ഓസ്ട്രേലിയ വീണ്ടും ലോക്ക്ഡൗണുകളിലേക്ക് പോകുന്നത് തടയാൻ വേണ്ടിയാണ് അതിർത്തി തുറക്കൽ നീട്ടിവച്ചതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. ഡെൽറ്റ വൈറസ് പടർന്നു തുടങ്ങിയപ്പോൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചതിന് സമാനമായ നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ ഒമിക്രോൺ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, അതിർത്തി തുറക്കുന്ന നടപടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
ഡിസംബർ ഒന്നിന് രാജ്യത്തിന്റെ അതിർത്തികൾ തുറക്കാനുള്ള തീരുമാനമാണ്, 14 ദിവസത്തേക്ക് നീട്ടിവച്ചത്. ഡിസംബർ 15നായിരിക്കും ഇനി അതിർത്തികൾ തുറക്കുക.
രാജ്യാന്തര വിദ്യാർത്ഥികളും, സ്കിൽഡ് കുടിയേറ്റക്കാരും, പ്രൊവിഷണൽ ഫാമിലി വിസകളിലുള്ളവരും ഉൾപ്പെടെ നിരവധി പേരെയാണ് ഇത് ബാധിക്കുക.
എന്നാൽ, ഇത് താൽക്കാലികമായ നടപടി മാത്രമാണെന്നും, ഡിസംബർ 15ന് തന്നെ അതിർത്തി തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ആരോഗ്യമേഖലാ വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ഓസ്ട്രേലിയ വീണ്ടും ലോക്ക്ഡൗണുകളിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസനും വ്യക്തമാക്കി.
ഒമിക്രോൺ വൈറസ് ഇപ്പോൾ ആശങ്കപ്പെടുന്നതുപോലെ അപകടകരമല്ല എന്ന് വ്യക്തമായാൽ, ഡിസംബർ 15ന് മുമ്പു തന്നെ അതിർത്തി തുറക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇനിയും ജനിതകമാറ്റമുണ്ടായാൽ…
കൊവിഡിന്റെ ഒന്നാം തരംഗത്തെ പിടിച്ചുനിർത്തിയ ശേഷം രാജ്യം സാധാരണഗതിയിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ഇന്ത്യയിൽ നിന്നുള്ള ഡെൽറ്റ വൈറസ് ഓസ്ട്രേലിയയിൽ പടർന്നത്.
ഇതോടെ രാജ്യം കടുത്ത ലോക്ക്ഡൗണിലേക്കും, കൂടുതൽ കർശനമായ അതിർത്തി നിയന്ത്രണങ്ങളിലേക്കും പോയിരുന്നു.
ഒമിക്രോൺ കണ്ടെത്തിയപ്പോഴും രാജ്യാന്തര അതിർത്തി തുറക്കുന്നതിനാണ് അത് ആദ്യം തടസ്സമായത്.
കൊറോണവൈറസിന് ഇനിയും ജനിതകമാറ്റമുണ്ടായി പുതിയ വകഭേദങ്ങൾ വന്നാൽ അപ്പോഴും അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന് സർക്കാരിനോട് മാധ്യമപ്രവർത്തകർ ആരാഞ്ഞു.
നിരവധി വകഭേദങ്ങൾ ഇതിനു മുമ്പും രാജ്യത്ത് കണ്ടെത്തിയെങ്കിലും അതൊന്നും അതിർത്തികളെ ബാധിച്ചിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി ചൂണ്ടിക്കാട്ടി.
ഒമിക്രോൺ അതീവ അപകടകരമാണ് എന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടി. ഭാവിയിൽ ഇത്തരം അതിർത്തി നിയന്ത്രണമുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പൂർണമായി പ്രവചിക്കാൻ കഴിയില്ലെന്നും പോൾ കെല്ലി പറഞ്ഞു.
ഡെൽറ്റ വൈറസ് വ്യാപന സമയത്ത് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചിരുന്ന നടപടി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും അറിയിച്ചു.
ആ സമയത്ത് വിമാനങ്ങൾ നിർത്തിവച്ചതിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിൽ നിന്ന് അര ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴുള്ളത് താൽക്കാലിക നടപടി മാത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇത്തവണത്തെ രോഗബാധ നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ ബാധ സംശയിക്കുന്നയാൾ സമൂഹത്തിൽ സജീവം
ന്യൂ സൗത്ത് വെയിൽസിൽ ഒമിക്രോൺ വൈറസ് ബാധിച്ചെന്ന് കരുതുന്ന ഒരാൾ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാരമറ്റ, റൈഡ്, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിലായിരുന്നു ഈ സ്ത്രീ രോഗബാധയുള്ളപ്പോൾ പോയിരുന്നത്. സിഡ്നിയിൽ നിന്ന് കാറിലാണ് സെൻട്രൽ കോസ്റ്റിലേക്കെത്തിയത്.
ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് എത്തിയ ഈ സ്ത്രീ രണ്ടു ഡോസ് വാക്സിനുമെടുത്തിരുന്നു എന്നും സർക്കാർ വ്യക്തമാക്കി.
ഈ കേസ് സ്ഥിരീകരിച്ചാൽ ന്യൂ സൗത്ത് വെയിൽസിലെ ഒമിക്രോൺ ബാധ അഞ്ചായി ഉയരും.