അഡ്ലൈഡിലെ ഫെറിഡൻ പാർക്കിൽ പ്രവർത്തിച്ചുവന്ന ഫെൻബ്രീസ് ഹോംസ് എന്ന നിർമ്മാണ കമ്പനി ഉപഭോക്താക്കളിൽ നിന്നും ചെയ്യാത്ത സേവനങ്ങളുടെ പേരിൽ പണം കൈപ്പറ്റിയെന്നും, വ്യാജ പബ്ലിക് ഇൻഡെംനിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയെന്നുമാണ് ആരോപണം.
കമ്പനിയുടെ ഡയറക്‌ടർ ബിജു ജോസഫ് കാവിൽപുരയിടത്തിലിന്റെ ലൈസൻസും റദ്ദാക്കിയാതായി കൺസ്യൂമർ ആൻഡ് ബിസിനസ് സർവീസസ് അറിയിച്ചു. ഉപഭോക്താക്കളിൽ നിന്നും നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണർ ഡിനി സൊളിയോ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് കൺസ്യൂമർ ആൻഡ് ബിസിനസ് സർവീസസ് അറിയിച്ചു.
നിർമ്മാണം പൂർത്തിയാക്കാത്ത വീടുകളുടെ പേരിൽ നിരവധി പേരിൽ നിന്നും കമ്പനി പണം കൈപ്പറ്റിയതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഡിനി സൊളിയോ പറഞ്ഞു. ഇത് ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഫെൻബ്രീസ് ഹോംസിൽ നിന്ന് ഇൻഡെംനിറ്റി സർട്ടിഫിക്കറ്റുകൾ ലഭിച്ചവർ സാധുത ഉറപ്പുവരുത്തണം"
ഉപഭോക്താക്കൾക്ക് വ്യാജ ബിൽഡിംഗ് ഇൻഡെംനിറ്റി ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് ആരോപണമുള്ളതായും അദ്ദേഹം സ്ഥിരീകരിച്ചു.
നിർമ്മാണ കമ്പനിയുടെ പിഴവ് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുകയോ, പണി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരികയോ ചെയ്താൽ, വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ളതാണ് ഇൻഡെംനിറ്റി ഇൻഷുറൻസ്.
കെട്ടിട നിർമ്മാണ കമ്പനിക്കാണ് ഇത്തരം ഇൻഡെംനിറ്റി സർട്ടിഫിക്കറ്റുകൾ നൽകാനുള്ള ഉത്തരവാദിത്തം. എന്നാൽ വ്യാജ ഇൻഡെംനിറ്റി സർട്ടിഫിക്കറ്റുകളാണ് ഉപഭോക്താക്കൾക്ക് ഈ കമ്പനി നല്കിയിരിക്കുന്നതെന്നാണ് ആരോപണം.
അതുകൊണ്ടുതന്നെ ഫെൻബ്രീസ് ഹോംസിൽ നിന്നും ഇൻഡെമിനിറ്റി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ളവർ അതിന്റെ സാധുത ഉറപ്പുവരുത്തണമെന്നും, ഈ കമ്പനിയുമായി ഇടപാടുകൾ നടത്തിയതിൽ ആശങ്കയുള്ളവർ 131 882 എന്ന നമ്പറിൽ എത്രയും വേഗം കൺസ്യൂമർ ആൻഡ് ബിസിനസ് സർവീസസിനെ ബന്ധപ്പെടേണ്ടതാണെന്നും കമ്മീഷണർ അറിയിച്ചു.
ഫെൻബ്രീസ് ഹോംസുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ താല്പര്യമുള്ളവർ എസ് ബി എസ് മലയാളത്തെ ബന്ധപ്പെടുക.