ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾക്ക് 2022 ആദ്യത്തോടെ തിരിച്ചെത്താൻ കഴിയുമെന്ന് ടെറിട്ടറി സർക്കാർ വ്യക്തമാക്കി.
TGA അംഗീകൃത വാക്‌സിൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളെയാണ് അനുവദിക്കുക. ഇവർക്ക് ക്വാറന്റൈൻ ബാധകമായിരിക്കില്ല.
ഓസ്‌ട്രേലിയൻ സർക്കാറിന്റെ പരിശോധനാ നിർദ്ദേശങ്ങളും ഇവർ പാലിക്കേണ്ടതുണ്ടെന്ന് ടെറിട്ടറി സർക്കാർ ഇന്ന് (വെള്ളിയാഴ്ച) അറിയിച്ചു.
ടെറിട്ടറിയിലെ ഒരുക്കങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചതും അതിർത്തി തുറക്കുമ്പോൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചെത്താൻ കഴിയുമെന്നുമുള്ള വിവിരങ്ങളും പ്രതീക്ഷ നൽകുന്നതായി ANU വൈസ് ചാന്സലർ ബ്രയാൻ ഷ്മിറ്റ് പറഞ്ഞു.
അതെസമയം രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നടപ്പിലാക്കി. ടെറിട്ടറിയിലെ റീറ്റെയ്ൽ കടകൾ വീണ്ടും തുറക്കും. നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിബന്ധന പാലിച്ചുകൊണ്ട് ടെറിട്ടറിയിലെ എല്ലാ സ്റ്റോറുകൾക്കും ഇന്ന് (വെള്ളിയാഴ്ച) മുതൽ തുറക്കാം.
ടെറിട്ടറിയിൽ ഒക്ടോബർ 29 ന് കൂടുതൽ ഇളവുകൾ
ഒക്ടോബർ 29 ന് കൂടുതൽ ഇളവുകൾ നടപ്പിലാക്കും. കെട്ടിടത്തിന് പുറത്ത് മാസ്ക് നിർബന്ധമായിരിക്കില്ല. എത്രപേർക്ക് ഒത്തുകൂടാം എന്ന പരിധിയിലും മാറ്റം നടപ്പിലാകും.
നവംബർ ഒന്ന് മുതൽ ന്യൂ സൗത്ത് വെയിൽസിലേക്ക് ടെറിട്ടറിയിൽ നിന്ന് യാത്ര ചെയ്യാം. അതെസമയം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ടെറിട്ടറിയിൽ എത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ആവശ്യമായി വരില്ല.
രോഗവ്യാപനം രൂക്ഷമായിട്ടുള്ള ഹൈ റിസ്ക്ക് പ്രാദേശിക കൗണ്സിലുകളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ടെറിട്ടറിയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തുക. ഹോട്ട്സ്പോട്ടുകളായി കൂടുതൽ ഇടങ്ങളെ ഉൾപ്പെടുത്തും.
ഇതിന് ശേഷം നവംബർ അവസാനത്തോടെ ടെറിട്ടറിയിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും.
ACTയിൽ 16 വയസിന് മേൽ പ്രായമുള്ള 98.3 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും 84 ശതമാനം പേർ രണ്ട് ഡോസും പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് വ്യകതമാക്കി.
ACTയിൽ 13 പുതിയ പ്രാദേശിക രോഗബാധയാണ് സ്ഥിരീകരിച്ചത്.