ഓസ്ട്രേലിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമായി തുടങ്ങിയ ജൂലൈ മാസത്തിലായിരുന്നു ലോർണ ജെയിൻ “ആന്റി വൈറസ് ആക്ടീവ് വെയർ” എന്ന പരസ്യവുമായി രംഗത്തെത്തിയത്.
ഓസ്ട്രേലിയയിൽ 108 റീട്ടെയിൽ സ്റ്റോറുകളും, അമേരിക്കയും ന്യൂസിലാന്റും ഉൾപ്പെടെയുള്ള രാജ്യാന്തര വിപണികളിൽ ശക്തമായ സാന്നിദ്ധ്യവുമുള്ള ബ്രാൻഡാണ് ലോർണ ജെയിൻ.
ഈ വസ്ത്രങ്ങൾ വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടെയുള്ള രോഗാണുക്കളെ പ്രതിരോധിക്കും എന്നായിരുന്നു പരസ്യം.
LJ ഷീൽഡ് എന്ന പ്രത്യേക സ്പ്രേ ഈ വസ്ത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, രോഗാണുക്കളുടെ പുറംതോട് ഭേദിച്ച് അകത്തുകടക്കുന്ന LJ ഷീൽഡ് അവയെ കൊല്ലുകയും, പെരുകുന്നത് തടയുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടു.
കോവിഡ്-19 തടയാൻ മാർഗ്ഗമുണ്ടോ? ലോർണ ജെയിൻ വിശ്വസിക്കുന്നു അതുണ്ടെന്ന് ഇതായിരുന്നു ഒരു പരസ്യവാചകം
ഏതു തരത്തിലുള്ള മാരകവൈറസുകളെയും പ്രതിരോധിക്കാൻ കഴിയുന്ന വസ്ത്രമാണ് ഇതെന്നും കമ്പനി അവകാശപ്പെട്ടു.
ഇന്സ്റ്റാഗ്രാമും, വെബ്സൈറ്റും, റീട്ടെയിൽ സ്റ്റോറുകളും ഉൾപ്പെടെ വ്യാപകമായ പരസ്യമാണ് ഇതിന് നൽകിയതും.

Source: ABC Australia
പരസ്യം വന്നതിനു പിന്നാലെ തന്നെ ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ആരോഗ്യരംഗത്തുള്ള പല അസോസിയേഷനുകളും ഇതിനെതിരെ രംഗത്തു വന്നു.
ഇതിനു പിന്നാലെ, ഓസ്ട്രേലിയയിൽ മരുന്നുകൾക്ക് അനുമതി നൽകുന്നതിനുള്ള തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) ലോർണ ജെയിന് 40,000 ഡോളറോളം പിഴശിക്ഷ വിധിക്കുകയും ചെയ്തു.
ഇതേത്തുടർന്ന് പരസ്യങ്ങൾ മിക്കതും പിൻവലിച്ചെങ്കിലും, വസ്ത്രങ്ങളിലെ ടാഗുകളിൽ ഈ അവകാശവാദം നവംബർ വരെയും ഉണ്ടായിരുന്നു.
ജനങ്ങളുടെ പേടി മുതലെടുത്തു
വിക്ടോറിയയിൽ രണ്ടാം വ്യാപനം സജീവമാകുന്ന സമയത്താണ് സ്ഥാപനം ഇത്തരമൊരു പരസ്യവുമായി രംഗത്തെത്തിയത് എന്നത് കൂടുതൽ ആശങ്കാജനകമാണെന്ന് ACCC കമ്മീഷണർ സേറാ കോർട്ട് പറഞ്ഞു.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം എന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു കമ്പനിയുടെ പരസ്യമെന്ന് കമ്മീഷണർ പറഞ്ഞു. എന്നാൽ ശാസ്ത്രീയമായോ സാങ്കേതികമായോ ഒരു അടിസ്ഥാനവും ഈ അവകാശവാദത്തിന് ഇല്ലായിരുന്നുവെന്നും സേറാ കോർട്ട് ചൂണ്ടിക്കാട്ടി.
പ്രമുഖ ബ്രാൻഡുകൾ ഇത്തരം പരസ്യം നൽകുമ്പോൾ, അത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും എന്ന് ജനങ്ങൾ വിശ്വസിക്കും.

The Australian Competition and Consumer Commission says it is seeking penalties and an order to implement a compliance program over the advertising claims. Source: Facebook
മഹാമാരിക്കാലത്തെ ജനങ്ങളുടെ പേടി മുതലെടുക്കാനുള്ള വാണിജ്യതന്ത്രമായിരുന്നു ഈ പരസ്യമെന്ന് റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യൻസും ആരോപിച്ചു.
കമ്പനിക്കെതിരെ കൂടുതൽ പിഴയും, നടപടികളുമാണ് ACCC ആവശ്യപ്പെടുന്നത്.
എന്നാൽ, കമ്മീഷന്റെ ഇതുവരെയുള്ള നടപടികളോട് സ്ഥാപനം പൂർണമായും സഹകരിച്ചെന്നും, ഇപ്പോൾ കോടതിയെ സമീപിക്കാനുള്ള തീരുമാനം നിരാശാജനകമാണെന്നും ലോർണ ജെയിൻ പ്രതികരിച്ചു.
കൊവിഡ്-19 മായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ കൂടുതൽ നിരീക്ഷിക്കുന്നുണ്ടെന്ന് കൺസ്യൂമർ കമ്മീഷൻ അറിയിച്ചു.