Highlights
- മെൽബണിൽ ടൗൺ ഹൗസിന് തീ പിടിച്ച് ഇന്ത്യൻ വംശജൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു
- മരിച്ചവരിൽ മൂന്ന് ആഴ്ച പ്രായമായ കുഞ്ഞും
- സംഭവത്തിൽ 46 കാരിയായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
തെക്ക് പടിഞ്ഞാറൻ മെൽബണിലെ പോയിന്റ്കുക്കിലാണ് ബുധനാഴ്ച വെളുപ്പിനെ ടൗൺഹൗസിന് തീപിടിച്ചത്. ഇതെത്തുടർന്ന് വീടിന്റെ മുകളിലത്തെ നിലയിൽ ഉറക്കത്തിലായിരുന്ന ഇന്ത്യൻ വംശജനും, ഭാര്യയും ഇവരുടെ മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
28 കാരനായ ഇന്ദർപാൽ സിംഗ് സോഹൽ ആണ് മരിച്ച ഇന്ത്യൻ വംശജൻ. ബുധനാഴ്ച വെളുപ്പിനെ മൂന്നേമുക്കാലോടെയാണ് ഇവർ താമസിക്കുന്ന ടോട്ടേം വെയിലുള്ള ടൗൺ ഹൗസിന് തീപിടിച്ചത്.
ഇന്ദർപാലിന്റെ ഭാര്യ ആബി ഫോറസ്റ്റിനെ അയൽക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു മാസത്തിന് മുൻപാണ് ഇന്ദർപാലും കുടുംബവും ഈ ടൗൺഹൗസിലേക്ക് താമസം മാറിയതെന്ന് ആബിയുടെ സഹോദരി എമിലി പറഞ്ഞു. ഇവരുടെ സംസ്കാരത്തിനായി ധനസമാഹരണം നടത്തുകയാണ് എമിലി.
സംഭവത്തിൽ ഒരു സ്ത്രീയെ അർസൺ ആൻഡ് സ്‌പ്ലോസീവ്സ് സ്‌ക്വാഡ് ഡിറ്റക്റ്റീവ്സ് അറസ്റ്റ് ചെയ്തു. 46കാരിയായ ഇവർക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തിയതിനും, മനഃപൂർവം തീ കത്തിച്ച് മൂന്ന് പേരുടെ മരണത്തിന് കാരണമായെന്ന കുറ്റവുമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ അടുത്തുള്ള രണ്ട് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു.

General view of fire damage at a residential property in Point Cook, Melbourne, Wednesday, December 2, 2020. Source: AAP Image/James Ross
കൊല്ലപ്പെട്ട കുടുംബത്തെ ഇവർക്ക് പരിചയമില്ലായിരുന്നുവെന്ന് പ്രസ്താവനയിൽ പൊലീസ് പറയുന്നു. മാത്രമല്ല, സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും തെരയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇവരെ മെൽബൺ മജിസ്ട്രെറ്സ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് കോടതി മാർച്ചിൽ വീണ്ടും പരിഗണിക്കും.