പുതിയ സർക്കാറിന്റെ ആദ്യ ബജറ്റ് ഇന്ന് (ചൊവ്വാഴ്ച) ട്രഷറർ ജിം ചാമേഴ്‌സ് അവതരിപ്പിക്കും.
ആഗോളതലത്തിലും ഓസ്‌ട്രേലിയയിലും സാമ്പത്തിക രംഗത്ത് നേരിടുന്ന പ്രതികൂല സാഹചര്യം കണക്കിലെടുത്തുള്ള ബജറ്റായിരിക്കുമെന്ന് ജിം ചാമേഴ്‌സ് വ്യക്തമാക്കി.
ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ എന്താണ് പ്രതീക്ഷിക്കുന്നത്?
ജീവിത ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾ
ജീവിത ചെലവ് കുറയ്ക്കാനായുള്ള സാമ്പത്തിക ഉത്തേജക പദ്ധതികളെക്കുറിച്ച് അമിതമായുള്ള പ്രതീക്ഷ ഒഴിവാക്കണമെന്ന് ജിം ചാമേഴ്‌സ് പറഞ്ഞു.
ഓസ്‌ട്രേലിയയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തിയുള്ള ബജറ്റായിരിക്കുമെന്ന് ട്രഷറർ പറഞ്ഞു.
എന്നാൽ സാമ്പത്തിക ഉത്തേജക പദ്ധതികൾ നാണയപ്പെരുപ്പം കൂടാൻ കാരണമാകില്ല എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെയ്ഡ് പേരന്റൽ ലീവ് വർദ്ധിപ്പിക്കും
മാതാപിതാക്കൾക്ക് ശമ്പളത്തോടെയുള്ള അവധി (പെയ്ഡ് പേരന്റൽ ലീവ്) വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബിനീസി ബജറ്റിന് മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു.
നിലവിലുള്ള 18 ആഴ്ച നീളുന്ന അവധി, 26 ആഴ്ചയായി കൂട്ടി പദ്ധതി വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് പുറത്ത് വിടും.
വിസകളുടെ കാലതാമസം കുറയ്ക്കും
വിസകളുടെ കാലതാമസം കുറയ്ക്കാനുള്ള നടപടികൾക്കായി ഈ ബജറ്റിൽ സാമ്പത്തിക പിന്തുണ ഉണ്ടാകാൻ സാധ്യതയുണ്ട്.
സെപ്റ്റംബറിൽ നടന്ന ജോബ്സ് ആൻഡ് സ്‌കിൽസ് ഉച്ചകോടിയിൽ വിസ കാലതാമസം കുറയ്ക്കാൻ 36.1 മില്യൺ ഡോളർ ചിലവിടുമെന്നും, 500 അധിക ജീവനക്കാരെ നിയമിക്കുമെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസി പ്രഖ്യാപിച്ചിരുന്നു.
മൂന്നാം ഘട്ട നികുതി ഇളവുകൾ
മൂന്നാം ഘട്ട നികുതി ഇളവുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാകും. ഉയർന്ന വരുമാനം ലഭിക്കുന്നവർക്ക് കൂടുതൽ നേട്ടമുള്ള പദ്ധതി നിലവിലുള്ള പ്രതികൂല സാമ്പത്തിക പശ്ചാത്തലത്തിൽ സർക്കാർ വേണ്ടന്ന് വയ്ക്കണമെന്ന് പല വിദഗ്ദ്ധരും നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് സർക്കാർ സൂചിപിച്ചിരിക്കുന്നത്. മുൻ സര്കാരിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നതിൽ മാറ്റമുണ്ടാകുമോ എന്ന് ഇന്ന് വ്യക്തമാകും.

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ പദ്ധതി
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ഓസ്‌ട്രേലിയ കൂടുതൽ സജ്ജമാകുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ ഈ ബജറ്റിൽ ഉൾപ്പെടുത്തും.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി 588 മില്യൺ ഡോളർ അധികമായി ഈ സാമ്പത്തിക വർഷത്തിൽ സർവീസസ് ഓസ്‌ട്രേലിയയ്ക്ക് ലഭ്യമാക്കും എന്ന് സർക്കാർ പറഞ്ഞു.
ചൈൽഡ് കെയർ, കളിപ്പാട്ട ലൈബ്രറി സൗകര്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം
ചൈൽഡ് കെയർ സബ്സിഡിയിൽ വരുത്തുന്ന മാറ്റങ്ങൾ 1.26 മില്യൺ കുടുംബങ്ങൾക്ക് സഹായമാകും. 2023 ജൂലൈ ഒന്ന് മുതൽ 95 ശതമാനം മാതാപിതാക്കൾക്കും കൂടുതൽ സബ്‌സിഡി ലഭിക്കും.
പ്ലെഗ്രൂപ്പുകളും കളിപ്പാട്ട ലൈബ്രറികളും വികസിപ്പിക്കുന്നതിനായി 12.4 മില്യൺ ഡോളർ ചിലവിടും.
TAFE, സർവകലാശാലാ സീറ്റുകൾ കൂട്ടും
തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുന്ന മേഖലകളിലെ കോഴ്‌സുകളിൽ 20,000 അധിക സർവകലാശാലാ സീറ്റുകൾക്കുള്ള സാമ്പത്തിക സഹായം ലഭ്യമാകും.
2024 ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി 42 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ലഭ്യമാക്കുക.
റോഡ് റെയിൽ പദ്ധതികൾക്കായി 9.6 ബില്യൺ ഡോളർ ചിലവിടും
റോഡ് റെയിൽ പദ്ധതികൾക്കായി ലഭ്യമാക്കുന്ന ഫെഡറൽ സാമ്പത്തിക പിന്തുണ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം വിക്ടോറിയയായിരിക്കാൻ സാധ്യത. 2.2 ബില്യൺ ഡോളർ സബർബൻ റെയിൽ ലിങ്ക് പദ്ധതിക്കായി ഉൾപ്പെടെ 2.57 ബില്യൺ ഡോളറാണ് സംസ്ഥാനത്തിനായി വകയിരുത്തിയിരിക്കുന്നത്.
ന്യൂ സൗത്ത് വെയില്സിന് ഒരു ബില്യണും, ക്വീൻസ്ലാന്റിന് 1.47 ബില്യൺ ഡോളറുമാണ് വകയിരുത്തിയിരിക്കുന്നത്.
ഗ്രേറ്റ് ബാരിയർ റീഫിനായി 204 മില്യൺ ഡോളർ ചിലവിടും
പവിഴപ്പുറ്റുശൃംഖലയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾക്കായാണ് സാമ്പത്തിക പിന്തുണ ലഭ്യമാക്കുക.

