ആറ് മാസത്തിന് ശേഷമാണ് വിദേശത്തുനിന്നുള്ളവരുമായുള്ള വിമാനം ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ എത്തിയത്.
കൊറോണാവ്യാപനം രൂക്ഷമായ ജൂണിലായിരുന്നു ഇതിന് മുമ്പ് വിമാനങ്ങൾ എത്തിയത്.
150 യാത്രക്കാരുമായി സിംഗപ്പൂരിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ വിമാനം എത്തിയത്. യാതക്കാർ രണ്ടാഴ്ച ഹോട്ടൽ ക്വറന്റൈൻ ചെയ്യും.
ഹോട്ടൽ ക്വറന്റിനുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ച പാളിച്ചകൾ മനസിലാക്കിയാണ് ഹോട്ടലിന്റെ പ്രവർത്തനം ടെറിട്ടറി സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെ സ്വകാര്യ സുരക്ഷാ കോൺട്രാക്ടര്മാരുടെ സേവനം ഉണ്ടാകില്ല. മാത്രമല്ല ഹോട്ടൽ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താൻ പോലീസും ഡിഫൻസ് ഫോഴ്സ് അധികൃതരും ഹോട്ടൽ ജീവനക്കാരും സജ്ജമായിരിക്കും.
ക്വാറന്റൈനിൽ കഴിയുന്നവരെ ഏഴ് ദിവസത്തിൽ ഒരിക്കൽ പരിശോധനക്ക് വിധേയരാക്കും. പരിശോധനക്ക് തയ്യാറാകാത്തവർ പത്ത് ദിവസം അധികം ക്വാറന്റൈൻ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം.
കൊറോണ രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ ഇവരെ ദിവസവും നിരീക്ഷിക്കുകയും ചെയ്യും.
ഹോട്ടലിൽ കഴിയുന്നവർക്ക് മാനസികാരോഗ്യം പ്രശ്നങ്ങൾ നേരിട്ടാൽ അവരെ സഹായിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ക്വാറന്റൈൻ ഹോട്ടലിൽ താമസിക്കാൻ ഒരാൾ നൽകേണ്ടത് 3,000 ഡോളറാണ്.
ഇതിനിടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാൻ ഫെഡറൽ സർക്കാർ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇത് വഴി എത്ര പേരെ കൊണ്ടുവരാൻ കഴിയുമെന്ന കാര്യത്തിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായിവിദേശകാര്യ മന്ത്രാലയം സെനറ്റ് കമ്മിറ്റിയെ അറിയിച്ചു.
ക്രിസ്ത്മസിന് മുമ്പായി 29,000 ഓസ്‌ട്രേലിയക്കാരെ തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശത്തു നിന്ന് തിരികെയെത്തുന്നതിന് 36,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സർക്കാർ പറഞ്ഞു.
ഇന്ത്യ, ലണ്ടൻ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ സർക്കാർ ഡാർവിനിൽ എത്തിച്ചിരുന്നു.
നിലവിൽ ഓരോ സംസ്ഥാനങ്ങളും ടെറിറ്ററികളും എത്രപേരെ വിദേശത്തു നിന്നും കൊണ്ടുവരുന്നുണ്ട് എന്നറിയാം :
ACT: ക്രിസ്ത്മസിന് മുമ്പായി 360 യാത്രക്കാർ
NSW: ആഴ്ചയിൽ 3,000 പേർ
Vic: ഡിസംബർ മുതൽ ആഴ്ചയിൽ1,120 പേർ
SA: ആഴ്ചയിൽ 600 പേർ (നവംബർ 30 വരെ വിമാനങ്ങൾക്ക് വിലക്ക്)
Qld: ആഴ്ചയിൽ 1,000 പേർ
Tas: ക്രിസ്ത്മസിന് മുമ്പായി 450 യാത്രക്കാർ
WA: ആഴ്ചയിൽ 1,025 പേർ