രോഗസാഹചര്യം ഗുരുതരമായ രാജ്യങ്ങളുമായുള്ള യാത്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചത്.
ഇന്ത്യയാണ് ഇത്തരത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങള്‍ക്ക് ഇപ്പോഴത്തെ ഏറ്റവും പ്രധാന ഉദാഹരണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
ഫെഡറല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഡാര്‍വിനിലേക്ക് വരുന്ന ക്വാണ്ടസ് വിമാനങ്ങള്‍ക്കും, സിഡ്‌നിയിലേക്ക് എത്തുന്ന മറ്റ് വിമാനങ്ങള്‍ക്കും ഇത് ബാധകമാണ്.
നിലവില്‍ സിഡ്‌നിയിലേക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ വിമാനങ്ങള്‍ എത്തുന്നത്.

Prime Minister Scott Morrison speaks during a press conference following a National Cabinet meeting. Source: Getty Images AsiaPac
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഏറ്റവുമധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയവരിലാണ്.
അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കണമെന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ദേശീയ ക്യാബിനറ്റ് നിയന്ത്രണം പ്രഖ്യാപിച്ചത്.
യാത്രയ്ക്ക് മുമ്പുള്ള 14 ദിവസങ്ങളില്‍ ഇന്ത്യയിലുണ്ടായിരുന്നവര്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തിയാലും PCR സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം കയറുന്ന സ്ഥലത്തു നിന്നും 72 മണിക്കൂറിനുള്ളില്‍ PCR പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.
അതായത്, ഇന്ത്യയില്‍ നിന്ന് ദുബായിലെത്തിയ ശേഷം മറ്റൊരു വിമാനത്തില്‍ ഓസ്‌ട്രേലിയയിലേക്ക് വരികയാണെങ്കില്‍, ദുബായില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ PCR പരിശോധനയുടെ ഫലമാകും കാണിക്കേണ്ടത്.
ഇത് എങ്ങനെ നടപ്പാക്കണം എന്ന കാര്യം വിദേശ അധികൃതരുമായി ചര്‍ച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലേക്ക് പോകാനും കൂടുതല്‍ നിയന്ത്രണം
ഇന്ത്യ ഉള്‍പ്പെടെയുള്ള ഹൈ റിസ്‌ക് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് നല്‍കുന്ന ഇളവ് കൂടുതല്‍ കര്‍ശനമാക്കാനും ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.
'വരും മാസങ്ങളിലാകും' ഇത് നടപ്പാക്കുക എന്നും, ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍, പ്രത്യേക ഇളവ് നേടിയാല്‍ മാത്രമേ ഓസ്‌ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.
എന്നാല്‍, ഉറ്റബന്ധുക്കളുടെ മരണവും, വിവാഹവും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ പോലും ഈ ഇളവ് നല്‍കുന്നത് പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
'ഏറ്റവും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇളവ് നല്‍കാവൂ എന്ന് ബോര്‍ഡര്‍ ഫോഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു.