മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേറ്ററി ഏജൻസിയും (AHPRA) നാഷണൽ മെഡിക്കൽ ബോർഡും (NMBA) ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്ത് ഫൈസർ വാക്‌സിന് പുറമെ ആസ്ട്രസെനക്ക വാക്‌സിൻ കൂടി വിതരണം തുടങ്ങിയതോടെയാണ് ഈ പ്രസ്താവന അധികൃതർ പുറത്തിറക്കിയത്.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്.
രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ പദ്ധതി അട്ടിമറിക്കുന്ന വിധത്തിൽ സമൂഹമാധ്യമത്തിലൂടെയോ പരസ്യത്തിലൂടെയോ വാക്‌സിനേഷനെക്കുറിച്ച് തെറ്റായതും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെയാണ് കർശന നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള ശാസ്ത്രീയമായ തെളിവുകൾ നിഷേധിക്കുന്ന വിധത്തിൽ വാക്‌സിനേഷന് എതിരെയുള്ള പ്രസ്താവനകൾ അഥവാ ആരോഗ്യ ഉപദേശങ്ങൾ നൽകുന്നതും ബോർഡിന്റെ നയങ്ങൾക്ക് എതിരാണ്.
അതിനാൽ ദേശീയ ബോർഡിന്റെ നയങ്ങൾ ലംഘിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ അന്വേഷണം നടത്തുമെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഈ പ്രസ്താവനയിൽ പറയുന്നു.
AHPRAയും NMBAയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയെ മെഡിക്കൽ, നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി, ഫാർമസി, ഡെന്റൽ, കൈറോപ്രാക്റ്റർ, ചൈനീസ് മെഡിസിൻ, പാരാമെഡിസിൻ, ഓസ്റ്റിയോപതി ബോർഡ് ഓഫ് ഓസ്‌ട്രേലിയ എന്നിവർ പിന്തുണച്ചു.
രാജ്യത്തെ ചില ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വാക്‌സിനേഷനെതിരെയുള്ള സന്ദേശങ്ങൾ ചില സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നതായുള്ള പരാതികൾ കഴിഞ്ഞ സെപ്റ്റംബറിൽ AHPRA ക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
രോഗങ്ങൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവർത്തകർക്കുണ്ടെന്നും സ്വന്തം കാഴ്ചപ്പാടുകൾ രോഗികളെയോ ഉപഭോക്താക്കളെയോ ബാധിക്കുന്നില്ലെന്ന് ഇവർ ഉറപ്പുവരുത്തണമെന്നും ഈ പ്രസ്താവനയിൽ പറയുന്നു.