SKIP TO MAIN CONTENT

2015ൽ ലോകത്തെ പറ്റിച്ച വ്യാജചിത്രങ്ങൾ...

നവമാധ്യമങ്ങൾ സജീവമായിരിക്കുന്ന കാലത്ത്, ലോകത്തെവിടെയിരുന്നും കോടിക്കണക്കിന് പേരെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണെന്ന് 2015 എന്ന വർഷം തെളിയിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ പോലും സോഷ്യൽ മീഡിയയിലെ ഈ കള്ളപ്രചരണങ്ങളിൽ പല തവണ വീണുപോയി. കഴിഞ്ഞ വർഷം ഇൻറർനെറ്റ് വഴി ഏറ്റവുമധികം പ്രചരിച്ച വ്യാജ വിവരങ്ങൾ ഇവയാണ്.

Car halved
Source: YouTube

2 min read

Published

Updated


Skip to article content

1. നേപ്പാൾ ഭൂകന്പത്തിൽപ്പെട്ട രണ്ടുവയസുകാരിയെ സംരക്ഷിക്കുന്ന സഹോദരൻ

Nepal
Source: Facebook

ഏപ്രിൽ മാസത്തിലുണ്ടായ നേപ്പാൾ ഭൂകന്പത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട ചിത്രമാണ് ഇത്. ദുരന്തത്തിൽ മറ്റെല്ലാവരും നഷ്ടപ്പെട്ട ഒരു നാലു വയസുകാരൻ രണ്ടുവയസുകാരിയായ അനുജത്തിയെ സംരക്ഷിക്കുന്നു എന്ന പേരിലാണ് ഈ ചിത്രം പ്രചരിച്ചത്. ഇവരെ സഹായിക്കാനായി ഫണ്ട് പിരിവുപോലും സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. പല മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കി. 

എന്നാൽ, തീർത്തും തെറ്റായ ഒരു വിവരമാണ് പ്രചരിച്ചതെന്ന് വൈകാതെ തെളിഞ്ഞു. ഈ ചിത്രം വ്യാജമല്ല, പക്ഷേ നേപ്പാളിലെ ചിത്രമല്ലെന്ന് മാത്രം. 2007ൽ വിയറ്റ്നാമിലെ ഒരു ഗ്രാമത്തിൽ എടുത്ത ചിത്രമാണ് ഇത്. Na Son Nguyen എന്ന ഫോട്ടോഗ്രാഫറാണ് ഇതു പകർത്തിയത്. 

2. നേപ്പാൾ ഭൂകന്പത്തിലെ നീന്തൽക്കുളം

നേപ്പാൾ ഭൂമികുലുക്കത്തിനു ശേഷം രാജ്യാന്തര മാധ്യമങ്ങള് പോലും ഉപയോഗിച്ച ഒരു വീഡിയോ ആയിരുന്നു ഇത്. കാഠ്മണ്ഡുവിലെ ഒരു സ്വിമ്മിംഗ് പൂളിനെ ഭുകന്പം ബാധിക്കുന്നത് എന്നായിരുന്നു ഈ വീഡിയോയുടെ വിശദീകരണം. എന്നാൽ, 2010ൽ മെക്സിക്കോയിൽ ഉണ്ടായ ഒരു ഭൂകന്പത്തിലെ ദൃശ്യങ്ങളായിരുന്നു അത്. നേപ്പാൾ ഭൂകന്പത്തിന് മുന്പു തന്നെ ഈ വീഡിയോ ഇൻറർനെറ്റിൽ ലഭ്യമായിരുന്നു. 

3. അഭയാർത്ഥിയായെത്തിയ IS ഭീകരൻ

Syrian Refugee
Source: Facebook

യൂറോപ്പിലേക്കുള്ള അഭയാർത്ഥിപ്രവാഹം ഏറ്റവും വലിയ ചർച്ചയായിരുന്ന സമയത്ത് ഇൻറർനെറ്റിൽ പ്രചരിച്ച ഒരു ചിത്രമാണിത്. ഇസ്ലാമിക് സ്റ്റേറ്റ് അംഗമായിരുന്ന ഒരാൾ അഭയാർത്ഥിയായി യൂറോപ്പിലേക്കു കടന്നിട്ടുണ്ട് എന്നായിരുന്നു ഈ ചിത്രം പ്രചരിപ്പിച്ചവർ പറഞ്ഞത്. അഭയാർത്ഥികളെ സ്വീകരിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആയുധവുമായി ഈ ചിത്രം മാറി. 

പക്ഷേ ഇസ്ലാമിക് സ്റ്റേറ്റുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഈ ചിത്രത്തിലെന്ന് പിന്നീട് തെളിഞ്ഞു. സിറിയയിൽ പ്രസിഡൻറ് ബഷാർ അൽ അസദിനെതിരെ പോരാടുന്ന ഫ്രീ സിറിയൻ ആർമിയിൽ അംഗമായിരുന്ന ലൈത്ത് അൽ സാലേ എന്നയാളുടെ ചിത്രമാണ് ഇത്. ഈ വർഷം ഓഗസ്റ്റിൽ ഇയാൾ മാസിഡോണിയയിൽ അഭയാർത്ഥിയായി എത്തിയിരുന്നു.

തെറ്റ് മനസിലാക്കിയതിനെത്തുടർന്ന് ഈ ചിത്രം പ്രചരിപ്പിച്ചു തുടങ്ങിയയാൾ പിന്നീട് മാപ്പു പറഞ്ഞിരുന്നു. 

4. വിജനമായ പാരീസ് തെരുവുകൾ

Paris Streets
Source: Twitter

പാരീസ് ഭീകരാക്രമണത്തിന് ശേഷം വിജനമായി കിടക്കുന്ന നഗരത്തിലെ തെരുവുകൾ എന്ന പേരിലായിരുന്നു ഈ ചിത്രം ട്വിറ്ററിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. മുകളിൽ കാണാവുന്നതു പോലെ, ആയിരക്കണക്കിന് തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടു. 

പക്ഷേ, ദ സൈലൻറ് വേൾഡ് എന്ന ഒരു ഫോട്ടോഗ്രാഫി പ്രദർശനത്തിലെ ഒരു ചിത്രം മാത്രമായിരുന്നു ഇത്. ഫോട്ടോഗ്രാഫി ടെക്നിക്കുകൾ ഉപയോഗിച്ച്, ലോകാവസാനത്തിൽ തെരുവുകൾ എങ്ങനെ ആയിരിക്കും എന്നു കാണിക്കാനുള്ള ഒരു ശ്രമമായിരുന്നു ഈ പ്രദർശനത്തിൽ

ഇനി....
വ്യാജപ്രചാരണ രംഗത്തെ വിജയി:

5. മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി കാറിൻറെ പകുതി....

Compensation
Source: YouTube

പ്രമുഖ മലയാള മാധ്യമങ്ങളുൾപ്പെടെ  ലോകത്തിലെ നിരവധി മുൻനിര പത്രങ്ങളാണ് ഈ വാർത്ത നൽകിയത്. അമേരിക്കയിലെ ഫോക്സ് ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകൾ ഇത് വാർത്തയാക്കി. ജർമ്മനിയിൽ വിവാഹ മോചനം നേടിയയാൾ സ്വത്തിൻറെ പകുതി ഭാര്യയ്ക്ക് നൽകാനുള്ള കോടതി ഉത്തരവ് പാലിക്കാനായി കാറിൻറെ പകുതി മുറിച്ചു നൽകി എന്നാണ് വാർത്ത. ഇതിൻറെ യുട്യൂബ് വീഡിയോയും പ്രചരിച്ചിരുന്നു. 

ഇൻറർനെറ്റിലൂടെ എങ്ങനെ പറ്റിക്കാം എന്നതിൻറെ ഏറ്റവും നല്ല തെളിവായിരുന്നു ഇത്. ജർമ്മൻ ബാർ അസോസിയേഷൻ ഇതിൻറെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയപ്പോഴാണ് എല്ലാവർക്കും കാര്യം മനസിലായത്. ബാർ അസോസിയേഷനിലെ അഭിഭാഷകർ നൽകിയ ഒരു പരസ്യം മാത്രമായിരുന്നു ഇത്. വിവാഹത്തിലെ ഉടന്പടികൾ എങ്ങനെയെല്ലാം പ്രശ്നങ്ങളുണ്ടാക്കാം എന്നു കാണിക്കാനായി കെട്ടിച്ചമച്ച ഒരു പരസ്യം. ബാർ അസോസിയേഷൻറെ വെബ്സൈറ്റിൽ തന്നെ ഇത് വ്യക്തമാക്കുകയും ചെയ്തു (ഇവിടെ കാണുക)

പക്ഷേ സത്യം പുറത്തു വന്നിട്ടും പല മാധ്യമങ്ങളും വാർത്ത മാറ്റിക്കൊടുത്തില്ല എന്നു മാത്രം. അതുകൊണ്ട്, ഈ കഥ സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരാണ് നല്ലൊരു ഭാഗം പേരും. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now