മെല്‍ബണിലെ സെന്‍ട്രല്‍ കോര്‍ട്ടില്‍ പുതിയ ഗ്രാന്റ്സ്ലാം റെക്കോര്‍ഡ് തേടിയെത്തിയ നൊവാക്ക് ജോക്കോവിച്ചിന്, ഫെഡറല്‍ കോര്‍ട്ടിലെ തോല്‍വിയോടെ മടക്കം. ജോക്കോവിച്ചിന്റെ വിസ റദ്ദാക്കാനുള്ള കുടിയേറ്റകാര്യ വകുപ്പിന്റെ തീരുമാനം ഫെഡറല്‍ കോടതി ശരിവച്ചു.
വിസ റദ്ദാക്കിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച് നല്കിയ പരാതി ഫെഡറല്‍ കോടതിയുടെ മൂന്നംഗ ഫുള്‍ ബഞ്ചാണ് തള്ളിയത്.
ഇത് രണ്ടാം തവണയാണ് വിസ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ജോക്കോവിച്ച് കോടതിയിലെത്തിയത്.
ആദ്യ തവണ ജോക്കോവിച്ചിന് അനുകൂലമായ കോടതി വിധിയാണ് ഉണ്ടായതെങ്കിലും, പിന്നീട് കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക്ക് തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് വിസ വീണ്ടും റദ്ദാക്കുകയായിരുന്നു.
തിങ്കളാഴ്ച ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങാനിരിക്കെ, ഞായറാഴ്ച അടിയന്തരമായി വാദം കേട്ട ഫെഡറല്‍ കോടതി ജോക്കോവിച്ചിന്റെ അപേക്ഷ തള്ളി. ചീഫ് ജസ്റ്റിസ് ജെയിംസ് ആള്സപ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
സര്‍ക്കാര്‍ നടപടി ശരിവച്ച കോടതി, അതിന്റെ കാരണങ്ങള്‍ ഇതുവരെയും വിശദമാക്കിയിട്ടില്ല. ഇത് പിന്നീട് മാത്രമേ അറിയിക്കൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ കോടതി ചെലവും ജോക്കോവിച്ച് വഹിക്കണമെന്നാണ് ഉ്ത്തരവ്.
വിസ റദ്ദാക്കിയതിനു പിന്നാലെ മെല്‍ബണിലെ കുടിയേറ്റകാര്യവകുപ്പിന്റെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ ജോക്കോവിച്ചിന്, ഇനി നാടുകടത്തല്‍ വരെ അവിടെ കഴിയേണ്ടിവരും.
ജോക്കോവിച്ചിന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനം രാജ്യത്ത് 'വാക്സിന് വിരുദ്ധത' പ്രോത്സാഹിപ്പിക്കുമെന്നും, 'ആഭ്യന്തര അസ്വാരസ്യങ്ങള്‍ക്ക്' ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അലക്സ് ഹോക്ക് വിസ റദ്ദാക്കിയത്.
കൊവിഡിനെതിരെയുള്ള ഓസ്ട്രേലിയയുടെ പോരാട്ടത്തെ തന്നെ അപകടത്തിലാക്കുന്നതാകും ഇതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
കൊവിഡ് വാക്സിന് എടുത്തിട്ടില്ലാത്ത ജോക്കോവിച്ച്, അത് ന്യായീകരിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോര്‍ഡര്‍ ഫോഴ്സ് ആദ്യം വിസ റദ്ദാക്കിയത്. എന്നാല്‍ ഇത് കോടതി അസാധുവാക്കിയിരുന്നു.
എന്നാല്‍, ജോക്കോവിച്ചിന്റെ വാക്സിന് വിരുദ്ധ നിലപാടുകളും, കൊവിഡ് പോസിറ്റീവായിരിക്കുന്ന സമയത്ത് പോലും സാമൂഹ്യ നിയന്ത്രണങ്ങള്‍ പാലിക്കാത്തതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
അതേസമയം, ജോക്കോവിച്ചിന് വാക്സിന് വിരുദ്ധ നിലപാടുണ്ട് എന്നത് മാധ്യമറിപ്പോര്‍ട്ടുകളുടെ തെറ്റായ വ്യാഖ്യാനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചത്. ജോക്കോവിച്ചിന്റെ നിലപാട് കുടിയേറ്റകാര്യമന്ത്രി ചോദിച്ചിട്ടില്ലെന്നും അവര്‍ വാദിച്ചു.
അത്തരത്തില്‍ നേരിട്ട് നിലപാട് ചോദിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുവാദം.
തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, അതിനപ്പുറം സാമാന്യബോധവും, കാഴ്ചപ്പാടും അടിസ്ഥാനപ്പെടുത്തി വിസ റദ്ദാക്കാന്‍ കുടിയേറ്റകാര്യമന്ത്രിക്ക് വിശാല അധികാരം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലപാട് കോടതി ശരിവച്ചത്.