SKIP TO MAIN CONTENT

മെൽബണിലെ സ്കൂളിൽ ലെഗ്ഗിംഗ്‌സിന്‌ വിലക്ക്: ആൺകുട്ടികളുടെ ശ്രദ്ധ തിരിക്കുമെന്ന് വാദം

സഹപാഠികളായ ആൺകുട്ടികളുടെ ശ്രദ്ധ വ്യതിചലിക്കുമെന്ന് ചൂണ്ടിക്കാട്ടി മെൽബണിലെ ഒരു സ്കൂൾ പെൺകുട്ടികൾ ലെഗ്ഗിംഗ്‌സ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി.

leggings ban school
Source: Public Domain

1 min read

Published

By SBS Malayalam

Source: SBS


Skip to article content

ഓസ്‌ട്രേലിയൻ സ്കൂളുകളിൽ മൊബൈൽ ഫോണിനും സ്മാർട്ട് വാച്ചിനും കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തിയിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിന് മിക്ക രക്ഷിതാക്കളും പിന്തുണ നൽകുകയും ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടികൾ ലെഗ്ഗിംഗിസ് ധരിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയതോടെ വിമർശനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മെൽബണിലെ ഒരു സ്കൂൾ ഇപ്പോൾ.

മെൽബണിലെ ഒരു ഹൈസ്കൂളാണ് പെൺകുട്ടികൾ ലെഗ്ഗിംഗ്‌സ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

സ്കൂളിലെ ഒരു മുതിർന്ന അധ്യാപകൻ കുട്ടികൾക്കായുള്ള വെബ്സൈറ്റിൽ ലെഗ്ഗിംഗ്‌സിനെ ബിക്കിനിയുമായി താരതമ്യം ചെയ്ത് പോസ്റ്റ് ഇട്ടു. 

ഇത് വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെ രണ്ട് മണിക്കൂറിന് ശേഷം ഈ സന്ദേശം ഡിലീറ്റ് ചെയ്‌തുവെങ്കിലും വിലക്ക് നിലക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പെൺകുട്ടികൾ ലെഗ്ഗിംഗ്‌സ് ധരിച്ച് സ്കൂളിലെത്തുന്നത് മൂലം സഹപാഠികളായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നാണ് അധ്യാപകന്റെ പോസ്റ്റ് എന്ന് 3AW റേഡിയോ റിപ്പോർട്ട് ചെയ്‌തു.

രാജ്യത്ത് ആദ്യമായാണ് ഒരു സ്കൂൾ ലെഗ്ഗിംഗ്‌സിന് വിലക്കേർപ്പെടുത്തുന്നത്. 

എന്നാൽ സ്കൂളിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. സ്കൂളിന്റെ പേര് വെളിപ്പെടുത്താതെയാണ് രക്ഷിതാക്കളുടെ പ്രതികരണം.

വിലക്ക് പരിഹാസ്യമാണെന്ന് ഓസ്‌ട്രേലിയൻ പേരന്റ്സ് കൗൺസിൽ ആരോപിച്ചു .

"ഏത് ദശാബ്ദത്തിലാണ് നാം ജീവിക്കുന്നത്.1980കളിൽ അല്ല മറിച്ച് 2019 ലാണ് എന്നാണ് താൻ മനസിലാക്കുന്നത്," പേരന്റ്സ് കൗൺസിലിലെ ജെന്നി റിക്കാർഡ് പറഞ്ഞു.

യൂണിഫോം നയങ്ങളിൽ മാറ്റം വരുത്താൻ സ്കൂളിന് അവകാശമുണ്ട്. എന്നാൽ ലെഗ്ഗിംഗ്‌സ് നിരോധിക്കുന്നതിന് പിന്നിലെ കാരണമാണ് അംഗീകരിക്കാൻ കഴിയാത്തതെന്നും ഇവർ സൂചിപ്പിച്ചു.

ഇതിനു പിന്നലെ സ്കൂളിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഓസ്‌ട്രേലിയക്ക് ഇതെന്ത് സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

2016ൽ  സ്കൂളിൽ യൂണിഫോമിന്റെ ഭാഗമായ സ്റ്റോക്കിയിംഗ്‌സിന് പകരമായി പാന്റ് ധരിക്കാൻ അനുവാദം നൽകണമെന്ന ആറ് വയസ്സുകാരിയുടെ ആവശ്യം ഒരു മെൽബൺ സ്കൂൾ തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ രക്ഷിതാക്കൾ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചതോടെ സ്കൂൾ യൂണിഫോം നയത്തിൽ മാറ്റം കൊണ്ടുവരികയും പാന്റ് ധരിക്കാൻ പെൺകുട്ടിക്ക് അനുവാദം നല്കുകയും ചെയ്തിരുന്നു.

 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now