മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ദേശീയ തലത്തിൽ വംശീയ വിവേചനം ചെറുക്കുന്നത് ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ഫെഡറൽ സർക്കാർ പിന്തുണ നൽകണമെന്ന് റേസ് ഡിസ്ക്രിമിനേഷൻ കമ്മീഷണർ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയിലും മറ്റ് വിദേശ രാജ്യങ്ങളിലും വംശീയ വിവേചനവും ഇതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും വർദ്ധിക്കുന്നതായും റേസ് ഡിസ്ക്രിമിനേഷൻ കമ്മീഷണർ ചിൻ ടാൻ ചൂണ്ടിക്കാട്ടി.
ഏഷ്യൻ വംശജർക്കെതിരെ കൊവിഡ് സാഹചര്യത്തിൽ വംശീയ വിവേചനം കൂടിയതായി ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ, രാജ്യത്തിനകത്ത് ഭീകരവാദ പ്രവർത്തനങ്ങൾ കൂടിയിരിക്കുന്നതായി ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസിയായ ASIOയും ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വംശീയ വിവേചനത്തിനെതിരെയുള്ള ഒരു പദ്ധതിക്ക് ഫെഡറൽ സർക്കാർ നൽകിയിരുന്ന സാമ്പത്തിക പിന്തുണ 2015ൽ അവസാനിച്ചിരുന്നു. ഇതിന് ശേഷം ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനാണ് (AHRC) ഇത്തരം പദ്ധതികൾക്ക് പിന്തുണ നൽകി വരുന്നത്.
വംശീയ വിവേചനം ചെറുക്കുന്നതിന് പുതിയ നയങ്ങൾ വേണമെന്ന് ലേബർ പാർട്ടിയും മൾട്ടികൾച്ചറൽ സംഘടനകൾക്ക് നേതൃത്വം നൽകുന്ന എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്‌ട്രേലിയയും കുറച്ച് കാലമായി ആവശ്യപ്പെടുന്നു.
പുതിയ പദ്ധതിയിലെ ആശയം വ്യക്തമാക്കുന്നതിനുള്ള രേഖകൾ ടാൻ അവതരിപ്പിച്ചു. ഓസ്‌ട്രേലിയക്കകത്തും വിദേശ രാജ്യങ്ങളിലും വംശീയ വിവേചനം മുൻപത്തേക്കാൾ കൂടിയിരിക്കുന്നുവെന്നും ഇത് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം വിവരിച്ചു.
സാമൂഹിക തലത്തിലും, സാമ്പത്തിക രംഗത്തും, ദേശീയ സുരക്ഷയുടെ കാര്യത്തിലും ഈ പദ്ധതി നിർണ്ണായക പങ്കുവഹിക്കുമെന്ന് ചിൻ ടാൻ അഭിപ്രായപ്പെട്ടു.
2020 ഒക്ടോബറിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സർക്കാർ പിന്തുണ അറിയിച്ചിരുന്നതായി AHRC ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ അറ്റോർണി ജനറലിന്റെ കാര്യാലയം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നതായാണ് റിപ്പോർട്ട്. വിവേചനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സാമൂഹിക തലത്തിൽ മാറ്റങ്ങൾ വേണമെന്ന നിലപാടിനോട് യോജിക്കുന്നതായും അറ്റോർണി ജനറലിന്റെ സെക്രട്ടറി ക്രിസ് മൊറെയ്‌റ്റിസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ പദ്ധതിക്ക് അധിക ഫണ്ടിംഗ് ലഭ്യമായിട്ടില്ല എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ദേശീയ തലത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ പിന്തുണ വേണമെന്നുള്ള ആവശ്യം.