കേരളത്തിലെ തിരുവല്ലയിൽ ജനിച്ചു വളർന്ന ആദിത്യൻ ഒഴിവുസമയം ചിലവഴിക്കാനായാണ് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് ആരംഭിച്ചത്. ഏഴാം ക്ലാസ്സുകാരനായ ആദിത്യൻ ഇപ്പോൾ ട്രൈനെറ്റ് സൊല്യൂഷൻ "Trinet Solutions" എന്ന ഡെവലപ്പ്മെന്റ് കമ്പനി നടത്തുന്നു.
തിരുവല്ല ചമ്പക്കുളം സ്വദേശി രാജേഷ് നായരും ശ്രീരഞ്ജിനിയുടെയുമാണ് ആദിത്യന്റെ മാതാപിതാക്കൾ. അഞ്ചാം വയസ്സിൽ ദുബായിലേക്ക് താമസം മാറിയപ്പോൾ കൂട്ടുകാർ കുറവായതോടെ യൂട്യൂബും വായനയും കംപ്യൂട്ടറുകളും ആദിത്യന് ഇഷ്ട വിനോദങ്ങൾ ആവുകയായിരുന്നു.
ഒൻപതാം വയസ്സിലാണ് ആദിത്യൻ ആദ്യ മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കുന്നത്. ഗൂഗിൾ ബ്രൗസർ പോലെതന്നെ പ്രവർത്തിക്കുന്ന വെബ് ബ്രൗസറിന് "ആശിർവാദ് ബ്രൗസർ" എന്നാണ് പേരിട്ടിരിക്കുന്നത്.

Adithyan with his family Source: SBS
സ്വന്തം കമ്പനി
ലോഗോകളും വെബ്‌സൈറ്റുകളും ഡിസൈൻ ചെയ്യുന്ന ആദിത്യൻ 2017ൽ ട്രൈനെറ്റ് സൊല്യൂഷൻ "Trinet Solutions" എന്ന കമ്പനി തുടങ്ങുകയായിരുന്നു. ഇപ്പോൾ കമ്പനിയിൽ ആദിത്യന്റെ കൂട്ടുകാരും സഹപാഠികളുമുൾപ്പെടെ മൂന്നുപേർ ആദിത്യനൊപ്പം ജോലി ചെയ്യുന്നു.
ട്രൈനെറ്റ് സൊല്യൂഷൻ ഒരു കമ്പനിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആദിത്യൻ Khaleej Times നോട് പറഞ്ഞു. ഇതുവരെ ട്രൈനെറ്റ് സൊല്യൂഷൻ പന്ത്രണ്ടു ഉപഭോക്താക്കൾക്ക്സൗജന്യമായി സേവനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ 18 വയസ്സ് തികയുമ്പോൾ മാത്രമേ നിയമപരമായി കമ്പനി രജിസ്റ്റർ ചെയ്തു ആദിത്യന് കമ്പനിയുടമയാവാൻ സാധിക്കു.
എ ക്രേസ്സ് (A craze) എന്ന യൂട്യൂബ് ചാനലും ആദിത്യനുണ്ട്. സഹോദരി ആറു വയസ്സുകാരിയായ ആരാധ്യയാണ് യൂട്യൂബ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ ആദിത്യനെ സഹായിക്കുന്നത്.
ഇപ്പോൾ സ്വന്തം സ്കൂളിലെ അധ്യാപകർക്ക് ജോലി കൂടുതൽ എളുപ്പമാക്കാനായി ആപ്ലിക്കേഷൻ ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ് ആദിത്യൻ. കുട്ടികളുടെ മാർക്കുകളും പരീക്ഷകളുടെ വിവരങ്ങളും അടങ്ങുന്ന ആപ്ലിക്കേഷൻ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് ഈ കൊച്ചു ഡെവലപ്പർ പ്രതീക്ഷിക്കുന്നത്.