ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും കനത്ത നാശം വിതച്ചുകൊണ്ട് കാട്ടു തീ പടർന്നു പിടിക്കുന്നതിനിടെയാണ് ടീനേജുകാരനെതിരെ പോലീസ് കേസെടുത്തത്.
എന്നാൽ മനഃപൂർവം തീ കൊളുത്തിയതിനല്ല കേസെടുത്തിരിക്കുന്നതെന്നും യൂത്ത് ജസ്റ്റിസ് ആക്ട് പ്രകാരം നിയമ നടപടികൾ കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.
മധ്യ ക്വീൻസ്ലാന്റിലെ കോബ്രബോളിൽ കാട്ടു തീ പടർന്നതിന്റെ മുഖ്യ കരണക്കാരനെന്ന് സംശയിക്കുന്ന 16കാരനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മനഃപൂർവം തീ കത്തിച്ചത് വഴി വടക്കൻ യെപ്പൂനിലെ കോബ്രബോളിൽ 14 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സ്റ്റീവ് ഗോള്സ്ച്യുസ്കി അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
വീടുകൾക്ക് പുറമെ ഇവിടുത്തെ ഷെഡ്ഡുകളും വാഹനങ്ങളും എല്ലാം അഗ്നിക്കിരയായതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് 75 ഓളം കാട്ടു തീയാണ് പടർന്നു പിടിക്കുന്നത്. ഇവ നിയന്ത്രണവിധേയമാക്കാൻ നിരവധി അഗ്നിശമനസേനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ കൂടുതൽ തീ പടരുന്നത് തടയാൻ ജനങ്ങൾ തങ്ങളോട് സഹകരിക്കണമെന്ന് ക്വീൻസ്ലാൻറ് പോലീസ് അറിയിച്ചു.
മാത്രമല്ല മനഃപൂർവം തീ കത്തിക്കുന്നത് വഴി ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് എല്ലാ രക്ഷിതാക്കളും കുട്ടികളിൽ അവബോധം വളർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
നൂസ് നോർത്ത് ഷോറിൽ 24 മണിക്കൂറിൽ മൂന്ന് തീ പിടുത്തമാണ് ഉണ്ടായത്. ഇതും മനപ്പൂർവം കത്തിച്ചതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.