മെൽബണിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കുമെന്ന കാര്യമാകും ഇതിൽ വെളിപ്പെടുത്തുന്നതെന്നും പ്രീമിയർ വ്യക്തമാക്കി.
ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്താവും ഇതിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിക്ടോറിയയിൽ 445 പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചിട്ടുമുണ്ട്.
ഇതിൽ 20 വയസിന് മേൽ പ്രായമായ ഒരാളും ഉൾപ്പെടുന്നു. ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ട ശേഷം സംസ്ഥാനത്ത് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇത്.
രോഗബാധിതൻ വീട്ടിൽ വച്ചാണ് മരണമടഞ്ഞത്. ഇദ്ദേഹം പരിശോധന നടത്തിയിട്ടില്ലായിരുന്നുവെന്നും, പോസ്റ്റ് മോർട്ടത്തിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, 80നു മേൽ പ്രായമായ ഒരു സ്ത്രീയും വൈറസ്‌ബാധിച്ച് മരിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 1,217 പുതിയ കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു.
80നു മേൽ പ്രായമായ ഒരു സ്ത്രീയും, 50 വയസിനു മേൽ പ്രായമായ ഒരു പുരുഷനുമാണ് മരിച്ചത്.
ഗ്രെയ്റ്റർ സിഡ്‌നിയിലെ ലോക്ക്ഡൗൺ 12 ആഴ്ചകൾ പിന്നിടുമ്പോൾ, രോഗബാധയിൽ കുറവ് രേഖപ്പെടുത്തുന്നതായി (ഫ്ളാറ്റനിംഗ് ദി കേർവ്) പകർച്ചവ്യാധി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഏഴ് ദിവസത്തെ ശരാശരി രോഗബാധ 1,430ൽ നിന്ന് 1,395 ആയി കുറഞ്ഞതായാണ് വിലയിരുത്തൽ.
ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലെ യാസ് വാലിയിൽ ഒരു കേസ് സ്ഥിരീകരിച്ചതോടെ പ്രദേശം വീണ്ടും ലോക്ക്ഡൗൺ ചെയ്തു. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് യാസ് ഉൾപ്പടെയുള്ള ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലെ ചില പ്രദേശങ്ങളിലെ ലോക്ക്ഡൗൺ പിൻവലിച്ചത്.
എന്നാൽ വീണ്ടും വൈറസ്ബാധ കണ്ടെത്തിയതോടെ ഇവിടം ലോക്ക്ഡൗൺ ചെയ്യുകയായിരുന്നു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ACTയിൽ വൈറസ്ബാധ കുറയാത്ത സാഹചര്യത്തിൽ ടെറിട്ടറിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ വീണ്ടും നീട്ടി.
ഒക്ടോബർ 15 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഇത് മൂന്നാം തവണയാണ് ടെറിട്ടറിയിലെ ലോക്ക്ഡൗൺ നീട്ടുന്നത്.
ഈ വെളളിയാഴ്ചയായിരുന്നു ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്.
ടെറിട്ടറിയിൽ 22 കൊവിഡ് കേസുകളാണ് ഇന്ന് (ചൊവ്വാഴ്ച) റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.
അതേസമയം, നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തുന്നതായി മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു.
സ്വകാര്യ റിയൽ എസ്റ്റേറ്റ് ഇന്സ്പെക്ഷനുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ ഗോൾഫ്, ടെന്നീസ് തുടങ്ങിയ കെട്ടിടത്തിന് പുറത്തുള്ള കായിക വിനോദങ്ങൾക്കും അനുമതിയുണ്ട്.
ഈ വാരാന്ത്യം മുതലാണ് ഈ ഇളവുകൾ.
വാക്‌സിനേഷന് മുൻഗണന നൽകിയിട്ടുള്ള 12 ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒക്ടോബർ അഞ്ച് മുതൽ സ്കൂളുകളിലേക്ക് മടങ്ങാം. രണ്ടാഴ്ചക്ക് ശേഷമാകും 11 ആം ക്ലാസിലെ കുട്ടികൾക്ക് തിരികെ സ്കൂളിലേക്ക് പോകാൻ കഴിയുന്നത്.