ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് പത്ത് ലക്ഷം വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി.
ഫെഡറൽ സർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ നിക്ഷേപകർ, നിർമ്മാണ മേഖല എന്നിവർ തമ്മിലുള്ള ധാരണയുടെ ഭാഗമായി പത്ത് ലക്ഷം വീടുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
നാഷണൽ ഹൗസിംഗ് അക്കോർഡ് എന്ന പേരിലുള്ള ധാരണ ആദ്യ വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുമെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് ചെലവ് കുറവിൽ താമസിക്കാൻ കഴിയുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
രാജ്യത്ത് രൂക്ഷമായിരിക്കുന്ന വീടുകളുടെ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വിപുലമായ പദ്ധതി.
2024 മുതലുള്ള അഞ്ചു വർഷത്തെ കാലയളവിൽ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് അനുസൃതമായി വീടുകളുടെ ലഭ്യതയില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ട്രഷറർ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ കാലയളവിൽ ഫെഡറൽ സർക്കാർ 10,000 വീടുകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഫെഡറൽ സർക്കാരിന് 350 മില്യൺ ഡോളർ ചെലവ് വരും.
ഫെഡറൽ സർക്കാരിന്റെ നടപടിക്ക് സമാനമായ രീതിയിലും എണ്ണത്തിലും സംസ്ഥാനങ്ങളും ടെറിറ്ററികളും വീടുകൾ നിർമ്മിക്കാൻ മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ട്. 20,000 വീടുകളാണ് സംസ്ഥാനങ്ങളിൽ നിന്നും ടെറിറ്ററികളിൽ നിന്നും കണക്ക്കൂട്ടുന്നത്.
പത്ത് ബില്യൺ ഡോളർ ചെലവ് വരുന്ന ഹൗസിംഗ് ഓസ്‌ട്രേലിയ ഫ്യുച്ചർ ഫണ്ട് സ്ഥാപിക്കുന്നതിലൂടെ വീടുകളുടെ ലഭ്യത കൂട്ടാനും സർക്കാർ ഉദ്ദേശിക്കുന്നു.
ഈ സോഷ്യൽ ഹൗസിംഗ് പദ്ധതിയിലൂടെ 30,000 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ 4,000 വീടുകൾ ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് നിർമ്മിക്കുക.
നാഷണൽ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ച്ചറിലൂടെ 575 മില്യൺ ഡോളർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എളുപ്പത്തിൽ ലഭ്യമാക്കി 5,500 പുതിയ വീടുകൾ നിർമ്മിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
'ഹെല്പ് ടു ബയ്' എന്ന പേരിലുള്ള സർക്കാരുമായി ഓഹരി പങ്കിട്ടുള്ള പദ്ധതിയിലൂടെ കൂടുതൽ പേർക്ക് ആദ്യ വീട് സ്വന്തമാക്കാൻ കഴിയുമെന്ന് സർക്കാർ കണക്ക്കൂട്ടുന്നു.
പദ്ധതിയിലൂടെ അർഹതയുള്ള ഓസ്‌ട്രേലിയക്കാർക്ക് കുറഞ്ഞ ഡെപ്പോസിറ്റ് ഉപയോഗിച്ച് വീട് സ്വന്തമാക്കാൻ കഴിയും.
'റീജിയണൽ ഫസ്റ്റ് ഹോം ബയർ' പദ്ധതിയും സഹയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ സാമ്പത്തിക വർഷത്തിലും 10,000 പേർക്കാണ് ഇത് ലഭ്യമാകുക.

