തിങ്കളാഴ്ച 112 കൊവിഡ് ബാധകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്, ചൊവ്വാഴ്ച രാവിലെ 89 പുതിയ കേസുകൾ രേഖപ്പെടുത്തിയത്.
പുതിയ രോഗബാധയുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, ഇത് സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കാനാവില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജെക്ലിയൻ പറഞ്ഞു.
ഓരോ ദിവസവും സ്ഥിതി മാറിക്കൊണ്ടിരിക്കുമെന്നും, വരും ദിവസങ്ങളിൽ രോഗബാധ വീണ്ടും ഉയരാമെന്നും പ്രീമിയർ സൂചിപ്പിച്ചു.
അതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കിഴക്കൻ സിഡ്നിയിലെ, 70 വയസിനുമേൽ പ്രായമുള്ള ഒരു പുരുഷനാണ് മരിച്ചത്.
മൂന്നു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ കൊവിഡ് മരണമാണ് ഇത്. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച ഒരാൾ കൊവിഡ്ബാധ മൂലം മരിച്ചിരുന്നു.
പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 21 പേർ രോഗബാധയുള്ള സമയത്ത് സമൂഹത്തിൽ സജീവമായിരുന്നു.
ഏറ്റവും ആശങ്ക പടർത്തുന്നത് ഈ കണക്കാണെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരിക്കുന്നവരുടെ എണ്ണം പൂജ്യമാകുകയോ, അതിനടുത്തേക്കെത്തുകയോ ചെയ്താൽ മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കുള്ളൂ എന്നും പ്രീമിയർ പറഞ്ഞു.
ലോക്ക്ഡൗൺ ഇനിയും നീണ്ടുനിൽക്കും എന്ന സൂചനയാണ് പ്രീമിയർ നൽകിയത്. ഇക്കാര്യത്തിൽ ഉടൻ കൂടുതൽ പ്രഖ്യാപനം നടത്തുമെന്നും ഗ്ലാഡിസ് ബെറജെക്ലിയൻ അറിയിച്ചു.
ഫെയർഫീൽഡുകാർക്ക് കൂടുതൽ പരിശോധന
രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്ന ഫെയർഫീൽഡ് ലോക്കൽ കൗൺസിൽ മേഖലയിലാണ് ഏറ്റവുമധികം കരുതൽ വേണ്ടതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് പറഞ്ഞു.
പരമാവധി വീട്ടിൽ തന്നെയിരിക്കുക എന്നതാണ് ഈ മേഖലയിലുള്ളവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അവശ്യമേഖലകളിൽ ജോലി ചെയ്യുന്നവർ അതിനായി ഫെയർഫീൽഡിൽ നിന്ന് പുറത്തേക്ക് പോകണമെങ്കിൽ, ഓരോ മൂന്നു ദിവസം കൂടുമ്പോഴും കൊവിഡ് പരിശോധന നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.
ഇവർ പരിശോധന നടത്തിയ ശേഷം ഫലം വരുന്നതുവരെ ഐസൊലേറ്റ് ചെയ്യേണ്ടതില്ല. എന്നാൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഐസൊലേഷനിൽ കഴിയണം.
കൊവിഡ് പരിശോധന നടത്തിയാൽ ഫലം വരുന്നതുവരെ ഐസൊലേറ്റ് ചെയ്യണം എന്നാണ് പൊതുവിലുള്ള നിർദ്ദേശം. മൂന്നു ദിവസം കൂടുമ്പോൾ പരിശോധന എന്ന പുതിയ നിബന്ധനയുടെ പശ്ചാത്തലത്തിലാണ് ഫെയർഫീൽഡിലുള്ള അവശ്യമേഖലാ ജീവനക്കാർക്ക് ഈ ഇളവ് നൽകുന്നത്.
ഫെയർഫീൽഡിൽ പൊലീസ് സാന്നിദ്ധ്യവും വർദ്ധിപ്പിച്ചിട്ടുണ്ട്.

ചെറുപ്രായക്കാർക്ക് ഡെൽറ്റ വേരിയന്റ് വൈറസ്ബാധ കൂടുതൽ രൂക്ഷമാകുന്നതും ആശങ്കപ്പെടുത്തുന്നതായി ഡോ. കെറി ചാന്റ് പറഞ്ഞു.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരാണ് കൊവിഡ് ബാധ മൂലം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതെന്നും അവർ പറഞ്ഞു.

