ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയീൽപ്പെട്ടവർക്ക് സഹായം എത്തിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, അതിന് ഏറ്റവും ഉചിതമായ മാർഗ്ഗങ്ങൾ എന്തൊക്കെ എന്നറിയാം.
സമീപകാലത്ത് ലോകം കണ്ട ഏറ്റവും രൂക്ഷമായ കാട്ടുതീയിലൂടെയാണ് ഓസ്ട്രേലിയ ഇപ്പോൾ കടന്നുപോകുന്നത്.
60 ലക്ഷം ഹെക്ടറിലേറെ കാട് കത്തിനശിച്ചു. ന്യൂ സൗത്ത് വെയിൽസിൽ മാത്രം 50 കോടിയിലേറെ ജീവജാലങ്ങൾ വെന്തുമരിച്ചു.
മനുഷ്യന്റെ ജീവാപായം 27 കടന്നു. 280ലേറെ പ്രദേശങ്ങളിൽ ഇപ്പോഴും കാട്ടുതീ പടരുന്നു.
കാട്ടുതീ ദുരന്തത്തിന്റെ വ്യാപ്തി ഈ വീഡിയോയിൽ കാണാം:
കാട്ടുതീ ബാധിത പ്രദേശങ്ങളിലുള്ള ജനങ്ങളെയും അഗ്നിശമന സേനാംഗങ്ങളെയും സഹായിക്കാൻ കഴിയുന്ന അംഗീകൃത മാർഗ്ഗങ്ങൾ ഇവയാണ്.
സാമ്പത്തിക സഹായം
വിക്ടോറിയൻ ബുഷ്ഫയർ അപ്പീൽ
കാട്ടുതീ ബാധിച്ചവരെ സഹായിക്കാനായി വിക്ടോറിയൻ സർക്കാർ ഒരു ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ രണ്ടു മില്യൺ ഡോളറാണ് ഇതിലേക്ക് ആദ്യസംഭാവനയായി നൽകിയത്.
സാൽവേഷൻ ആർമിയും, ബെൻഡിഗോ ബാങ്ക് കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫൗണ്ടേഷനും ഈ പദ്ധതിയിൽ പങ്കാളികളാണ്. ഇവരുടെ സഹായത്തോടെയായിരിക്കും പണം ചെലവാക്കുന്നതും പുനരധിവാസ പ്രവർത്തനങ്ങൽ നടത്തുന്നതും.
“കുടുംബങ്ങളിലടെ അടിസ്ഥാന ആവശ്യങ്ങൾ” നിറവേറ്റാനായിരിക്കും ഈ ഫണ്ട് ഉപയോഗിക്കുക എന്നാണ് സർക്കാർ വ്യക്തമാക്കിയത്. അടുക്കള സാധനങ്ങൾ മുതൽ സ്കൂൾ യൂണിഫോമുകൾ വരെ വാങ്ങാൻ.
കാട്ടുതീ ബാധിച്ച മൃഗങ്ങളുടെ രക്ഷയ്ക്കും പുനരധിവാസത്തിനും കൂടി ഈ ഫണ്ട് ഉപയോഗിക്കും.
അഗ്നിശമന വിഭാഗങ്ങൾ
ഓരോ സംസ്ഥാനത്തിന്റെയും കീഴിലുള്ള റൂറൽ ഫയർ സർവീസ് വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയും.
- Victoria: CFA
- NSW: RFS
- South Australia: CFS Foundation
- Queensland: RFBAQ
അഗ്നിശമന പ്രവർത്തകരുടെ കുടുംബങ്ങൾക്ക്
കാട്ടുതീയണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ജീവൻ ബലികഴിച്ച അഗ്നിശമന സേനാംഗങ്ങളുടെ കുടുംബങ്ങളെ സഹായിക്കാൻ NSW റൂറൽ ഫയർ സർവീസ് ഔദ്യോഗിക ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.
സാമുവൽ മക്പോൾ, ജെഫ്റി കീറ്റൺ, ആൻഡ്ര്യൂ ഒഡ്വയർ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഇത്.
30 മില്യൺ സമാഹരിച്ച് കൊമേഡിയൻ
സിഡ്നി സ്വദേശിയായ കൊമേഡിയൻ സെലെസ്റ്റെ ബാർബർ ഫേസ്ബുക്ക് വഴി നടത്തുന്ന ധനസമാഹരണം ഇതിനകം മൂന്നു കോടി ഡോളർ കവിഞ്ഞിട്ടുണ്ട്.
ലോകത്തെമ്പാടും നിന്നുള്ളവരാണ് ഇതിൽ സഹായം നൽകുന്നത്. ന്യൂ സൗത്ത് വെയിൽസിലെ ഫയർ സർവീസിനെ സഹായിക്കാനാണ് ഇത്.
കാട്ടുതീ സമയത്ത് സംസ്ഥാന ഫയർ സർവീസിന് രണ്ടാഴ്ച പ്രവർത്തിക്കാനുള്ള തുകയാണ് ഇതുവരെ പിരിഞ്ഞുകിട്ടിയിരിക്കുന്നത്.
ഓസ്ട്രേലിയൻ റെഡ് ക്രോസ്
ഓസ്ട്രേലിയൻ റെഡ് ക്രോസിന്റെ പൊതു ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കാട്ടുതീ ബാധിതരെ സഹായിക്കുന്നുണ്ട്.
പുതുവർഷം പിറന്ന ശേഷം എട്ടു മില്യൺ ഡോളറാണ് റെഡ് ക്രോസിന് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്.
സാൽവേഷൻ ആർമി
രക്ഷാ പ്രവർത്തന രംഗത്തുള്ളവർക്ക് സാൽവോസ് ഭക്ഷണമെത്തിക്കുന്നുണ്ട്. സാൽവോസും അതിനായി ധനസമാഹരണം നടത്തുന്നുണ്ട്.
സെന്റ് വിൻസന്റ് ഡി പോൾ
കാട്ടുതീ ബാധിച്ചവർക്ക് ഭക്ഷണവും വസ്ത്രങ്ങളും കിടക്കയുമൊക്കെ എത്തിക്കുകയാണ് വിന്നീസ്.
വന്യജീവി സംരക്ഷണം
NSWലെ വൈൽഡ്ലൈഫ് ഇൻഫർമേഷൻ, റെസ്ക്യൂ ആന്റ് എഡ്യൂക്കേഷൻ സർവീസസ് (WIRES) വഴി ജൈവ സമ്പത്ത് സംരക്ഷിക്കാനായി സഹായം നൽകാം.
മോഗോ വന്യജീവി സംരക്ഷണകേന്ദ്രവും, പോർട്ട് മക്വാറിയിലെ കൊവാല ആശുപത്രിയും ഗോ ഫണ്ട് മീ പേജ് വഴി ധനസമാഹരണം നടത്തുന്നുണ്ട്. ഇവയ്ക്ക് യഥാക്രമം 50,000 ഡോളറും 3.1 മില്യൺ ഡോളറുമാണ് ഇതുവരെ ലഭിച്ചത്.
ഫുഡ്ബാങ്ക്
കാട്ടുതീയിൽപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കുന്ന ഓസ്ട്രേലിയൻ സ്ഥാപനമാണ് ഫുഡ് ബാങ്ക്. എമർജൻസി വിഭാഗങ്ങളിലുള്ളവർക്കും, അവർ രക്ഷപ്പെടുത്തുന്ന ജനങ്ങൾക്കും ഇവർ ഭക്ഷണം എത്തിക്കും.
സാമ്പത്തിക സഹായമായും, ഭക്ഷണ വസ്തുക്കളായും ഫുഡ് ബാങ്ക് സംഭാവന സ്വീകരിക്കും.
ഗോ ഫണ്ട് മീ
ആർക്കും ധനസമാഹരണം തുടങ്ങാൻ കഴിയുന്ന ഈ വെബ്സൈറ്റ് വഴിയും മില്യൺ കണക്കിന് ഡോളർ ഇതിനകം പിരിച്ചുകഴിഞ്ഞു. വിക്ടോറിയയിലെ Mallacoota Fires Support Fund ൽ 1,38,000 ഡോളറും, Cudgewa and surrounding Victorian towns ൽ 1,10,000 ഡോളറും.
പക്ഷേ ഇതിലൂടെയുള്ള ധനസമാഹരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ആർക്കും ഇത്തരമൊരു പേജ് തുടങ്ങാം എന്നതിനാൽ തട്ടിപ്പുകൾ ഒരുപാട് നടക്കാറുണ്ട്.
NSWലെ കൊബാർഗോയിൽ കാട്ടുതീയിൽ മരിച്ച പാട്രിക് സാൽവേയുടെ സംസ്കാരചടങ്ങുകൾക്ക് എന്ന പേരിൽ തുടങ്ങിയ ഫണ്ട് തന്നെ ഉദാഹരണം.
പാട്രിക് സാൽവേയുടെ ബന്ധുവിന്റെ പേരിൽ തുടങ്ങിയ ഈ ധനസമാഹരണം അവർ അറിഞ്ഞതുപോലുമില്ല. 4000 ഡോളറോളം പിരിച്ചുകഴിഞ്ഞ് മാത്രമാണ് ഈ തട്ടിപ്പ് മനസിലായത്.
സാധനങ്ങൾ നൽകി സഹായിക്കാൻ
ക്വീൻസ്ലാന്റ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന Givit എന്ന സ്ഥാപനം ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തും സഹായം എത്തിക്കുന്നുണ്ട്.
അതേസമയം, വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അഭ്യർത്ഥിച്ചിരിക്കുന്നത് സംസ്ഥാനത്തേക്ക് സാമ്പത്തിക സഹായം മാത്രം നൽകാനാണ്.
വസ്ത്രങ്ങളോ ഭക്ഷണമോ ഒക്കെ നൽകിയാൽ അത് തരംതിരിക്കുന്നതും എത്തിക്കുന്നതും ഈ സമയത്ത് പ്രായോഗികമല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
Additional reporting: AAP