കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും വേണ്ടത് കെട്ടിക്കിടക്കുന്ന വെള്ളമാണ്. ഒപ്പം ചൂടുള്ള കാലാവസ്ഥയും.
ഈ വർഷം ഈ രണ്ടു ഘടകങ്ങളും ഓസ്ട്രേലിയയിൽ പതിവിലുമേറെയുണ്ട്.
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ ലാ നിന സീസണാണ് ഓസ്ട്രേലിയയിൽ ഇപ്പോഴുള്ളത്.
പല പ്രദേശങ്ങളിലും പേമാരിയും വെള്ളപ്പൊക്കവും തുടർച്ചയായതോടെ, കൊതുകുകളുടെ എണ്ണവും വർദ്ധിക്കുന്നു എന്നാണ് മുന്നറിയിപ്പ്.
ഈ വേനൽക്കാലം മുഴുവൻ കൊതുകുകളുടെ എണ്ണം കൂടുതലായിരിക്കും എന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. കാമറൂൺ വെബ് പറഞ്ഞു.

കൊതുക് പടർത്തുന്ന രോഗങ്ങളും കൂടുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിലരോട് കൊതുകിന് ഇഷ്ടം കൂടുതൽ...
കൊതുകുള്ള പ്രദേശത്ത് ഒട്ടേറെ പേർ ഒരുമിച്ചുണ്ടായാലും, അതിൽ ചിലർക്ക് മാത്രമാകും കൂടുതൽ കൊതുകുകടിയേൽക്കുക.
ഓരോരുത്തരുടെയും ചർമ്മത്തിന്റെയും ശരീരത്തിന്റെയും പ്രത്യേകത കൊണ്ടാണ് അത്.
ത്വക്കിലെ കാർബോക്സിലിക് ആസിഡ് എന്ന രാസഘടകത്തിന്റെ സാന്നിദ്ധ്യമാണ് കൊതുകുകളെ ആകർഷിക്കുന്നത് എന്നാണ് ന്യൂയോർക്കിലെ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.
ഇവയുടെ ഗന്ധം കൊതുകുകളെ കൂടുതലായി ആകർഷിക്കാറുണ്ട്.
കൊതുകിനെ പ്രതിരോധിക്കാൻ എന്തു ചെയ്യാം?
കൊതുകുകളെ കൂടുതൽ ആകർഷിക്കുന്ന ശരീരമായാലും അല്ലെങ്കിലും, കൊതുകു കടി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. വെബ് ചൂണ്ടിക്കാട്ടി.
ജപ്പാൻ ജ്വരം പോലുള്ള കൊതുകുജന്യരോഗങ്ങൾ രാജ്യത്ത് കൂടുന്ന സാഹചര്യത്തിൽ ഇതിൽ കൂടുതൽ ശ്രദ്ധിക്കണമനെന്നാണ് നിർദ്ദേശം.
കൊതുകുകളെ അകറ്റാൻ നിരവധി റിപ്പെലന്റുകൾ ലഭ്യമാണ്. കൊതുകുകൾ കൂടിയ പ്രദേശത്ത് ഇത് പരമാവധി ഉപയോഗിക്കുക.
റിപ്പലന്റുകൾ ലഭ്യമല്ലെങ്കിൽ, ശരീരം മറയുന്ന രീതിയിലെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് മറ്റൊരു നല്ല മാർഗ്ഗമെന്ന് ഡോ. വെബ് ചൂണ്ടിക്കാട്ടി.

സ്പോർട്സ് വസ്ത്രങ്ങൾ പോലുള്ള ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. ഇറുകിയ വസ്ത്രങ്ങളിലൂടെ കൊതുകിന്റെ കൊമ്പിന് ആഴ്ന്നിറങ്ങാൻ കഴിയുമെന്ന് ഡോ. വെബ് പറഞ്ഞു.
യൂക്കാലിപ്റ്റസ് ഓയിലും, ലാവൻഡർ ഓയിലും ഉപയോഗിച്ച് കൊതുകുകളെ പ്രതിരോധിക്കാനും കഴിയും. എന്നാൽ ഇവയുടെ ഫലം കൂടുതൽ നേരം ഉണ്ടാകില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും, കൊതുകുതിരികൾ ഉപയോഗിക്കാനും ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

