ഓസ്‌ട്രേലിയയിലെ ജൈവവൈവിധ്യം അതിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
മൈഗ്രേഷന്‍ റെഗുലേഷന്‍സ് നിയമത്തിലെ ഈ ഭേദഗതി പ്രകാരം, ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയില്ലെങ്കില്‍ ഉടന്‍ തന്നെ വിസ റദ്ദാക്കാന്‍ കഴിയും.
വിവിധ ഭക്ഷണസാധനങ്ങളും, ചെടികളുടെയും മരങ്ങളുടെയും ഭാഗങ്ങളും, മത്സ്യ-മാംസാദികളുമൊക്കെ കൊണ്ടുവരുന്നതിന് രാജ്യത്ത് വിലക്കുണ്ട്.
ഈ വിലക്ക് ലംഘിച്ച് രാജ്യത്തേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുവരുന്നവരുടെ വിസ റദ്ദാക്കാനാണ് നിയമം വ്യവസ്ഥ ചെയ്തത്.
2019 ഒക്ടോബറിന് ശേഷം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 14 പേരുടെ വിസ റദ്ദാക്കിയതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 28ന് പെര്‍ത്തിലെത്തിയ രണ്ടു പേരുടെ വിസ റദ്ദാക്കിയതാണ് ഇതില്‍ ഏറ്റവും അവസാനത്തെ സംഭവം.
സിംഗപ്പൂരില്‍ നിന്ന് ട്രാന്‍സിറ്റ് വിസയിലെത്തിയ ഇവര്‍, 14 ദിവസത്തെ ക്വാറന്റൈന് ശേഷം ഒരു കപ്പലിലേക്ക് പോകാനായിരുന്നു പദ്ധതി.
എന്നാല്‍ ഇവരുടെ ബാഗില്‍ അഞ്ചു കിലോഗ്രാമോളം മത്സ്യവും മാംസവും ഉണ്ടായിരുന്നതായി ജൈവസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വിമാനത്താവളത്തില്‍ ഇവര്‍ അക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
തുടര്‍ന്ന് കേസ് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന് കൈമാറുകയും, ഉടന്‍ തന്നെ ഇവരുടെ വിസ റദ്ദാക്കുകയുമാണ് ഉണ്ടായത്.
രണ്ടു പേരും ഇപ്പോള്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാണ്. ഇവരെ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്താക്കും.
രാജ്യത്തേക്ക് തിരിച്ചെത്തുന്നതിന് മൂന്നു വര്‍ഷത്തെ വിലക്കും ഇരുവര്‍ക്കുമുണ്ടാകും.
ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ ബാഗിലുള്ള സാധനങ്ങള്‍ ഇന്‍കമിംഗ് പാസഞ്ചര് കാര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.
അങ്ങനെ ഡിക്ലയര്‍ ചെയ്താല്‍ ജൈവസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോള്‍ എന്തൊക്കെ സാധനങ്ങളുണ്ടെന്ന് തുറന്നു പറയുകയും വേണം.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
ഈ വിശദാംശങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താല്‍ക്കാലിക വിസകള്‍ ഉടനടി റദ്ദാക്കാം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയന്‍ പൗരനോ റെസിഡന്റോ ആണെങ്കില്‍, ബാഗിലെ സാധനങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതത് 444 ഡോളര്‍ പിഴ കിട്ടാവുന്ന കുറ്റമാണ്.
ഗുരുതരമായ ലംഘനമാണ് നടത്തുന്നതെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാം. 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും, 4,20,000 ഡോളര്‍ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്.