ഓസ്‌ട്രേലിയയും ന്യൂസിലാന്റുമായുള്ള അതിർത്തി തുറക്കുന്നതിൽ സർക്കാർ തീരുമാനം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് യാത്രയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നത്.
ന്യൂസിലാന്റിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാൻ ഓസ്‌ട്രേലിയൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, അടുത്ത വര്ഷം ആദ്യം വരെ ഓസ്‌ട്രേലിയയിൽ നിന്നുള്ളവർക്ക് ന്യൂസിലാന്റിൽ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ബാധകമാണ്.
ഈ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എയർ ന്യൂസിലാൻറ് വിമാന സർവീസുകൾ റദ്ദാക്കിയത്.
ഡിസംബർ 31 വരെയുള്ള 1,000ലേറെ സർവീസുകളാണ് എയർ ന്യൂസിലാന്റ് റദ്ദാക്കിയത്.
ഇതുവഴി, അവധിയാഘോഷിക്കാൻ ന്യൂസിലാന്റിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പതിനായിരക്കണക്കിന് പേരുടെ യാത്രയാണ് റദ്ദായത്.
അതിർത്തി തുറക്കാൻ വൈകുന്നതിന്റെ ഉത്തരവാദിത്വം ന്യൂസിലാന്റ് സർക്കാരിനാണെന്ന് എയർ ന്യൂസിലാന്റ് എക്സിക്യൂട്ടീവ് ലിയാൻ ജെറാട്ടി കുറ്റപ്പെടുത്തി.
വിമാനം റദ്ദാക്കാനുള്ള തീരുമാനം നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നറിയാമെന്നും, എന്നാൽ കർശന അതിർത്തി നിയന്ത്രണം മൂലം മാറ്റ് മാർഗ്ഗമില്ലെന്നും ജെറാട്ടി പറഞ്ഞു.
കൊവിഡ് ബാധ കുറഞ്ഞ സമയത്ത് ഇരു രാജ്യങ്ങളും അതിർത്തി തുറന്നിരുന്നു. എന്നാൽ, മൂന്ന് മാസം മാത്രമായിരുന്നു ഈ വര്ഷം അതിർത്തി തുറന്നു കിടന്നത്.
പിന്നീട് ജൂലൈയിൽ, ക്വാറന്റൈൻ രഹിത യാത്രക്കുള്ള കരാർ റദ്ദാക്കുകയും അതിർത്തി അടയ്ക്കുകയും ചെയ്തു.
അതേസമയം, ഓസ്‌ട്രേലിയയിൽ നിന്ന് ന്യൂസിലാന്റിലേക്ക് ക്വാറന്റൈൻ ചെയ്യുന്ന യാത്രക്കാർക്കായി 'റെഡ് ഫ്‌ളൈറ്റ്‌സ്' പ്രവർത്തനം നടത്തുമെന്ന് എയർ ന്യൂസിലാന്റ് അറിയിച്ചു.
സർക്കാരിന്റെ നടപടിയനുസരിച്ച് 2022 ലെ സർവീസുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും, യാത്ര റദ്ദാക്കേണ്ടി വന്നവരുടെ പണം തിരികെ നൽകുമെന്നും എയർ ന്യൂസിലാന്റ് അറിയിച്ചിട്ടുണ്ട്.