ബ്രിസ്ബൈനിലെ മിഡിൽ പാർക്ക് സ്റ്റേറ്റ് സ്കൂളിലാണ് ഫ്ലൂ പടർന്നു പിടിച്ചിരിക്കുന്നത്. ഏകദേശം 200 കുട്ടികൾക്കും 15 ജീവനക്കാർക്ക് ഫ്ലൂ ബാധിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഫ്ലൂ ബാധയെ തുടർന്ന് ശുചീകരണ പ്രവർത്തങ്ങൾക്കായി സ്കൂൾ ഭാഗികമായി അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹെലൻ കെൻവർത്തി അറിയിച്ചു.മൂന്നു ദിവസത്തെ ശുചീകരണത്തിന് ശേഷം തിങ്കളാഴ്ച്ചയോടെ സ്‌കൂൾ പതിവുപോലെ പ്രവർത്തിച്ചുതുടങ്ങാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെലൻ കൂട്ടിച്ചേർത്തു.
ഈ ദിവസങ്ങളിൽ സ്കൂൾ ഭാഗികമായി പ്രവർത്തിക്കുമെന്നും എന്നാൽ കഴിയുന്നതും കുട്ടികളെ സ്കൂളിൽ അയക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
പെട്ടന്നുണ്ടായ ഫ്ലൂ ബാധയുടെ കാരണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ മറ്റു കുട്ടികളിലേക്കും അത് വളരെ വേഗം പടരുമെന്നും, ഇതായിരിക്കാം മിഡില്‍ പാര്‍ക്ക് സ്‌കൂളില്‍ സംഭവിച്ചതെന്നും മെട്രോ പബ്ലിക് ഹെല്‍ത്ത് ഫിസിഷ്യന്‍ കരി ജാർവിനൻ പറഞ്ഞു.
ഫ്‌ളൂ വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത തെളിയിക്കുന്നതാണ് ഈ സംഭവമെന്നും കരി ജാർവിനൻ അറിയിച്ചു.