ഇന്ത്യയിൽ നിന്ന് സിഡ്‌നിയിലേക്ക് ഡിസംബർ 17നു എത്തിയ ചരക്ക് വിമാനത്തിലാണ് ലഹരിയായി ഉപയോഗിക്കാവുന്ന മരുന്ന് കണ്ടെത്തിയത്.
വാഹനങ്ങളുടെ ഭാഗങ്ങളാണെന്ന് ഡിക്ലയർ ചെയ്ത ചരക്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് ഇതിൽ
50 കിലോഗ്രാം എഫഡ്രിൻ കണ്ടെത്തിയത്. വാഹനത്തിന്റെ ഭാഗങ്ങളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഇത്.
ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ABF ഈ ചരക്ക് പരിശോധിച്ചത്.
പരിശോധനക്ക് ശേഷം ഇത് എഫഡ്രിൻ ആണെന്ന് സ്ഥിരീകരിക്കുകയും 3.5 മില്യൺ ഡോളർ വിലവരുന്നതാണ് ഇതെന്ന് മനസിലാക്കുകയും ചെയ്തതായി ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) അറിയിച്ചു.
ഇതേതുടർന്ന് സംസ്ഥാന ക്രൈം കമാണ്ടിന്റെ ഡ്രഗ് ആൻഡ് ഫയർ ആംസ് സ്‌ക്വാഡ് വ്യാപകമായി അന്വേഷണം നടത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സിഡ്‌നിയിലെ ജോർജസ് ഹോളിൽ വച്ച് രണ്ട് വാഹനങ്ങളിൽ നിന്നായി 39 ഉം 48 ഉം വയസ്സും പ്രായമുള്ള പുരുഷന്മാരെ തിങ്കളാഴ്ച ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു.
തുടർന്ന് ബാങ്ക്സ്‌ടൗണിലും, പിക്നിക് പോയിന്റിലുമുള്ള വീടുകളിൽ പരിശോധന നടത്തി. ഇവിടെ നിന്നും നിരോധിച്ച മയക്കുമരുന്നുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും, രേഖകളും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.
കൂടാതെ 50 കിലോ അയഡിനും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് 50,000 ഡോളർ വിലമതിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
ഇവരിൽ നിന്ന് പിടിച്ചെടുത്ത അയഡിനും എഫഡ്രിനും ഉപയോഗിച്ച് 38 കിലോ അതായത് 9.5 മില്യൺ ഡോളർ വിലമതിക്കുന്ന ഐസ് എന്ന മയക്ക് മരുന്ന് നിർമ്മിക്കാൻ കഴിയുമെന്ന് ABFഅധികൃതർ അറിയിച്ചു.
അറസ്റ്റ് ചെയ്ത രണ്ട് പേർക്കുമെതിരെ കേസെടുത്തു. ബാങ്ക്സ്‌ടൗൺ കോടതിയിൽ ഹാജരായ ഇവർക്ക് ജാമ്യം നിഷേധിച്ചു.