വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആസ്ട്രസെനക്ക വാക്സിനെടുത്ത ഒരു സ്ത്രീക്കാണ് രക്തം കട്ടപിടിച്ചതായി സ്ഥിരീകരിച്ചത്.
40 വയസിനുമേൽ പ്രായമുള്ള സ്ത്രീയാണ് ഇത്.
രക്തക്കുഴലുകളിൽ രക്തം കട്ട പിടിച്ചതായും, പ്ലേറ്റ്ലെറ്റ് എണ്ണം കുറഞ്ഞതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടനിലും യൂറോപ്യൻ യൂണിയനിലും ആസ്ട്രസെനക്ക വാക്സിനെടുത്തതിൽ ചിലർക്ക് കണ്ടെത്തിയ അതേ പാർശ്വഫലങ്ങളാണ് ഇത്. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (TTS) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഈ സ്ത്രീ ആശുപത്രിയിൽ തുടരുകയാണ്.
TGAയെ വാക്സിൻ വിഷയങ്ങളിൽ ഉപദേശിക്കുന്ന വാക്സിൻ ഉപദേശക സമിതിയാണ് (VSIG) ഇത് ആസ്ട്രസെനക്കയുടെ പാർശ്വഫലം തന്നെയാകാമെന്ന് സ്ഥിരീകരിച്ചത്.
വാക്സിനേഷനു ശേഷം രക്തം കട്ടപിടിക്കുന്ന ഓസ്ട്രേലിയയിലെ രണ്ടാമത്തെ കേസാണ് ഇത്.
കഴിഞ്ഞ മാസം മെൽബണിൽ 44 വയസുള്ള ഒരു പുരുഷന് ആസ്ട്രസെനക്ക വാക്സിനെടുത്ത ശേഷം രക്തം കട്ടപിടിച്ചിരുന്നു.
എന്നാൽ ലക്ഷക്കണക്കിന് പേർക്ക് വാക്സിനെടുക്കുമ്പോൾ മാത്രമാണ് അതിൽ ഒരാൾക്ക് ഈ പാർശ്വഫലം കാണുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇതുവരെ ഏഴു ലക്ഷത്തോളം ഡോസ് ആസ്ട്രസെനക്ക വാക്സിൻ നൽകിയിട്ടുണ്ട്. അതിലാണ് രണ്ടു പേർക്ക് ഈ പാർശ്വഫലം കണ്ടെത്തിയത്.
അതായത്, മൂന്നര ലക്ഷം പേർക്ക് വാക്സിൻ നൽകുമ്പോൾ അതിൽ ഒരാൾക്ക് പാർശ്വഫലമുണ്ടാകുന്നു എന്നാണ് ഇതുവരെയുള്ള കണക്ക് .
ബ്രിട്ടനിൽ രണ്ടര ലക്ഷം പേരിൽ ഒരാൾക്ക് രക്തം കട്ടപിടിക്കുന്നു എന്നായിരുന്നു കണക്കുകൾ പുറത്തുവന്നത്.
ഇതിനകം ആസ്ട്രസെനക്ക വാക്സിനെടുത്തവർ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
മാറാത്ത കടുത്ത തലവേദന, കാഴ്ചക്കുറവ്, ശ്വാസതടസ്സം, നെഞ്ചുവേദന, കാൽവീക്കം, വയറ്റുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടോ എന്നാണ് നിരീക്ഷിക്കേണ്ടത്.
കുത്തിവയ്പ്പെടുത്തതിന് ചുറ്റും വട്ടത്തിലുള്ള പാടുകളുണ്ടോ എന്നും നിരീക്ഷിക്കണം.
ജോൺസൻ & ജോൺസൻ വാക്സിന് അനുമതിയില്ല
പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ജോൺസൻ ആന്റ് ജോൺസന്റെ ജാൻസൻ വാക്സിന് ഓസ്ട്രേലിയയിൽ ഇപ്പോൾ അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി, ഒറ്റ ഡോസ് മാത്രം മതിയാകുന്ന വാക്സിനാണ് ഇത്.

എന്നാൽ ആസ്ട്രസെനക്ക വാക്സിനുപയോഗിക്കുന്ന അതേ വാക്സിൻ നിർമ്മാണരീതിയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
അഡെനോവൈറസ് വാക്സിൻ എന്നറിയപ്പെടുന്ന ഈ രീതി കണക്കിലെടുത്താണ് ജോൺസൻ ആന്റ് ജോൺസന്റെ വാക്സിൻ ഇപ്പോൾ വാങ്ങേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചത്.

