പ്രമുഖ ടെക് കമ്പനിയായ ആപ്പിൾ വിറ്റഴിച്ച 15-ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്ടോപ്പ് (Retina, 15-inch, mid-2015 model) തീപിടിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്ന് ആഗോളതലത്തിൽ ഇത് തിരിച്ചുവിളിച്ചിരുന്നു.
2015 - 2017 കാലയളവിൽ വിറ്റഴിച്ച 15-ഇഞ്ച് മാക്ബുക്ക് പ്രോയിൽ ഉപയോഗിച്ചിട്ടുള്ള ലിഥിയം-അയോൺ ബാറ്ററി അമിതമായി ചൂടായി തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ തിരിച്ചുവിളിച്ചത്.
ഇതേതുടർന്ന് ഈ മോഡലുകളിലുള്ള മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് സിംഗപ്പൂർ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ മാക്ബുക്ക് പ്രോക്ക് വിലക്കേർപ്പെടുത്തിയത്.
സിംഗപ്പൂർ എയർലൈൻസ്
തിരിച്ചുവിളിച്ച 15-ഇഞ്ച് മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നത് ഓഗസ്റ്റ് 25നു സിംഗപ്പൂർ എയർലൈൻസ് വിലക്കേർപ്പെടുത്തി. ചെക്ക് ഇൻ ബാഗേജ് ആയോ ക്യാരിഓൺ ലഗേജ് ആയോ ഇവ കൈവശം കരുതുന്നത് അനുവദനീയമല്ലെന്ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.
ഇതിനു പിന്നാലെ തായ് എയർവെയ്സും ചെക്ക് ഇൻ ബാഗേജ് ആയോ ക്യാരിഓൺ ലഗേജ് ആയോ ഇവ കൊണ്ടുപോകുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാഗിക വിലക്കുമായി ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനികളും
വിദേശ കമ്പനികൾക്ക് പിന്നാലെ പ്രമുഖ ഓസ്ട്രേലിയൻ വിമാനക്കമ്പനികളും മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നതിൽ ഭാഗികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടസ്, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്സ്റ്റാർ എന്നീ കമ്പനികളാണ് വിലക്കേർപ്പെടുത്തിരിക്കുന്നത്.
എല്ലാ മാക്ബുക്ക് മോഡലുകളും ചെക്ക്ഡ് ബാഗേജ് ആയി കൊണ്ടുപോകുന്നതിലാണ് ഇവർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തിരിച്ചുവിളിച്ച മോഡലുകള്‍ക്ക് മാത്രമല്ല ഈ വിലക്ക് ബാധകം.
അതേസമയം ക്യാബിൻ ബാഗേജായി ഇത് കൈവശം കരുതുന്നതിൽ കമ്പനി വിലക്കേർപ്പെടുത്തിയിട്ടില്ല.
വിലക്ക് ഏർപ്പെടുത്തിയതിൽ ഇന്ത്യൻ വിമാനക്കമ്പനികളും
ആപ്പിൾ തിരിച്ചുവിളിച്ച 15-ഇഞ്ച് മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നതിൽ ഇന്ത്യയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിനകത്തോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ഇതുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഹാൻഡ് ബാഗേജ് ആയോ ചെക്കിൻ ലഗേജ് ആയോ ഇവ വിമാനത്തിൽ അനുവദിക്കില്ലെന്നും DGCA അറിയിച്ചിട്ടുണ്ട്.
ഇതിനു പുറമെ ചരക്ക് വിമാനങ്ങളായ ടോട്ടൽ കാർഗോ എക്സ്പെർട്ടീസ് — TUI ഗ്രൂപ്പ് എയർലൈൻസ്, തോമസ് കുക്ക് എയർലൈൻസ്, എയർ ഇറ്റലി, എയർ ട്രാൻസാറ്റ് എന്നിവ ചരക്കായി വിമാനങ്ങളിൽ ഇവ കയറ്റുന്നതിനും വിലക്കുണ്ട്.
വിവിധ വിമാനക്കമ്പനികൾ പുറപ്പെടുവിച്ച ഈ വിലക്ക് എത്ര നാൾ നീളുമെന്ന കാര്യം അറിവായിട്ടില്ല.