കുട്ടികൾക്ക് വാക്സിനേഷൻ നിബന്ധനയിൽ ഇളവു ലഭിക്കുന്നതിനായി വ്യാജമായി സർട്ടിഫിക്കറ്റുകൾ നൽകിയ ഡോക്ടർക്ക് ആറു വർഷത്തെ വിലക്കേർപ്പെടുത്തി. ഇയാൾ ഡോക്ടർ എന്ന സ്ഥാനപ്പേര് ഉപയോഗിക്കരുതന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.
കിഴക്കൻ മെൽബണിലെ ഹോതോൺ, മിച്ചം സബർബുകളിൽ ജനറൽ പ്രാക്ടീഷണറായി പ്രവർത്തിച്ചിരുന്ന ജോൺ പീസെ എന്നയാളെയാണ് രജിസ്ട്രേഷൻ ലഭിക്കുന്നതിൽ നിന്നും ഡോക്ടർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാൻ തീരുമാനിച്ചത്.
കുട്ടികളുടെ വാക്സിനേഷൻ ഒഴിവാക്കുന്നതിനായി മാനദണ്ഡങ്ങൾ പാലിക്കാതെ ഇളവു നൽകി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
അടുത്ത ആറു വർഷത്തേക്ക് രജിസ്ട്രേഷനായി അപേക്ഷിക്കാനോ, ആരെയങ്കിലും ചികിത്സിക്കാനോ, ഡോക്ടർ (Dr/Doctor) എന്ന പദവി ഉപയോഗിക്കാനോ ജോൺ പീസെയ്ക്ക് കഴിയില്ല.
വാക്സിനെടുക്കാത്ത കുട്ടികൾക്ക് ആനുകൂല്യം
ഓസ്ട്രേലിയയിൽ “നോ ജാബ്, നോ പ്ലേ” നിയമം നിലവിൽ വന്നതിനു ശേഷമായിരുന്നു ജോൺ പീസെ കേസിനാസ്പദമായ രീതിയിൽ പ്രവർത്തിച്ചത്.
അടിസ്ഥാന വാക്സിനുകളെടുക്കാത്ത കുട്ടികൾക്ക് ചൈൽഡ് കെയറുകളിലും കിന്റർഗാർട്ടനുകളിലും പ്രവേശനം നൽകില്ല എന്നാണ് ഈ നിയമം പറയുന്നത്.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാത്ത കുട്ടികൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഇളവ് ലഭിക്കാനായി 2017ൽ 149 കുട്ടികൾക്ക് തെറ്റായി സർട്ടിഫിക്കറ്റ് നൽകി എന്നാണ് കണ്ടെത്തൽ.
വാക്സിനേഷൻ ഇളവു നൽകുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടി.
2015നും 2017നും ഇടയിൽ 177 മെഡികെയർ വാക്സിനേഷൻ ഫോമുകൾ ജോൺ പീസെ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പൂരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിലൂടെ കുടുംബങ്ങൾക്ക് അനർഹമായി സർക്കാരിൽ നിന്ന് സാമ്പത്തിക ആനുകൂല്യം ലഭിക്കുകയും ചെയ്തു.
ഇതേക്കുറിച്ച് പരാതി ലഭിച്ചപ്പോൾ, വിക്ടോറിയൻ ഡെപ്യൂട്ടി ചീഫ് ഹെൽത്ത് ഓഫീസർ ജോൺ പീസെക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചിരുന്നു.
എന്നാൽ, ഈ കത്തിലെ കുറച്ചുഭാഗം മാത്രം ഉപയോഗിച്ചുകൊണ്ട് വ്യാജമായി മറ്റൊരു കത്ത് ഉണ്ടാക്കിയ ജോൺ പീസെ, തനിക്ക് ഇങ്ങനെ ഇളവ് നൽകാൻ അധികാരമുണ്ടെന്ന് അവകാശപ്പെടുകയാണ് ചെയ്തത്.
ഡെപ്യൂട്ടി ചീഫ് ഹെൽത്ത് ഓഫീസർ തന്റെ ഈ അധികാരം സ്ഥിരീകരിച്ചു എന്നവകാശപ്പെട്ട് ഈ വ്യാജ കത്ത് ജോൺ പീസെ മെഡിക്കൽ ബോർഡിന് സമർപ്പിക്കുകയും ചെയ്തു.
മെഡിക്കൽ ബോർഡിന്റെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന ഇയാൾ, വാക്സിൻ വിരുദ്ധ ഡോക്യുമെന്ററിയുടെ ഭാഗമാകുകയും, മറ്റു ഡോക്ടർമാരോടും ഇതേ രീതി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ, ജോൺ പീസെയുടെ നടപടി ഡോക്ടർമാർക്കുള്ള ഔദ്യോഗിക ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ആറു വർഷത്തേക്ക് രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിൽ നിന്ന് ജോൺ പീസെയെ വിലക്കാനും, ഡോക്ടർ എന്ന പദവി ഉപയോഗിക്കുന്നതും, ചികിത്സ നൽകുന്നതും തടയാനും ട്രൈബ്യൂണൽ ഉത്തരവിട്ടത്.
ഒരു രജിസ്റ്റേർഡ് ഡോക്ടറിൽ നിന്ന് ഇത്തരം നടപടിയുണ്ടാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മെഡിക്കൽ ബോർഡ് മേധാവി ഡോ. ആൻ ടോൻകിൻ പറഞ്ഞു. കുട്ടികളെയും സമൂഹത്തെയും അപകടത്തിലാക്കുന്നതാണ് ഈ പെരുമാറ്റമെന്നും ഡോ. ടോൻകിൻ ചൂണ്ടിക്കാട്ടി.