gov.au/organisation/department-of-the-premier-and-cabinet/covid-19-coronavirus-travel-wa

ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തേക്കു പോകാനും വിലക്കുണ്ട്.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ വിദേശയാത്ര അനുവദിക്കും. അതിനായി ഓൺലൈൻ മുഖേന ഇളവിന് അപേക്ഷിക്കണം. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇളവിന് അപേക്ഷിക്കാം:

  • കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള യാത്ര – വിദേശരാജ്യങ്ങൾക്കുള്ള സഹായം ഉൾപ്പെടെ
  • അവശ്യസ്വഭാവമുള്ള വ്യവസായമേഖലകളുടെയും ബിസിനസുകളുടെയും ഭാഗമായുള്ള യാത്ര (കയറ്റുമതി, ഇറക്കുമതി മേഖലകൾ ഉൾപ്പെടെ)
  • ഓസ്ട്രേലിയയിൽ ലഭ്യമല്ലാത്ത അടിയന്തര ചികിത്സ ലഭിക്കുന്നതിനായുള്ള യാത്ര
  • ഒഴിവാക്കാനാവാത്ത അടിയന്തര വ്യക്തിഗത ആവശ്യങ്ങൾക്കുള്ള യാത്ര
  • മാനുഷികപരമായ സഹായങ്ങൾ നൽകുന്നതിനുള്ള യാത്ര
  • ദേശീയതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ

ട്രാൻസിറ്റ് ഹബുകൾ

യാത്രാ നിയന്ത്രണങ്ങൾ അടിക്കടി മാറുന്നുണ്ട്. അതിനാൽ യാത്ര ചെയ്യും മുമ്പ്:

  • നിങ്ങൾ യാത്ര ചെയ്യുന്ന റൂട്ട് സൂക്ഷ്മമായി പരിശോധിക്കുകയും, ട്രാവൽ ഏജന്റിനോടോ വിമാനക്കമ്പനിയോടോ സമ്പർക്കം പുലർത്തുകയും ചെയ്യുക.
  • ട്രാൻസിറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളിലെയും, സർക്കാരുകളുടെയും നിർദ്ദേശങ്ങൾ പാലിക്കുക.
  • ട്രാൻസിറ്റ് ചെയ്യുന്ന ഏതെങ്കിലും രാജ്യത്തെ നിയന്ത്രണങ്ങളെക്കുറിച്ച് സംശയമുണ്ടെങ്കിൽ അവരുടെ എംബസിയെ/കോൺസുലേറ്റിനെ ബന്ധപ്പെടുക.  

കൂടുതൽ വിവരങ്ങൾക്ക്  www.smartraveller.gov.au സന്ദർശിക്കുക

ഓസ്ട്രേലിയൻ അധികൃതർ എങ്ങനെയാണ് വൈറസ്ബാധ നേരിടുന്നത്?

എമർജൻസി റെസ്പോൺസ് പ്ലാൻ ഫോർ നോവൽ കൊറോണവൈറസ് (COVID-19) എന്ന പദ്ധതി പ്രധാനമന്ത്രി നടപ്പിൽവരുത്തിയിട്ടുണ്ട്. 

ടെലിഹെൽത്ത് സേവനം ആറു മാസത്തേക്കു കൂടി നീട്ടാൻ ഫെഡറൽ സർക്കാർ രണ്ടു ബില്യൺ ഡോളർ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 2021 വരെയാകും ഇത് നീട്ടുക. മാനസികാരോഗ്യ മേഖല ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾക്ക് ഇത് ലഭ്യമാകും.

ചില വിസകളിലുള്ളവർക്ക് ഇളവുകൾ

വർക്കിംഗ് ഹോളിഡേ വിസ: ഒരു തൊഴിലുടമയ്ക്കൊപ്പം ആറു മാസത്തിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ ചില അവശ്യസേവനങ്ങളിലുള്ളവർക്ക് ഇളവു ചെയ്യും. ആരോഗ്യം, ഏജ്ഡ് കെയർ, ചൈൽഡ് കെയർ, ഡിസെബിലിറ്റി കെയർ, കൃഷി, ഭക്ഷ്യോത്പാദനം തുടങ്ങിയ മേഖലകളിലുള്ളവരുടെ വിസയാണ് അടുത്ത ആറു മാസത്തിലുള്ളിൽ കാലാവധി പൂർത്തിയാവുകയാണെങ്കിൽ നീട്ടിനൽകുന്നത്.

സീസണൽ വർക്കർ പദ്ധതിയും, പസഫിക് ലേബർ സ്കീമും: ഒരു വർഷം വരെ വീസ ദീർഘിപ്പിക്കാൻ കഴിയും

ടെംപററി സ്കിൽഡ് വിസ: സബ്ക്ലാസ് 457, 482 പോലുള്ള സ്‌പോണ്‍സേര്‍ഡ് തൊഴില്‍വിസകളിലുള്ളവര്‍ ജോലി നഷ്ടമായാല്‍ 60 ദിവസത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ രാജ്യം വിട്ടുപോകണം. (സാമ്പത്തിക അടിത്തറയോ, കുടുംബപിന്തുണയോ ഉണ്ടെങ്കിൽ പോലും)

എന്നാൽ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയോ (സ്റ്റാന്റിംഗ് ഡൗൺ), ജോലി സമയം കുറയ്ക്കുകയോ ആണെങ്കിൽ വിസ ചട്ടങ്ങളുടെ ലംഘനമായി കാണില്ല. അവർക്ക് ഈ സാമ്പത്തിക വർഷം സൂപ്പറാന്വേഷനിൽ നിന്ന് 10,000 ഡോളർ വരെ പിൻവലിക്കാൻ കഴിയും.

രാജ്യാന്തര വിദ്യാർത്ഥികൾ: ജോലിയുണ്ടെങ്കിൽ ഓസ്ട്രേലിയയിൽ തുടരാം. ജോലി നഷ്ടമാകുന്നവർക്ക് സാമ്പത്തിക പിന്തുണയോ കുടുംബ പിന്തുണയോ ഇല്ലെങ്കിൽ മറ്റു മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കേണ്ടതാണ്.

ഏജ്ഡ് കെയർ രംഗത്തും നഴ്സുമാരായും ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

12 മാസത്തിൽ കൂടുതൽ ഓസ്ട്രേലിയയിൽ കഴിഞ്ഞ രാജ്യാന്തര വിദ്യാർത്ഥികൾക്ക് സൂപ്പറാന്വേഷനിൽ നിന്ന് തുക പിൻവലിക്കാൻ കഴിയും.

ടൂറിസ്റ്റുകൾ: എത്രയും വേഗം സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം. പ്രത്യേകിച്ചും ഇവിടെ കുടുംബത്തിന്റെ പിന്തുണയില്ലാത്തവർ.

മാനസികാരോഗ്യരംഗം

കൊവിഡ്-19 ന്റെ രണ്ടാം വ്യാപനം മൂലം വീണ്ടും ലോക്ക്ഡൗണിലായിരിക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക് മെഡികെയർ സബ്സിഡിയോടെ 10 സൈക്കോളജിക്കൽ തെറാപ്പി സെഷനുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മനശാസ്ത്രവിദഗ്ധനിൽ നിന്നോ, മനോരോഗ വിദഗ്ധനിൽ നിന്നോ, ജി പിയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ആരോഗ്യപ്രവർത്തകനിൽ നിന്നോ തുടർന്നും മാനസികാരോഗ്യ സഹായം ലഭിക്കാൻ ഒരു മെന്റൽ ഹെൽത്ത് ട്രീറ്റ്മെന്റ് പ്ലാൻ  വേണം. ജി പിയുടെ പരിശോധനയും അനിവാര്യമാണ്.  

രോഗബാധയുള്ള സമയത്ത് മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും സർക്കാരിന്റെ ഡിജിറ്റൽ മാനസികാരോഗ്യ പോർട്ടലായ ഹെഡ് ടു ഹെൽത്തിൽ (www.headtohealth.gov.au) നിന്ന് ലഭിക്കും. സെൽഫ് ഐസൊലേഷനിലായിരിക്കുമ്പോഴും, കുട്ടികളെയും മറ്റു പ്രിയപ്പെട്ടവരെയും എങ്ങനെ പിന്തുണയ്ക്കാമെന്നും, കൂടുതൽ മാനസികാരോഗ്യസേവനങ്ങൾ എങങനെ തേടാമെന്നുമെല്ലാം ഇതിൽ നിന്ന് മനസിലാക്കാം. 

വൈദ്യുതി, ജല ബില്ലുകള്‍ക്ക് ഇളവ്

സാമ്പത്തിക പ്രതിസന്ധിയിലുള്ള കുടുംബങ്ങള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ബില്ലടയ്ക്കാന്‍ ഇളവ് നല്‍കുന്നുണ്ട്

  • സാമ്പത്തിക പ്രതിസന്ധിയിലുള്ളവരുടെ കണക്ഷന്‍/സേവനം റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ഇല്ല
  • കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടിയും, കടബാധ്യതാ പട്ടികയില്‍പ്പെടുത്തുന്നതും മാറ്റിവയ്ക്കും
  • ബില്ലടയ്ക്കാന്‍ വൈകുമ്പോഴുള്ള ഫീസും, പലിശയും ഒഴിവാക്കും
  • എന്നാല്‍ ബില്ലുകള്‍ അടയ്ക്കാന്‍ കഴിയുന്നവര്‍ അത് തുടരണം - അവശ്യസേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ അത് അനിവാര്യമാണ്.

എന്തൊക്കെയാണ് സർക്കാർ നടപടികൾ എന്നറിയാൻ, സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പരിശോധിക്കാം

ഇംഗ്ലീഷിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സന്ദർശിക്കുക:

health.gov.au/news/health-alerts/novel-coronavirus-2019-ncov-health-alert 

 
SOURCE AUSTRALIAN GOVERNMENT DEPARTMENT OF HOME AFFAIRS

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.