ആയിരക്കണക്കിന് തൊഴിൽ സാധ്യതകളുള്ള അദാനി കൽക്കരി ഖനി പദ്ധതിക്ക് ക്വീൻസ്ലാൻറ് സർക്കാർ തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് വിതരണം. പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭിക്കാൻ സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് അദാനി ഗ്രൂപ്പ്.
ഇതിന്റെ ഭാഗമായാണ് വടക്കൻ ക്വീൻസ്ലാന്റിലെ 1,30,000ത്തോളം വീടുകളിലെ തപാൽപെട്ടികളിൽ നോട്ടീസ് വിതരണം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നത്. സർക്കാർ എത്രയും വേഗം പദ്ധതിക്ക് അനുമതി നൽകണം എന്നാവശ്യപ്പെട്ടായിരിക്കും ഈ നോട്ടീസ്.
കർക്കരി ഖനി പദ്ധതി തുടങ്ങാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും ഒമ്പത് അനുമതികൾ ലഭിക്കേണ്ടതുണ്ട്. ഇതിൽ രണ്ടെണ്ണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ മാത്രമേ നിര്മ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയൂ.
ഫെഡറൽ പരിസ്ഥിതി മന്ത്രി മെലിസാ പ്രൈസ് ചൊവ്വാഴ്ച ഭൂഗർഭ ജല പദ്ധതിക്കുള്ള അനുമതി നൽകിയിരുന്നു.
ഫെഡറൽ സർക്കാറിന്റെ അനുമതി ലഭിച്ചെങ്കിലും സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് അദാനി ഗ്രൂപ്പ്. വിദേശ പര്യടനത്തിലുള്ള ക്വീൻസ്ലാൻറ് പ്രീമിയർ അനസ്തഷ്യ പാലാഷേ ഏപ്രിൽ 15 തിരിച്ചെത്തിയ ശേഷം മാത്രമേ ഇതേക്കുറിച്ച് തീരുമാനങ്ങൾ എടുക്കുകയുള്ളു.
പദ്ധതിക്ക് തിരക്കിട്ട് അനുമതി നൽകില്ലെന്ന് പാരിസ്ഥിതിക മന്ത്രി ലീ ആൻ ഇനോക് വ്യക്തമാക്കി. എന്നാൽ മന്ത്രി പദ്ധതി മനപൂവം വൈകിപ്പിക്കുകയാണെന്ന് LNP നേതാവ് ഡെബ് ഫ്രക്കലിംഗ്ടൺ കുറ്റപ്പെടുത്തി.
അദാനി കൽക്കരി പദ്ധതിക്കെതിരെ ഏറെ നാളായി പൊതു സമൂഹത്തിൽ നിന്നും എതിർപ്പുകളുണ്ട്. എന്നാൽ പ്രദേശത്ത് കൂടുതൽ തൊഴിലുകൾ നൽകാൻ കഴിയുമെന്നതാണ് അദാനി ഗ്രൂപ്പിന്റെ വാദം .