ഓസ്‌ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുളള 50 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി.
വ്യാഴാഴ്ച മാത്രം 347,796 ഡോസ് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്തതായി സർക്കാർ ചൂണ്ടിക്കാട്ടി.
ഏകദേശം 75 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട്.
വിക്ടോറിയ
വിക്ടോറിയയിൽ 733 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 84 ശതമാനം പേരും 50 വയസിന് താഴെയുള്ളവരാണ്. ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കൊവിഡ് കേസുകളിൽ ലോക്ക് ഡൗൺ വിരുദ്ധ റാലിയിൽ പങ്കെടുത്ത ഒരാളും ഉൾപ്പെടുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച മെൽബൺ നഗരത്തിൽ ഷ്രൈൻ ഓഫ് റിമെംബറൻസിന് ചുറ്റും നടന്ന പ്രതിഷേധ പ്രകടനത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചയാൾ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച വ്യക്തി ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചു വരികയാണെന്നും രോഗവ്യാപന സാധ്യത സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
വിക്ടോറിയ പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് സമ്പർക്കത്തിൽ വന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി എത്ര പോലീസ് ഉദ്യോഗസ്ഥർ സമ്പർക്കത്തിൽ വന്നു എന്ന വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പോലീസ് സേവനങ്ങളെ ബാധിക്കില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.
വിക്ടോറിയയിലെ 700 ഓളം ഫാർമസികളിലായി 300,000 ഡോസ് മൊഡേണ വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു. ഇതിന് പുറമെ 12 നും 59 നുമിടയിൽ പ്രായമുള്ളവർക്ക് വേണ്ടി സംസ്ഥാനത്തെ പോപ് - അപ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് 32,000 ഡോസ് മൊഡേണ അധികമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 1,043 പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരിച്ച 11 പേരിൽ 10 പേർ വാക്‌സിൻ സ്വീകരിച്ചിരുന്നില്ല എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു. 40 നും 90 വയസിനും ഇടയിലുള്ള അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരുമാണ് മരിച്ചത്.
അതെ സമയം ന്യൂ സൗത്ത് വെയിൽസിൽ പലയിടങ്ങളിലും മലിനജല സാമ്പിളുകളിൽ കൊവിഡിന്റെ അംശം കണ്ടെത്തിയതായി മുന്നറിയിപ്പുണ്ട്.
പടിഞ്ഞാറൻ NSW ലെ ലൈറ്റ്നിംഗ് റിഡ്ജ്, തെക്കൻ NSW ലെ ജിൻഡാബൈൻ, സതേൺ ടേബിൾലാൻഡിലെ ക്രൂക്ക് വെൽ, വടക്കൻ NSW ലെ സൗത്ത് ലിസ്മോർ എന്നിവടങ്ങിലെ മലിനജല സാമ്പിളുകളിൽ കൊറോണവൈറസിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 19 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു.
രണ്ട് ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ഒരു നഴ്സും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. കാൻബറയിലെ കാൽവരി ഹെയ്ഡൻ റിട്ടയർമെ ന്റ് കമ്മ്യുണിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ടെറിട്ടറിയിൽ നിലവിൽ 450 കൊവിഡ് കേസുകൾ സജീവമായുണ്ട്.