OCI കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം മൂലം കഴിഞ്ഞ മാസങ്ങളില്‍ നിരവധി യാത്രക്കാരെ വിമാനക്കമ്പനികള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.
പലരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയും ചെയ്തു.
50 വയസു കഴിഞ്ഞവര്‍ എപ്പോള്‍ OCI കാര്‍ഡ് പുതുക്കണം എന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം.
50 വയസു പൂര്‍ത്തിയായവര്‍ ഒരിക്കല്‍ മാത്രം OCI കാര്‍ഡ് പുതുക്കിയാല്‍ മതിയെന്നും, പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രമാണ് OCI കാര്‍ഡും പുതുക്കേണ്ടതെന്നുമായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്.
മുമ്പ് എസ് ബി എസ് പഞ്ചാബിക്ക് നല്‍കിയ ഇമെയില്‍ അഭിമുഖത്തിലും ഇക്കാര്യം ഹൈകമ്മീഷന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ചവരോട് കടകവിരുദ്ധമായ മറുപടിയാണ് സിഡ്‌നിയിലെയും മെൽബണിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ നല്‍കുന്നത്.
50 വയസു കഴിഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ട് കാലാവധി ബാക്കിയുണ്ടെങ്കില്‍ പോലും OCI പുതുക്കണമെന്നാണ് കോണ്‍സുലേറ്റുകളുടെ നിര്‍ദ്ദേശം.
മലയാളികളുള്‍പ്പെടെ നിരവധി യാത്രക്കാരെ ഇത് വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും, അധികൃതരില്‍ നിന്ന ലഭിച്ച മറുപടിയും സിഡ്‌നി സ്വദേശി ഷാജി കരീക്കളം എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചത് ഇവിടെ കേള്‍ക്കാം.

Email from CGI, Melbourne Source: Supplied
ക്യാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള അഡൈ്വസറിക്ക് കടകവിരുദ്ധമായ വാര്‍ത്താക്കുറിപ്പ് മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് എസ് ബി എസ് മലയാളം ക്യാന്‍ബറിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.