കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ഓസ്ട്രേലിയൻ അതിർത്തികൾ അടച്ച ശേഷം പൗരൻമാരെയും പെർമനന്റ് റെസിഡന്റ്സിനെയും മാത്രമാണ് തിരിച്ചെത്താൻ അനുവദിച്ചിരുന്നത്.
അതിനു ശേഷം 3,71,000ഓളം ഓസ്ട്രേലിയക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയതായി വിദേശകാര്യ വകുപ്പ് സെനറ്റ് അന്വേഷണത്തെ അറിയിച്ചു.
നയതന്ത്രകാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 27,000 ഓസ്ട്രേലിയക്കാരാണ് ഇപ്പോഴും വിദേശരാജ്യങ്ങളിലുള്ളത്.
ഇതിൽ 18,800 പേർ രാജ്യത്തേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണെന്നും, എന്നാൽ അതിന് കഴിയുന്നില്ലെന്നും വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥയായ ഫിയോണ വെബ്സ്റ്റർ സെനറ്റ് അന്വേഷണ സമിതിയിൽ അറിയിച്ചു.
ഇന്ത്യയിലാണ് ഇതിൽ ഏറ്റവും കൂടുതൽ പേർ
ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പൈൻസ്, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഓസ്ട്രേലിയക്കാർ കുടുങ്ങിക്കിടക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
വിമാനസർവീസുകളുടെ കുറവും, തിരിച്ചെത്തുന്നവർക്ക് വിവിധ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന പരിധിയും കാരണമാണ് ഇവരുടെ യാത്ര മുടങ്ങുന്നത്.
ആദ്യഘട്ടത്തിൽ തിരിച്ചെത്തുന്ന വിമാനസർവീസുകൾക്ക് പരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാൽ ക്വാറന്റൈൻ ഹോട്ടലുകളിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ഭൂരിഭാഗം സംസ്ഥാനങ്ങളും ഇപ്പോൾ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ആഴ്ചയിൽ 4000 പേരെ മാത്രം രാജ്യത്തേക്ക് എത്താൻ അനുവദിച്ചാൽ മതിയെന്ന് ദേശീയ ക്യാബിനറ്റ് യോഗത്തിൽ ധാരണയായിരുന്നു.
ഇങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന പരിധി:
- മെല്‍ബണ്‍ - രാജ്യാന്തര യാത്രക്കാരെ അനുവദിക്കില്ല
- സിഡ്‌നി - ദിവസം 350 യാത്രക്കാരെ മാത്രം
- പെര്‍ത്ത് - ആഴ്ചയില്‍ 525 യാത്രക്കാര്‍
- ബ്രിസ്‌ബൈന്‍ - ആഴ്ചയില്‍ 500 യാത്രക്കാര്‍
- അഡ്‌ലൈഡ് - ആഴ്ചയില്‍ 500 യാത്രക്കാര്‍
- കാന്‍ബറ, ഡാര്‍വിന്‍ - ഓരോ വിമാനത്തിലെയും യാത്രക്കാരുടെ എണ്ണം ചര്‍ച്ച ചെയ്ത് തീരുമാനിക്കും
- ഹോബാര്‍ട്ട് - രാജ്യാന്തര വിമാനങ്ങള്‍ അനുവദിക്കില്ല
കുറഞ്ഞത് ഒക്ടോബർ 24 വരെ ഈ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള പ്രഖ്യാപനം. ഇതോടൊപ്പം, തിരിച്ചെത്തുന്ന യാത്രക്കാർ സ്വന്തം കൈയിൽ നിന്ന് ക്വാറന്റൈൻ ചെലവും നൽകേണ്ടതുണ്ട്.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാൻ ഫെഡറൽ സർക്കാർ മുൻകൈയെടുത്ത് 64 വിമാനസർവീസുകൾ ഏർപ്പാടാക്കിയതായും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
ഇതിൽ 13ഉം ഇന്ത്യയിൽ നിന്നായിരുന്നു.
എന്നാൽ മറ്റു വിമാനങ്ങളിൽ ആരെയാണ് കൊണ്ടുവരുന്നത് എന്ന കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല എന്നും, പ്രത്യേക സാഹചര്യങ്ങളിലുള്ളവരെ സഹായിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും വിദേശകാര്യവകുപ്പ് പറഞ്ഞു.
തിരിച്ചെത്താനുള്ള വിമാനയാത്രാ ചെലവ് വഹിക്കാനായി 400ഓളം പേർക്ക് അടിയന്തര ലോണുകളും ഓസ്ട്രേലിയൻ സർക്കാർ നൽകിയിട്ടുണ്ട്.