1970കളില്‍ ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടര്‍ മേഖലയില്‍ സഭാ സ്ഥാപനങ്ങളില്‍ നടന്ന ബാലപീഡനം മറച്ചുവച്ചു എന്ന കുറ്റമാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സനെതിരെ ചുമത്തിയിരുന്നത്. ഇവിടെ വൈദികനായിരുന്ന ജിം ഫ്‌ളെച്ചര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ മറച്ചു വച്ചു എന്നാണ് ആരോപണം.
പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല എന്നായിരുന്നു 67കാരനായ ഫിലിപ്പ് വില്‍സന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ന്യൂ സൗത്ത് വെയില്‍സ് മജിസ്‌ട്രേറ്റ് റോബര്‍ട്ട് സ്‌റ്റോണ്‍ ആര്‍ച്ച് ബിഷപ്പിനെ കുറ്റക്കാരന്‍ എന്നു വിധിച്ചത്.
ഓസ്‌ട്രേലിയയില്‍ ബാല ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ വൈദികനാണ് ആര്‍ച്ച് ബിഷപ്പ് വില്‍സന്‍.
തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ കണ്ണീരുമായാണ് പീഡനത്തിനിരയായവരും ബന്ധുക്കളും കോടതിയുടെ വിധിപ്രസ്താവം കേട്ടത്. രാജ്യത്തെ ക്രിമിനല്‍ നിയമത്തിലെ ഏറ്റവും പ്രധാന ദിവസമാണ് ഇതെന്ന് പീഡനത്തിന് ഇരയായവര്‍ പറഞ്ഞു.

Victim Peter Creigh embraces family members outside the Newcastle Court in Newcastle, Tuesday, May 22, 2018. Source: AAP
ജയില്‍ശിക്ഷ വേണമെന്ന് വാദം
ആര്‍ച്ച് ബിഷപ്പിന്റെ ശിക്ഷാ വിധി തീരുമാനിക്കുന്നതിനുള്ള വാദം ജൂണ്‍ 19ന് നടക്കും. രണ്ടു വര്‍ഷം ജയില്‍ ശിക്ഷയാണ് ഈ കേസില്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ.
പ്രതിക്ക് തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിട്ടുണ്ട്.
മാറിനില്‍ക്കും; രാജിവയ്ക്കുന്നില്ല
കോടതി വിധി വന്നതോടെ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് വില്‍സന്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ രാജി വയ്ക്കുന്നില്ലെന്നും, ആവശ്യമായി വന്നാല്‍ മാത്രമേ രാജി വയ്ക്കൂവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.