ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെയും കൊവിഡ് മരണ നിരക്കും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്‌ച രാത്രി 8 മണി വരെയുള്ള 24 മണിക്കൂറിനിടെ NSWൽ 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് തുടരുകയാണ്. ഇന്നലെ മാത്രം 2,242 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ തീവ്രപരിചരണ കേന്ദ്രങ്ങളിലായി 175 പേർ ചികിത്സയിലുണ്ട്.
NSWൽ ഇന്നലെ പിസി ആർ പരിശോധനക്കെത്തിയ നാലിൽ ഒരാൾക്ക് എന്ന വീതം രോഗം സ്ഥിരീകരിച്ചിരുന്നു. 34,759 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ പോസിറ്റീവ് റാപ്പിഡ് ആൻറിജൻ ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിൻറെ അനുമാനം.
RAT ഫലം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പിഴ
സർവീസ് NSW ആപ്പിലൂടെ റാപ്പിഡ് ആൻറിജൻ ഫലം ആരോഗ്യ വകുപ്പിനെ അറിയിക്കാനുള്ള സംവിധാനം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ വന്നു.
പോസിറ്റീവ് RAT ഫലം റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പൊതുജനാരോഗ്യ ഉത്തരവിൽ ഒപ്പുവച്ചതായി പ്രീമിയർ ഡൊമിനിക് പെറൊറ്റെ പറഞ്ഞു.
RAT പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഇന്ന് മുതൽ ഫലം റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ നിയമം. പോസിറ്റിവ് ഫലം റിപ്പോർട്ട് ചെയ്യാത്തവരിൽ നിന്ന് 1,000 ഡോളർ പിഴ ഈടാക്കാണമെന്നും നിയമം ശുപാർശ ചെയ്യുന്നു.
ജനുവരി 19 ന് മുതലാകും പിഴ ഈടാക്കുകയെന്നും പ്രീമിയർ അറിയിച്ചു.
വിക്ടോറിയയിലെ അവശ്യ മേഖലകളിൽ മൂന്നാമത്ത ഡോസ് നിർബന്ധം
അവശ്യ മേഖലകളിലെ തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻറെ മൂന്നാമത്തെ ഡോസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം വിക്ടോറിയയിൽ ബുധനാഴ്ച അർദ്ധ രാത്രി മുതൽ നിലവിൽ വരും.
ആരോഗ്യ രംഗം, ഏജഡ് കെയർ, ഡിസെബിലിറ്റി, അടിയന്തര സേവനങ്ങൾ, ക്വാറന്റൈൻ താമസ കേന്ദ്രങ്ങൾ, ഭക്ഷണ വിതരണം എന്നീ മേഖലകളിലെ തൊഴിലാളികൾക്കാണ് മൂന്നാമത്തെ ഡോസ് നിർബന്ധമാക്കിയിരിക്കുന്നത്.
വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ വിതരണ ശൃംഖല, ഏജഡ് കെയർ എന്നിവടങ്ങളിലും ഇന്ന് രാത്രി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിക്ടോറിയിയിൽ 40,127 പുതിയ കൊവിഡ് കേസുകളും 21 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ എണ്ണം 946 ആണ്. ചൊവ്വാഴ്ച ഇത് 861 ആയിരുന്നു.
വിവിധ ആശുപത്രികളിലുള്ള കൊവിഡ് രോഗികളിൽ 112 പേർ തീവ്രപരിചരണ വിഭാഗത്തിലും, 31 പേർ വെൻറിലേറ്ററിലുമാണുള്ളതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.