കൊറോണ മൂലമുള്ള യാത്രാവിലക്കുകളെ തുടർന്ന് നിരവധി ഓസ്‌ട്രേലിയക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ രാജ്യത്തേക്ക് തിരിച്ചെത്താൻ 27,000ലേറെ പേരാണ് വിദേശകാര്യ വകുപ്പിൽ താത്പര്യം അറിയിച്ചിരിക്കുന്നത്.
നിലവിൽ ആഴ്ചയിൽ 4,000 പേർക്ക് മാത്രമാണ് രാജ്യത്തേക്ക് എത്താവുന്നത്. ഇത് 6,000 ആക്കി വര്ധിപ്പിക്കണമെന്നാണ് ഫെഡറൽ സർക്കാറിന്റെ ആവശ്യം.
ഇതുവഴി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 2,000 അധികം ഓസ്‌ട്രേലിയക്കാർക്ക് ഓരോ ആഴ്ചയിലും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനാവും.
ഇതിനായി സംസ്ഥാന സർക്കാരുകൾ ഹോട്ടൽ ക്വറന്റൈൻ സൗകര്യങ്ങൾ വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി മൈക്കൽ മക് കോർമാക് പ്രീമിയർമാർക്ക് കത്തയച്ചു.
വിവിധ തലസ്ഥാന നഗരങ്ങളിലെ ഹോട്ടലുകളിൽ നിരവധി ഒഴിഞ്ഞ മുറികളുണ്ടെന്നും, വിദേശത്തു നിന്നെത്തുന്ന ഓസ്‌ട്രേലിയക്കാർക്ക് ഇവിടെ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ സംസ്ഥാനങ്ങളും ടെറിറ്ററികളും തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വിദേശത്തു നിന്നുള്ള 2,500 പേരാണ് ആഴ്ചയിൽ സിഡ്‌നിയിൽ എത്തുന്നത്. 500
പേർക്ക് കൂടി ക്വാറന്റൈൻ ചെയ്യാവുന്ന വിധത്തിൽ ന്യൂ സൗത്ത് വെയിൽസ് ഹോട്ടൽ സൗകര്യം വർധിപ്പിക്കണമെന്നും മക് കോർമാക് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിന് പുറമെ ക്വീൻസ്ലാന്റും വെസ്റ്റേൺ ഓസ്‌ട്രേലിയയും പേരെ വീതം അധികം അനുവദിക്കാൻ തയ്യാറാകണമെന്നും ടാസ്മേനിയ, നോർത്തേൺ ടെറിട്ടറി, ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലേക്കും കൂടുതൽ പേരെ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊറോണവൈറസ് രൂക്ഷമായതോടെ വിദേശത്തുനിന്ന് എത്തുന്നവർക്ക് മെൽബണിൽ പ്രവേശനം അനുവദിക്കുന്നില്ല.
അതേസമയം, പ്രധാനമന്ത്രിയും ഗവർണർ ജനറലും ഉപയോഗിക്കുന്ന വ്യോമസേന വിമാനങ്ങൾ വഴി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രലിയക്കാരെ തിരികെ കൊണ്ടുവരണമെന്ന് ലേബർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരുകൾ നടത്തുന്ന ക്വാറന്റൈൻ ഹോട്ടലുകൾക്ക് പുറമെ ഫെഡറൽ സർക്കാരും ക്വാറന്റൈൻ പദ്ധതികൾ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസി ആവശ്യപ്പെട്ടു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ബോർഡർ ഫോഴ്സ് മേധാവി പ്രതികരിച്ചിരുന്നു.