ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ നടപ്പാക്കി അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
സംസ്ഥാനത്ത് 24 പുതിയ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 17 കേസുകളും നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ്. എന്നാൽ ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് ആരോഗ്യ വകുപ്പ്.
ഇതോടെ ബോണ്ടായ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 175 ആയി.
24 വയസുള്ള വിദ്യാർത്ഥിയായ നഴ്സിന് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിഡ്‌നിയിലെ രണ്ട് ആശുപത്രികളുടെ വാർഡുകൾ ലോക്ക്ഡൗൺ ചെയ്തിരുന്നു.
ഫെയർഫീൽഡ് ആശുപത്രിയുടെ റീഹാബിലിറ്റേഷൻ വാർഡും കാർഡിയോളജി വാർഡും, റോയൽ നോർത്ത് ഷോർ ആശുപത്രിയുടെ ജനറൽ അബ്‌ഡോമിനൽ സർജറി വാർഡുമാണ് ലോക്ക്ഡൗൺ ചെയ്തത്.
ഇവിടുത്തെ ജീവനക്കാരെയും രോഗികളെയും പരിശോധനക്ക് വിധേയരാക്കി.
രോഗബാധിതയായ നഴ്സിന്റെ വീട്ടിലുള്ളയാളും സുഹൃത്തും പുതുതായി വൈറസ് ബാധിച്ചവരിൽ ഉൾപ്പെടുന്നു.
ഇതിൽ ഒരാൾ ഈ രണ്ട് ആശുപത്രികളിലും ജോലി ചെയ്ത ആരോഗ്യ പ്രവർത്തകയാണ്.
ഇതോടെ ആശുപത്രികളിലെ 200 ലേറെ രോഗികളും ജീവനക്കാരുമാണ് രോഗബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരുടെ പട്ടികയിൽ ഉള്ളത്.
പുതുതായി രോഗം സ്ഥിരീകരിച്ച 24 പേരിൽ 12 പേരും രോഗബാധയുള്ളപ്പോൾ സമൂഹത്തിലുണ്ടായിരുന്നുവെന്ന് പ്രീമിയർ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് പ്രീമിയർ പറഞ്ഞു.
അതിനാൽ രോഗലക്ഷണങ്ങൾ ഉള്ള അവശ്യസേവനകളിൽ ജോലി ചെയ്യുന്നവർ തൊഴിലിടങ്ങളിൽ എത്തരുതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷൻ ഹബുകൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു.
കൂടാതെ സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള 22 ഫാർമസികളിൽ ആസ്ട്രസെനക്ക വാക്‌സിൻ പൈലറ്റ് അടിസ്ഥാനത്തിൽ നല്കിത്തുടങ്ങുമെന്നും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
ജൂലൈ മധ്യത്തോടെ ഗുൽഗോംഗ്, നാരോമൈൻ, വാൽച്ച, ഡൻഗോഗ്, ഡനെഡൂ, മെറിവ എന്നിവിടങ്ങളിലുള്ള ഫാർമസികളിലാണ് ആദ്യം വാക്‌സിനേഷൻ നല്കിത്തുടങ്ങുന്നത്.
ന്യൂ സൗത്ത് വെയില്സിന് പുറമെ ക്വീൻസ്ലാന്റിലും വ്യാഴാഴ്ച പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. നാല് പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ഇതിൽ ഒരാൾ ബ്രിസ്‌ബൈൻ വിമാനത്താവളത്തിലെ ഖത്തർ എയർലൈന്റെ ചെക്ക് ഇൻ കൗണ്ടറിൽ ജോലിചെയ്യുന്നയാളാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി വരെയാണ് ലോക്ക്ഡൗൺ. എന്നാൽ ഇത് നീട്ടുമോ എന്ന കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോർത്തേൺ ടെറിട്ടറിയിലും പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു. തനാമി ഖനിയിലെ കേസുമായി ബന്ധമുള്ളതാണ് ഇത്.
ഇതോടെ ഈ ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 16 ആയി.
വൈറസ്ബാധയുള്ളപ്പോൾ രോഗബാധിതൻ ഹൊവാഡ് സ്പ്രിംഗ്സിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നെന്ന് സർക്കാർ അറിയിച്ചു.
ടെറിട്ടറിയുടെ പല ഭാഗങ്ങളിലും ആലിസ് സ്പ്രിങ്‌സിലും ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുകയാണ്.
അതേസമയം, വിക്ടോറിയയിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും പുതിയ രോഗബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല.