പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂടിയതും, ഇന്ധനച്ചെലവ് കുറഞ്ഞതും കാരണമാണ് രാജ്യത്ത് വൈദ്യുതിയുടെ മൊത്തവിതരണ നിരക്കിൽ കുറവുണ്ടായത്.
കഴിഞ്ഞ പത്തു മാസം കൊണ്ട് ഒമ്പതു ശതമാനത്തോളം കുറവ് വൈദ്യുതി നിരക്കിൽ ഉണ്ടായെന്ന് ACCC അറിയിച്ചു.
നിരക്കിലെ ഈ കുറവ് ജനങ്ങൾക്ക് ലഭ്യമാകും എന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ്ബുക്ക്മാർക്ക് ചെയ്യുക...
NSW, വിക്ടോറിയ, തെക്കുകിഴക്കൻ ക്വീൻസ്ലാന്റ്, സൗത്ത് ഓസ്ട്രേലിയ, ACT എന്നിവിടങ്ങളിലാണ് നിരക്ക് കുറയുന്നത്. ആകെ 90 കോടി ഡോളറിന്റെ കുറവാകും ഒരു വർഷം വൈദ്യുതി നിരക്കിൽ ഉണ്ടാകുന്നത്.
ഒരു വീട്ടിൽ വർഷം ശരാശരി 126 ഡോളറിന്റെ ലാഭമുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തെയും ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന വാർഷിക ലാഭം ഇങ്ങനെയാണ്:
- വിക്ടോറിയ – 171 മുതൽ 198 ഡോളർ വരെ
- NSW – 80 മുതൽ 88 ഡോളർ വരെ
- തെക്കുകിഴക്കൻ ക്വീൻസ്ലാന്റ് – 126 ഡോളർ
- സൗത്ത് ഓസ്ട്രേലിയ – 118 ഡോളർ
- ACT – 46 ഡോളർ.
നിങ്ങളുടെ നിരക്ക് കുറയുമോ?
നിരക്കിലെ ഈ കുറവ് വൈദ്യുതി വിതരണ കമ്പനികൾ ജനങ്ങൾക്ക് കൈമാറണമെന്ന് ACCC നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കിലെ പ്ലാനിലേക്ക് മാറാൻ ഉപഭോക്താക്കൾ ശ്രമിക്കണമെന്ന് ACCC ചെയർമാൻ റോഡ് സിംസ് പറഞ്ഞു.
രണ്ടു തരത്തിലാണ് നിരക്ക് കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ കഴിയുക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നുകിൽ നിരക്ക് കുറഞ്ഞ പുതിയ ഒരു പ്ലാനിലേക്ക് മാറാം. അല്ലെങ്കിൽ നിലവിലെ വൈദ്യുത വിതരണ കമ്പനി കുറഞ്ഞ നിരക്ക് നൽകാനായി കാത്തിരിക്കാം.
വിവിധ വിതരണക്കാരുടെ വില താരതമ്യം ചെയ്യുന്നതിനായി എനർജി മെയ്ഡ് ഈസി (Energy Made Easy) പോലുള്ള സർക്കാർ നിയന്ത്രിത വെബ്സൈറ്റുകൾ ഉപയോഗിക്കാൻ കഴിയും.
വൈദ്യുതിയുടെ മൊത്തവിതരണ രംഗത്ത് ചെലവ് കുറയുമ്പോൾ അത് ഗാർഹിക ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന പ്രൊഹിബിറ്റിംഗ് എനർജി മാർക്കറ്റ് മിസ്കോൺഡക്ട് (PEMM) എന്ന പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
അങ്ങനെ ചെയ്യാത്ത വൈദ്യുതി വിതരണ കമ്പനികളിൽ നിന്ന് ഒരു കോടി ഡോളർ വരെ പിഴയീടാക്കാനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്.
അതിനാൽ, എല്ലാ വൈദ്യുതി വിതരണ സ്ഥാപനങ്ങളും നിരക്കിലെ ഈ കുറവ് ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും റോഡ് സിംസ് പറഞ്ഞു.