ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന ഇന്ത്യൻ ചലച്ചിത്രമേളയായ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFM) ഇത്തവണ ആകെ 60 ചിത്രങ്ങളാണുള്ളത്.
എല്ലാ വർഷവും വിവിധ ഇന്ത്യൻ താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം സാന്നിദ്ധ്യത്തിൽ നടത്തുന്ന ഫെസ്റ്റിവൽ, കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ഓൺലൈൻ രൂപത്തിലാക്കിയത്.
ഒക്ടോബർ 23 മുതൽ 30 വരെയാണ് മേള നടക്കുന്നത്.
ഓൺലൈൻ രൂപത്തിലായതിനാൽ, ഓസ്ട്രേലിയയുടെ ഏതു ഭാഗത്തുള്ളവർക്കും സിനിമകൾ കാണാൻ കഴിയും എന്ന് സംഘാടകർ അറിയിച്ചു.
IFFMന്റെ വെബ്സൈറ്റിൽ നിന്ന് ഈ ഒരാഴ്ച സൗജന്യമായി സിനിമകൾ സ്ട്രീം ചെയ്യാം.
6 മലയാള ചിത്രങ്ങൾ
ആകെ 17 ഭാഷകളിലായാണ് 60 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
സ്വതന്ത്ര സംവിധായകരുടെ ഹ്രസ്വ ചിത്രങ്ങൾ മുതൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ വരെ മേളയിലുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ടർ മിട്ടു ഭൗമിക് ലാംഗെ പറഞ്ഞു.
ആറ് മലയാള ചിത്രങ്ങളാണ് ഇതിലുള്ളത്.
ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, ജെ ഗീതയുടെ റൺ കല്യാണി, പ്രതാപ് ജോസഫിന്റെ ഒരു രാത്രി ഒരു പകൽ, ഷഹീൻ ഷെരീഫിന്റെ വാച്ച്മേക്കർ അറ്റ് ടൈംസ് എൻഡ് എന്നിവയാണ് മലയാള ചിത്രങ്ങൾ.
ബോളിവുഡിൽ നിന്നുള്ള 16 ചിത്രങ്ങളും, മൂന്നു തമിഴ് ചിത്രങ്ങളും, ഏഴു ബംഗാളി ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
ഓസ്ട്രേലിയയിൽ തന്നെ നിർമ്മിച്ച ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഓസ്ട്രേലിയൻ മെന്റൽ ഹെൽത്ത് ഫൗണ്ടേഷനുമായി ചേർന്നാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.