ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കാട്ടുതീ മാസങ്ങൾ പിന്നിട്ട് കത്തിപ്പടരുമ്പോൾ കാട്ടുതീബാധിതരെ സഹായിക്കാൻ നിരവധി മലയാളികളും രംഗത്തെത്തിയിരുന്നു. ചിലർ ധനസമാഹരണത്തിലൂടെയാണ് സഹായഹസ്‌തവുമായി മുൻപോട്ടു വന്നതെങ്കിൽ അവശ്യ സാധനങ്ങളും മറ്റും എത്തിച്ചുകൊടുത്താണ് മറ്റു ചിലർ കാട്ടുതീ ബാധിതരെ സഹായിച്ചത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ മാർഗ്ഗങ്ങളിലൂടെ കാട്ടുതീ ബാധിതരെ സഹായിക്കാൻ മുന്പോട്ടുവന്നിരിക്കുകയാണ് ചില മലയാളികൾ. അഡ്‌ലൈഡ് ആൻഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷനാണ് സാധനങ്ങൾ ലേലത്തിൽ വിറ്റ് അതിൽ നിന്ന് ലഭിക്കുന്ന തുക ഇവർക്കായി നൽകുന്നത്.
ഫെബ്രുവരി എട്ടാം തീയതി സൗത്ത് ഓസ്‌ട്രേലിയയിലെ ടസ്‌മോറിലുള്ള ബേൺസൈഡ് ബോൾ റൂമിൽ വച്ചാണ് നൂറിലേറെ സാധനങ്ങൾ ലേലത്തിൽ വയ്ക്കുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മുരളീധരൻ ഭാസ്കരൻ നായർ എന്ന ബംഗളുരുവിലുള്ള മലയാളി ചിത്രകാരൻ വരച്ച കാട്ടുതീയെക്കുറിച്ചുള്ള ഓയില്‍ചിത്രമായിരിക്കും പ്രധാന ലേലവസ്തുവെന്ന് AMMA സെക്രട്ടറി ദീപു ജോസഫ് പറഞ്ഞു.

Source: Supplied
കൂടാതെ അഡ്‌ലൈഡ് മലയാളി കുടുംബങ്ങൾ സംഭാവനയായി നൽകുന്ന ഭക്ഷണ സാധനങ്ങൾ, ചെടികൾ, വൗച്ചറുകൾ തുടങ്ങി നിരവധി വസ്തുക്കളും ലേലത്തിൽ വയ്ക്കുമെന്ന് ദീപു പറഞ്ഞു.
ഇതിന് പുറമെ വിവിധ കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് സ്റ്റോളുകളുമുണ്ടാകും.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക പ്രീമിയറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാനാണ് സംഘാടകരുടെ പദ്ധതി.
കാട്ടുതീ ബാധിതർക്ക് വിരുന്നൊരുക്കി മലയാളികൾ
ലേലത്തിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് ഈ അഡ്‌ലൈഡ് മലയാളി കൂട്ടായ്മ കാട്ടുതീ ബാധിതർക്ക് സഹായം എത്തിക്കുന്നതെങ്കിൽ, കാട്ടുതീ മൂലം എല്ലാം നഷ്ടപ്പെട്ട 150ഓളം പേർക്ക് അത്താഴ വിരുന്ന് ഒരുക്കി നൽകുകയായിരുന്നു അഡ്‌ലൈഡിലുള്ള ജോർജി തോമസും സുഹൃത്തുക്കളും.
സൗത്ത് ഓസ്‌ട്രേലിയയിൽ ലോബിതൽ എന്ന പ്രദേശത്ത് നിരവധി പേർക്കാണ് വീടും സ്ഥലവുമെല്ലാം നഷ്‌ടമായത്.
അഡ്‌ലൈഡിൽ ഷെഫായ ജസ്റ്റിൻ വർഗീസിന്റെ സഹായത്തോടെ ഇന്ത്യൻ രീതിയിലുള്ള ഭക്ഷണം പാകം ചെയ്ത് ഇവിടെ എത്തിച്ചാണ് അത്താഴവിരുന്നൊരുക്കിയത്.

Source: Supplied
കാട്ടുതീയിൽ എല്ലാം നഷ്ടപ്പെട്ടവരും പ്രദേശങ്ങളിൽ വേലിയും മറ്റും പണിയാനായി വോളന്റീർ ആയി സേവനം ചെയ്യുന്നവരും ഉൾപ്പെടെ 150ഓളം പേർ ഇവിടെ അത്താഴവിരുന്നിനെത്തിയതായി ജോർജി പറഞ്ഞു.
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൗത്ത് ഓസ്‌ട്രേലിയയിലെ കണ്ടെയ്നർ ഡിപ്പോസിറ്റ് സ്കീം വഴി തിരിച്ചു നൽകി അതിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് കാട്ടുതീ ബാധിതർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞതെന്ന് ദി മസ്റ്റാർഡ് സീഡ് ഫാമിലി പ്രോജക്റ്റ് എന്ന സംഘടന നടത്തുന്ന ജോർജി തോമസ് പറഞ്ഞു.

Source: Supplied
ഭക്ഷണത്തിന് പുറമെ മലയാളി കലാകാരന്മാരുടെ സംഗീതവിരുന്നും ഇവർക്കായി ഒരുക്കിയിരുന്നു.