ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ആഭ്യന്തര വിമാന നിരക്ക് ഗണ്യമായി വർദ്ധിച്ചതായി ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ (ACCC) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ഏപ്രിൽ മാസത്തിൽ ഇക്കണോമി ക്ലാസിന് കഴിഞ്ഞ പതിനൊന്നു കൊല്ലത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായിരുന്നുവെന്ന് ACCC യുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ഓഗസ്റ്റിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 56 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട് കണ്ടെത്തി. അതേസമയം ബിസിനസ് ക്‌ളാസ് വിമാന നിരക്കുകൾ ജൂൺ മുതൽ ഓഗസ്റ്റ് വരെ 17 ശതമാനമാണ് വർദ്ധിച്ചത്.
നിരക്കുകൾ ഉയരുന്നതിനു പ്രധാനകാരണം കൊവിഡ് മഹാമാരിയാണെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ടൂറിസം അധ്യാപകനായ ഡേവിഡ് ബെയർമാൻ പറഞ്ഞു.
മഹാമാരി മൂലം എയർലൈൻ കമ്പനികൾക്ക് ഭീമമായ കടമാണുണ്ടായതെന്നും അതു തിരിച്ചടക്കുവാനാണ് നിലവിൽ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതെന്നും ബെയർമാൻ ചൂണ്ടിക്കാട്ടി.
ചെലവ് ചുരുക്കുവാനായി നടപ്പിലാക്കിയ പിരിച്ചുവിടലുകൾ മൂലം കമ്പനികൾ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടെന്നും, ഇത് സ്ഥിരമായ റദ്ദാക്കലുകൾ, സർവീസുകളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ബെയർമാൻ അഭിപ്രായപ്പെട്ടു.
ACCCയുടെ കണക്കുകൾ പ്രകാരം, 2022 ജൂലൈ മാസം ആഭ്യന്തര എയർലൈൻ മേഖലയിൽ ദീർഘകാല ശരാശരിയുടെ മൂന്നിരട്ടി നിരക്കിലാണ് കമ്പനികൾ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. ഇത് ഏറ്റവും മോശമായ പ്രകടനമായാണ് വിലയിരുത്തുന്നത്.
എന്നാൽ പണപ്പെരുപ്പം, ഉയർന്ന ഇന്ധനച്ചെലവ്, ടിക്കറ്റുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എന്നീ പ്രതികൂല സാഹചര്യങ്ങളിലും ഉപഭോക്താക്കൾക്ക് മികച്ച സേവനവും മൂല്യവും ഉറപ്പ് വരുത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിർജിൻ ഓസ്‌ട്രേലിയ വക്താവ് എസ്ബിഎസ് ന്യൂസിനോട് പറഞ്ഞു.
എയർലൈൻ കമ്പനികൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ഉടൻ തന്നെ കുറഞ്ഞ വിമാന നിരക്ക് ലഭിക്കാൻ സാധ്യതയില്ലെന്ന് ബെയർമാൻ ചൂണ്ടിക്കാട്ടി.
അതോടൊപ്പം റഷ്യ-ഉക്രൈൻ സംഘർഷത്തിന് അയവ് വന്നില്ലെങ്കിൽ ഇന്ധനലഭ്യതയിലെ പ്രശ്നങ്ങളും വിമാന നിരക്കിൽ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു,

