സിഡ്‌നിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ, വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. 27 വയസുള്ള ഓട് അലാസ്കർ എന്ന യുവാവാണ് ഇതിലൊരാൾ.
കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിഞ്ഞിരുന്ന അദ്ദേഹം, വാർവിക് ഫാമിലെ യൂണിറ്റിൽ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രണ്ട് മണിയോടെ കുളിക്കാനായി പോയ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ വിവരമറിയിച്ചതിനെത്തുതുടർന്ന് ആംബുലൻസ് എത്തിയെങ്കിലും, ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഫോർക്ക് ലിഫ്റ്റ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഓട് അലാസ്കർ, മൂന്ന് മാസങ്ങൾക്ക് മുൻപാണ് വിവാഹിതനായത്.
ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ആരോഗ്യവകുപ്പിലെ ജീവനക്കാർ ഓടിന്റെ ആരോഗ്യസ്ഥിതി എല്ലാ ദിവസവും അന്വേഷിച്ചിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നാണ് മോശമായതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് പറഞ്ഞു. ഇദ്ദേഹം വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യക്കും വൈറസ്ബാധയുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2011ൽ ഇറാക്കിൽ നിന്ന് അഭയാർത്ഥിയായി ഓസ്‌ട്രേലിയയിൽ എത്തിയതാണ് ഓട്.
രണ്ട് മാസത്തിന് ശേഷം വിവാഹ സൽക്കാര ചടങ്ങ് നടത്താൻ തീരുമാനിച്ചരിക്കുകയായിരുന്നു ഓടും ഭാര്യയും.
ഓടിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഭാര്യയും മറ്റ് ബന്ധുക്കളും.
ന്യൂ സൗത്ത് വെയിൽസിൽ 233 പുതിയ പ്രാദേശിക രോഗബാധയാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 80 വയസിന് മേൽ പ്രായമായ ഒരു സ്ത്രീയും ചൊവ്വാഴ്ച വൈകിട്ട് മരണമടഞ്ഞിട്ടുണ്ട്.