- ആയിരത്തിൽ പരം പൈലറ്റുകൾ പരിശീലനത്തിന് ശേഷമായിരിക്കും വീണ്ടും വിമാനം പറത്തുക
- 90 ദിവസം മാറി നിന്ന ഒരു പൈലറ്റിന് മൂന്ന് മുതൽ ആറു മാസംവരെയുള്ള പരിശീലനം ആവശ്യമായി വരാം
- തിരിച്ചുവരവിനുള്ള തയ്യാറടുപ്പുകളും പരിശീലനവും നടത്തി പൈലറ്റുകൾ സജ്ജമാണെന്ന് ക്വാണ്ടസും വിർജിൻ എയർലൈനും
രാജ്യാന്തര യാത്രകൾക്ക് പുറമെ വാക്‌സിനേഷൻ നിരക്ക് ഉയരുന്നതിനനുസരിച്ച്, അന്തർ സംസ്ഥാന യാത്രകളും തുടങ്ങുമ്പോൾ വ്യോമയാന രംഗത്ത് അമിത സമർദ്ദം നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആയിരം പൈലറ്റുമാരെയെങ്കിലും മഹാമാരി മൂലമുള്ള അടച്ചിടൽ ബാധിച്ചതായും ഇവരെ തിരിച്ച് വ്യോമയാന രംഗത്ത് സജീവമാക്കുന്നതിൽ മാസങ്ങൾ നീണ്ട പരിശീലനം വേണ്ടിവരുമെന്നുമാണ് പ്രൊഫഷണൽ പൈലറ്റ്മാരുടെ യൂണിയനും ഔദ്യോഗിക സംഘടനയുമായ ഓസ്‌ട്രേലിയൻ ഫെഡറേഷൻ ഓഫ് എയർ പൈലറ്റ്സ് (AFAP) പ്രസിഡന്റ് ക്യാപ്റ്റൻ ലൂയിസ് പോൾ ചൂണ്ടിക്കാട്ടിയത്.
ഫ്‌ളൈറ്റ് സിമുലേറ്ററിൽ ആഴ്ചകൾ നീളുന്ന പരിശീലനം പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും പൈലറ്റ് വീണ്ടും വിമാനം പറത്തുകയെന്ന് ക്യാപ്റ്റൻ ലൂയിസ് പോൾ പറഞ്ഞു.
അമേരിക്കയിൽ വേനല്‍ അവധിക്കാലത്ത് കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ പദ്ധതിയിട്ടതിന് പിന്നാലെ അമിത സമ്മർദ്ദം മൂലം ഒട്ടേറെ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വന്ന കാര്യം ക്യാപ്റ്റൻ ലൂയിസ് പോൾ ചൂണ്ടിക്കാട്ടി.
വിദേശ യാത്രകൾ പുനരാരംഭിക്കുമ്പോൾ ഓസ്‌ട്രേലിയയും ഇതേ പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ടെന്ന് ക്യാപ്റ്റൻ മുന്നറിയിപ്പ് നൽകുന്നു.
എയർലൈനുകൾ സജ്‌ജമാണോ?
90 ദിവസത്തിൽ അധികം ജോലിയിൽ നിന്ന് വിട്ട് നിന്ന ഒരു പൈലറ്റിന് എല്ലാ പരിശീലനങ്ങളും പൂർത്തിയാക്കി വീണ്ടും രംഗത്ത് സജീവമാകുന്നതിന് മൂന്ന് മുതൽ ആറു മാസം വരെയെടുക്കാം എന്ന് പേര് വെളിപ്പെടുത്താത്ത ഒരു പൈലറ്റ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
അതെസമയം മഹാമാരിക്ക് മുൻപ് തന്നെ പൈലറ്റ്മാരുടെ കുറവ് ക്വാണ്ടസിനെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മഹാമാരിക്ക് മുൻപ് തന്നെ ആഗോള തലത്തിൽ പൈലറ്റ്മാരുടെ കുറവ് നേരിടാൻ സാധ്യതയുള്ളതായി ബോയിങ്ങും എയർബസും വ്യക്തമാക്കിയിരുന്നതായി ക്യാപ്റ്റൻ ലൂയിസ് പോൾ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുന്നതായും ഇവർ കൂട്ടിച്ചേർത്തു.
അതുകൊണ്ട് അടച്ചിടലിനെ തുടർന്ന് രംഗത്ത് നിന്ന് മാറിനിൽക്കുന്ന ആയിരത്തിൽ പരം പൈലറ്റുമാരുടെ തിരിച്ചുവരവും കൂടുതൽ പൈലറ്റുമാരുടെ പരിശീലനവും ആവശ്യമാണെന്ന് ക്യാപ്റ്റൻ ലൂയിസ് പോൾ പറഞ്ഞു.
വിർജിൻ എയർലൈൻസ്
അതിർത്തി തുറക്കുമ്പോൾ ഒൻപത് 937 വിമാനങ്ങൾ അധികമായി ഇറക്കുമെന്ന് വെർജിൻ ഓസ്‌ട്രേലിയ അറിയിച്ചു. ഇതിന് പുറമെ മുൻപ് ജോലി നഷ്ടമായ130 പൈലറ്റുമാരെ തിരിച്ചുവിളിക്കാൻ ഉദ്ദേശിക്കുന്നതായും എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു.
മറ്റ് രാജ്യങ്ങളിൽ വിമാന യാത്രകൾ പുനരാരംഭിച്ചപ്പോൾ നേരിട്ട പ്രതിസന്ധികൾ വിലയിരുത്തിയതിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി പൈലറ്റുമാരുടെ പരിശീലനം നടത്തിവരുന്നതായി എയർലൈൻ ചൂണ്ടിക്കാട്ടി. യാത്രകൾ സാധ്യമാകുമ്പോൾ പൈലറ്റുകൾ തയ്യാറായിരിക്കുമെന്ന് ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും വ്യക്തമാക്കി.
ക്വാണ്ടസ്
പൈലറ്റുകൾക്ക് വേണ്ടിയുള്ള പരിശീലന പദ്ധതി നവീകരിക്കണമെന്ന് മഹാമാരിക്ക് മുൻപ് തന്നെ തീരുമാനിച്ചിരുന്നതായി ക്വാണ്ടസ് പ്രസ്താവനയിലൂടെ അറിയിച്ചു.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ക്വാണ്ടസ് നടപ്പിലാക്കിവരുന്ന പദ്ധതിയും പരിശീലനവും വീണ്ടും തൊഴിലിൽ പ്രവേശിക്കാൻ ആത്മവിശ്വാസം നൽകുന്നതായി 95 ശതമാനം പൈലറ്റുകളും വ്യക്തമാക്കിയതായി ക്വാണ്ടസ് പറഞ്ഞു.
ദൈർഘ്യമേറിയ രാജ്യാന്തര യാത്രകൾ നടത്തിയിരുന്ന A 380 പോലുള്ള വിമാനങ്ങളിലെ പൈലറ്റുകൾക്ക് ആതമവിശ്വാസവും കഴിവുകളും കാത്തുസൂക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നതായും ക്വാണ്ടസ് വ്യക്തമാക്കി.
അതെസമയം മഹാമാരി മൂലം ജോലി നഷ്ടമായ പൈലറ്റുകളുടെ പരിശീലനം തുടരുന്നതിനും അംഗീകാരം നിലനിർത്തുന്നതിനുമായി ഫെഡറൽ സർക്കാരിനോട് ഫണ്ടിംഗ് ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല എന്ന് AFAP ചൂണ്ടിക്കാട്ടി.
എന്നാൽ മഹാമാരിയുടെ സമയത്ത് വ്യോമയാന രംഗത്തെ സഹായിക്കാൻ ഫെഡറൽ സർക്കാർ 5.1 ബില്യൺ ഡോളർ നൽകിയതായി ഉപ പ്രധാനമന്ത്രി ബാർണബി ജോയ്‌സ്ന്റെ വക്താവ് അറിയിച്ചു. തൊഴിലാളികളുടെ തിരിച്ചു വരവും ഈ സാമ്പത്തിക പാക്കേജിന്റെ ഭാഗമായിരുന്നുവെന്ന് വക്താവ് അറിയിച്ചു. എന്നാൽ തൊഴിലാളികളുടെ കാര്യത്തിലുള്ള തീരുമാനം എടുക്കേണ്ടത് എയർലൈനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.