മെൽബണിൽ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ കൊവിഡ് വ്യാപനം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്ത് സ്ഥിരീകരിച്ച് കൊവിഡ് കേസുകളിൽ 70 ശതമാനവും ഏജ്ഡ് കെയറുകളിൽ കഴിയുന്നവരാണ്. ഏജ്ഡ് കെയർ ജീവനക്കാർക്കും വ്യാപകമായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നതും ഏജ്ഡ് കെയറുകളിലാണ്.
ഏജ്ഡ് കെയറുകളുമായി ബന്ധപ്പെട്ട് 80ലേറെ പ്രദേശങ്ങളിൽ വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതായത്, സംസ്ഥാനത്ത് ആകെയുള്ള 430 ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ അഞ്ചിലൊന്നു കേന്ദ്രങ്ങളിലും കൊറോണവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു.
ഏജ്ഡ് കെയർ ക്ലസ്റ്ററുകളിൽ ഇപ്പോൾ 769 കേസുകളാണ് സജീവമായുള്ളത്.
414 ആരോഗ്യമേഖലാ പ്രവർത്തകർക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
വിക്ടോറിയൻ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഏറ്റവുമധികം കൊറോണവൈറസ് ബാധയുള്ള ഏജ്ഡ് കെയർ കേന്ദ്രങ്ങൾ ഇവയാണ്:
- ആർഡീറിലെ എസ്റ്റിയ ഏജ്ഡ് കെയർ - 88 കേസുകൾ
- ഫോക്നറിലെ സെന്റ് ബേസിൽസ് ഹോം – 86 കേസുകൾ
- എപ്പിംഗ് ഗാർഡൻസ് ഏജ്ഡ് കെയർ: 82 കേസുകൾ
- കിൽസിത്ത് കിർക്ക്ബ്രേ പ്രെസ്ബെറ്റേറിയൻ ഹോംസ് – 76 കേസുകൾ
- എസ്സൻഡൻ മെനറോക്ക് ലൈഫ് – 62 കേസുകൾ
- വെറിബീ ഗ്ലെൻഡേൽ ഏജ്ഡ് കെയർ -53 കേസുകൾ
- ഹൈഡൽബർഗ് എസ്റ്റിയ ഏജ്ഡ് കെയർ - 50 കേസുകൾ
ഏജ്ഡ് കെയറുകളിലുള്ള 200ഓളം പേരെ വൈറസ് ബാധയെത്തുടർന്ന് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ഏജ്ഡ് കെയറുകളിൽ കഴിയുന്നവരെ പ്രവേശിപ്പിക്കാൻ പല ആശുപത്രികളും വിസമ്മതിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിൽ തെറ്റൊന്നുമില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു. ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ മതിയായ പരിചരണവും ചികിത്സയും കിട്ടുന്നില്ലെങ്കിൽ മാത്രമേ പബ്ലിക് ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ടതുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്ന സൈനികരിൽ വലിയൊരു ഭാഗവും ഏജ്ഡ് കെയറുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഏജ്ഡ് കെയർ ജീവനക്കാർ പലരും ഐസൊലേഷനിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തിലാണ് സൈന്യത്തിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഇവിടെ ഉപയോഗിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിൽ ഇലക്ടീവ് ശസ്ത്രക്രിയകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ജീവനക്കാരെ ഏജ്ഡ് കെയറുകളിലേക്ക് ലഭ്യമാക്കാൻ കഴിയും എന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്.
ഹോട്ടൽ ക്വാറന്റൈനിൽ വന്ന പാളിച്ചയാണ് ഏജ്ഡ് കെയറുകളിലെ ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഹ് ഹണ്ട് പറഞ്ഞു.
ഏജ്ഡ് കെയർ ജീവനക്കാരെ ഈ പ്രതിസന്ധിയുടെ പേരിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡ് സ്ഥിരീകരിച്ച ഏജ്ഡ് കെയർ ജീവനക്കാരിൽ നല്ലൊരു ഭാഗവും ഒരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹും സൂചിപ്പിച്ചു.
വിക്ടോറിയയിലെ ഏജ്ഡ് കെയർ സാഹചര്യം പരിശോധിക്കാനായി ക്വീൻസ്ലാന്റ് സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കാൻബറയിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
ഏജ്ഡ് കെയർ ജീവനക്കാർക്ക് പാൻഡമിക് ലീവ്
അതിനിടെ, രാജ്യത്തെ എല്ലാ ഏജ്ഡ് കെയർ ജീവനക്കാർക്കും രണ്ടാഴ്ചത്തെ പാൻഡമിക് ലീവിനുള്ള വ്യവസ്ഥ ഏർപ്പെടുത്താൻ ഫെയർ വർക്സ് കമ്മീഷൻ തീരുമാനിച്ചു.
കൊവിഡ് ലക്ഷണങ്ങൾ മൂലമോ, അല്ലെങ്കിൽ കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായി എന്ന സംശയം മൂലമോ സ്വയം ഐസൊലേറ്റ് ചെയ്യുന്നർക്കാണ് ഈ ലീവ് ലഭിക്കുക.
ശമ്പളത്തോടെയുള്ള 14 ദിവസത്തെ പാൻഡമിക് ലീവാണ് നൽകുന്നത്.
ജൂലൈ 29 ബുധനാഴ്ച മുതൽ നിലവിൽ വരുന്ന ഈ ലീവ് വ്യവസ്ഥ, മൂന്നു മാസം നിലനിൽക്കും.

ആവശ്യത്തിന് ലീവ് ഇല്ലാത്ത ജീവനക്കാർ നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും അത് മറച്ചുവച്ച് ജോലി ചെയ്യാൻ സാധ്യതയുണ്ടെന്നും, ഈ സാഹചര്യം ഒഴിവാക്കാനാണ് ശമ്പളത്തോടെയുള്ള പാൻഡമിക് ലീവെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ ലീവ് ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകൾ ഇവയാണ്:
- 17 വയസിനു മുകളിൽ പ്രായമുള്ള ജീവനക്കാരാകണം.
- ജോലി ചെയ്യാൻ സാധ്യതയുള്ള ദിവസങ്ങളിൽ ഐസൊലേഷനിൽ പോകേണ്ടി വന്നാലാണ് ഈ ലീവ് ലഭിക്കുക
- മറ്റേതെങ്കിലും ലീവ് ആനുകൂല്യങ്ങളോ, ജോബ് കീപ്പർ ആനുകൂല്യമോ ലഭിക്കുമ്പോൾ ഈ ലീവ് ലഭിക്കില്ല
- പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാൽ അവർ വർക്കേഴ്സ് കോംപൻസേഷൻ ലീവായിരിക്കും എടുക്കേണ്ടത്. പെയ്ഡ് പാൻഡമിക് ലീവിനു പകരം ഇതിലേക്കു മാറും
- സ്വയം ഐസൊലേറ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകുന്നത് ഡോക്ടറാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- മറ്റ് പേഴ്സണൽ ലീവ് ആനുകൂല്യങ്ങളെല്ലാം തീർന്നു കഴിഞ്ഞവർക്ക് മാത്രമേ പെയ്ഡ് പാൻഡമിക് ലീവ് ലഭിക്കൂ
കാഷ്വൽ ജീവനക്കാരാണെങ്കിൽ സ്ഥിരം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കാകും ലീവ് ലഭിക്കുക.
വിക്ടോറിയയിൽ കൊവിഡ് പരിശോധന കഴിഞ്ഞ് ജോലി ചെയ്യാൻ കഴിയാത്തവർക്ക് മറ്റ് ലീവ് ആനുകൂല്യങ്ങളില്ലെങ്കിൽ 300 ഡോളർ സഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

