റിവഞ്ജ് പോൺ അഥവാ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അനുവാദമില്ലാതെ വ്യക്തികളുടെ അശ്ലീലവും സ്വകാര്യവുമായ ചിത്രങ്ങളും വിഡിയോകളും ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി മാൽകം ടേൺബുൾ ആണ് ഇത് സംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്.
ഇ-സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ആദ്യ നടപടിയുടെ ഭാഗമായി ഓൺലൈൻ സേഫ്റ്റി വിദഗ്ധ ജൂലി ഇൻമാൻ ഗ്രാന്റിനെ ഇ- സേഫ്റ്റി കമ്മീഷണർ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു ടേൺബുൾ.
സൈബർ സുരക്ഷ ഉപദേശക അലസ്റ്റർ മാക്ഗിബ്ബണുമായി ചേർന്നാവും ജൂലിയയുടെ പ്രവർത്തനം.
റിവെന്ജ് പോൺ തടയാനായി പുതിയ റിപ്പോർട്ടിങ് ടൂൾ വികസിപ്പിക്കുക എന്നതാണ് ജൂലിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആദ്യ നടപടി. ഇതിലൂടെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്കു ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ പരാതി അറിയിക്കാനുള്ള അവസരം ലഭിക്കും. ഇതുവഴി ഇവരെ സഹായിക്കാൻ അധികൃതർക്ക് സാധിക്കുകയും ചെയ്യും.
ഈ നടപടി സ്ത്രീ സമൂഹത്തിന്റെ വിജയമാണെന്നും, സ്ത്രീകൾക്ക് ഇതൊരു ആശ്വാസമാകുമെന്നും മന്ത്രി
മിക്കലിയ ക്യാഷ് ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ അനുവാദമില്ലാതെ വ്യക്തികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നത് നിലവിൽ വിക്ടോറിയയിലെ സൗത്ത് ഓസ്‌ട്രേലിയയിലും രണ്ടു വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.