രണ്ടു പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിരുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സാണ് ന്യൂ സൗത്ത് വെയില്‍സിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
Service NSWന്റെ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ലൈസന്‍സ് ഉള്ള ആര്‍ക്കു വേണമെങ്കിലും ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറാന്‍ കഴിയും.
Service NSW ല്‍ അക്കൗണ്ട് തുടങ്ങിയ ശേഷം നിങ്ങളുടെ ലൈസന്‍സ് അതുമായി ബന്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ഡിജിറ്റല്‍ ലൈസന്‍സ് ലഭിക്കും.
ലൈസന്‍സ് ഉടമയുടെ പേരും, ലൈസന്‍സ് നമ്പരും, ഫോട്ടോയും, വിലാസവും, ജനനത്തീയതിയും ഉള്‍പ്പെടെ, പ്ലാസ്റ്റിക് ലൈസന്‍സ് കാര്‍ഡിലുള്ള എല്ലാ വിവരങ്ങളും ഈ ഡിജിറ്റല്‍ ലൈസന്‍സിലും ലഭ്യമാകും. ഇതിനു പുറമേ, ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു QR കോഡും, ഫോണ്‍ ചലിക്കുമ്പോള്‍ നിറം മാറുന്ന ഹോളോഗ്രാമും ഉണ്ടാകും.
നിലവിലുള്ള പ്ലാസ്റ്റിക് ലൈസന്‍സ് കാര്‍ഡ് പോലെ തന്നെ ഡിജിറ്റല്‍ ലൈസന്‍സും ഉപയോഗിക്കാന്‍ കഴിയും. അതായത്, ഡ്രൈവിംഗിനായി മാത്രമല്ല, തിരിച്ചറിയല്‍ രേഖയായും ഇത് ഉപയോഗിക്കാം.

NSW digital Licences Source: Supplied
സൗത്ത് ഓസ്‌ട്രേലിയയ്ക്ക് ശേഷം ഈ സംവിധാനം കൊണ്ടുവരുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ സംസ്ഥാനമായിരിക്കുകയാണ് ഇതോടെ ന്യൂ സൗത്ത് വെയില്‍സ്.
എന്നാല്‍ ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയാണ് അത്:
1. സ്മാര്‍ട്ട് ലൈസന്‍സാകാം, ഓവര്‍ സ്മാര്‍ട്ടാകരുത്
പൊലീസിന്റെ വാഹനപരിശോധനകളില്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ലൈസന്‍സ് മതിയാകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതായത് പ്ലാസ്റ്റിക് ലൈസന്‍സ് കാര്‍ഡ് കൈവശം കരുതേണ്ടതില്ല.
പക്ഷേ വഴിയരികില്‍ പൊലീസ് തടഞ്ഞു നിര്‍ത്തിയാല്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഡിജിറ്റല്‍ ലൈസന്‍സ് എടുക്കുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കണം.
പൊലീസ് ചോദിക്കുന്നതിന് മുമ്പ് മൊബൈലില്‍ നിന്ന് ഡിജിറ്റല്‍ ലൈസന്‍സ് എടുത്തു കാണിച്ചാല്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് പിഴയും ഡീമെരിറ്റ് പോയിന്റും കിട്ടാം.
പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട ശേഷം മാത്രമേ ലൈസന്‍സ് കാണാനായി മൊബൈല്‍ ഫോണില്‍ കൈകൊണ്ട് തൊടാവൂ എന്നാണ് സര്‍വീസ് NSW നല്‍കുന്ന നിര്‍ദ്ദേശം.

A consumer using a new app that the state government wants to roll out using digital licences across NSW. Source: NSW Government
2. ദൂരയാത്ര പോകുമ്പോള്‍
ഭൂരിഭാഗം സാഹചര്യങ്ങളിലും ഈ ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കാം എന്നാണ് അധികൃതര്‍ നല്കുന്ന ഉറപ്പ്. അതായത്, വാഹന പരിശോധനയില്‍ മാത്രമല്ല, മറ്റു സ്ഥാപനങ്ങളില്‍ നിങ്ങളുടെ തിരിച്ചറിയല്‍ രേഖയായും ഇത് ഉപയോഗിക്കാം.
എന്നാല്‍ ന്യൂ സൗത്ത് വെയില്‍സിന് പുറത്തേക്ക് യാത്ര പോകുകയാണെങ്കില്‍ ഈ ഡിജിറ്റല്‍ ലൈസന്‍സ് കൊണ്ട് ഇപ്പോള്‍ കാര്യമില്ല.
മറ്റു സംസ്ഥാനങ്ങളിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ലൈസന്‍സ് കാര്‍ഡ് തന്നെ കൈവശം കരുതണം.
മാത്രമല്ല, എല്ലാ സ്ഥാപനങ്ങളും സര്‍വീസ് NSWമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍, ചില സ്ഥാപനങ്ങളിലെങ്കിലും തിരിച്ചറിയല്‍ രേഖയായി ഇത് സ്വീകരിക്കില്ല. അവിടെയും ലൈസന്‍സ് കാര്‍ഡ് കൈവശം വയ്ക്കുന്നത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
3. മൊബൈല്‍ സ്‌ക്രീനില്‍ പൊട്ടലുണ്ടെങ്കില്‍
നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിയിട്ടുണ്ടെങ്കില്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഔദ്യോഗിക രേഖയായി സ്വീകരിക്കപ്പെടില്ല.
സര്‍വീസ് NSW പ്രത്യേകം വിശദമാക്കുന്ന കാര്യമാണ് ഇത്.
ലൈസന്‍സ് പരിശോധിക്കുന്നവര്‍ക്ക് അതിന്റെ ആധികാരികത പരിശോധിക്കാനായി QR കോഡ് സ്‌കാന്‍ ചെയ്യേണ്ടി വന്നേക്കും. പൊട്ടിയ സ്‌ക്രീനാണെങ്കില്‍ അത് സാധ്യമാകണമെന്നില്ല.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും മറക്കരുത്.
മൊബൈലില്‍ ചാര്‍ജ്ജില്ല എന്ന ഉത്തരം, കൈയില്‍ ലൈസന്‍സില്ല എന്ന ഉത്തരത്തിന് സമാനമായിട്ടാകും കണക്കാക്കുക.
4. മറ്റുള്ളവരുടെ ലൈസന്‍സ് സ്‌കാന്‍ ചെയ്യാം
ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ഡിജിറ്റല്‍ ലൈസന്‍സ് പരിശോധിക്കേണ്ടി വന്നാല്‍ അതിന്റെ ആധികാരികത ഉറപ്പാക്കാനും ഈ ആപ്പ് ഉപയോഗിക്കാം.
ഡിജിറ്റല്‍ ലൈസന്‍സിന് ഒപ്പമുള്ള Verify Digital Driver License സംവിധാനം ഉപയോഗിച്ച് മറ്റൊരാളുടെ ഡിജിറ്റല്‍ സൈന്‍സിലെ QR കോഡ് സ്‌കാന്‍ ചെയ്യാം.
ഔദ്യോഗിക രേഖകളിലുള്ള പേരു തന്നെയാണോ ഡിജിറ്റല്‍ ലൈസന്‍സിലുള്ളത് എന്ന കാര്യം ഇതിലൂടെ അറിയാന്‍ കഴിയും. ലൈസന്‍സ് ഉടമയുടെ പേര് കുറച്ചു നേരത്തേക്ക് കാണാം.
ഇതോടൊപ്പം, ലൈസന്‍സിലെ ഫോട്ടോയും, ലൈസന്‍സ് റീഫ്രഷ് ചെയ്ത തീയതിയും പരിശോധിക്കണം. ഫോണ്‍ താഴേക്ക് സൈ്വപ്പ് ചെയ്ത് ലൈസന്‍സ് റീഫ്രഷ് ചെയ്യാവുന്നതാണ്.

Verifying digital license using Service NSW App Source: SBS
ഡിജിറ്റല്‍ ലൈസന്‍സിലെ ഹോളോഗ്രാം ചലിക്കുന്നുണ്ട് എന്നതാണ് ആധികാരികത ഉറപ്പാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം.
വാഹനാപകടം ഉണ്ടാകുന്ന സാഹചര്യത്തിലോ മറ്റോ ലൈസന്‍സ് വിശദാംശങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
5. മറ്റു ലൈസന്‍സുകളും ഡിജിറ്റലാക്കാം
ഡ്രൈവിംഗ് ലൈസന്‍സ് മാത്രമല്ല, ന്യൂ സൗത്ത് വെയില്‍സില്‍ നിങ്ങള്‍ക്കുള്ള മറ്റു ലൈസന്‍സുകളും ഇത്തരത്തില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കും.
ബോട്ട് ലൈസന്‍സ്, മദ്യം വിളമ്പാന്‍ അനുവദിക്കുന്ന RSA ലൈസന്‍സ് (റെസ്‌പോണ്‍സിബിള്‍ സര്‍വീസ് ഓഫ് ആല്‍ക്കഹോള്‍), ചൂതാട്ട മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന RCG ലൈസന്‍സ് (റെസ്‌പോണ്‍സിബില്‍ കണ്ടക്ട് ഓഫ് ഗാംബ്ലിംഗ്), ഫിഷിംഗ് ലൈസന്‍സ്, വര്‍ക്കിംഗ് വിത്ത് ചില്‍ഡ്രന്‍ ചെക്ക് എന്നിവയുമെല്ലാം സര്‍വീസ് NSW ആപ്പിലുടെ ലഭ്യമാകും.